Capturing Business 360°

ഫേസ്‌ ബുക്ക്‌ `ലൈക്കില്‍’ നസ്‌റിയ താരറാണി

2 മില്യന്‍ ക്ലബിലെ ഏക മലയാളി
മമ്മൂട്ടിക്കും, മോഹന്‍ലാലിനും, മഞ്‌ജു വാര്യര്‍ക്കും മുകളില്‍

ചെന്നൈ : ലൈക്കുകള്‍ 2 ലക്ഷം കവിഞ്ഞു. തെന്നിന്ത്യന്‍ സിനിമയിലെ മലയാളി യുവനായിക നസ്‌റിയ ഫേസ്‌ ബുക്ക്‌ ലൈക്കിലെ മേധാവിത്വം തുടരുന്നു. വണ്‍ മില്യണ്‍ ക്ലബില്‍ രണ്ടു മാസം മുമ്പ്‌ സ്ഥാനം പിടിച്ച നസ്‌റിയ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കഴിഞ്ഞ മാസം മറികടന്നിരുന്നു. ഫേസ്‌ ബുക്കിലെ ഏറ്റവും ജനപ്രീതിയുള്ള മലയാളി എന്ന പദവിയാണ്‌ ഇപ്പോള്‍ നസ്‌റിയക്കുള്ളത്‌. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരിലൊരാളായ നയന്‍താരയുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലാണ്‌ നസ്‌റിയയെ ഇത്ര ജനപ്രിയയാക്കിയത്‌. മഞ്‌ജു വാര്യരുടെ തിരിച്ചുവരവിന്‌ പോലും കിട്ടാത്ത സ്വീകാര്യതയാണ്‌ ഒറ്റയടിക്ക്‌ ഈ യുവതാരത്തിന്‌ ലഭിച്ചത്‌. തന്റെ സമ്മതമില്ലാതെ ചില ഭാഗങ്ങള്‍ നയ്യാണ്ടി എന്ന സിനിമയില്‍ ചേര്‍ത്തതിന്റെ പേരിലാണ്‌ നസ്‌റിയ സംവിധായകനെതിരെ പ്രതികരിച്ചത്‌. വിഷയത്തില്‍ അഭിപ്രായം പറഞ്ഞ നയന്‍താര നസ്‌റിയയെ കുറ്റപ്പെടുത്തി. നസ്‌റിയ ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുകയും ചെയ്‌തു. ഈ പ്രതികരണമാണ്‌ നസ്‌റിയയെ ഫേസ്‌ ബുക്കിലെ താര കുമാരിയാക്കിയത്‌. നസ്‌റിയക്ക്‌ 21 ലക്ഷം ലൈക്കുകളാണുള്ളത്‌. മോഹന്‍ലാല്‍ 14 ലക്ഷം, മമ്മൂട്ടി 12 ലക്ഷം, മഞ്‌ജു വാര്യര്‍ 10 ലക്ഷം, ദുല്‍ക്കര്‍ സല്‍മാന്‍ 10 ലക്ഷം, പൃഥ്വിരാജ്‌ 8.3 ലക്ഷം, ഫഹദ്‌ ഫാസില്‍ 7.63 ലക്ഷം, റിമ 7.65 ലക്ഷം എന്നിങ്ങനെയാണ്‌ ഫേസ്‌ ബുക്കിലെ ആരാധക പിന്തുണ. ഒന്നിലധികം ഫേസ്‌ ബുക്ക്‌ പേജുകള്‍ ചില താരങ്ങള്‍ക്കുണ്ട്‌. ഇത്‌ ഒരുമിച്ചു ചേര്‍ത്താന്‍ ലൈക്കുകള്‍ ഇനിയും കൂടാം. നസ്‌റിയ നസിം തന്റെ ഫേസ്‌ ബുക്ക്‌ പേജുകള്‍ ഒരുമിച്ചു ചേര്‍ത്താണ്‌ ഈ മുന്നേറ്റം നടത്തിയത്‌.
വണ്‍ മില്യണ്‍ ക്ലബ്ബില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മറികടന്നതോടെ നസ്‌റിയക്കെതിരെ സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകര്‍ തിരിഞ്ഞിരുന്നു. വ്യാജ അക്കൗണ്ടുകളുണ്ടാക്കി എതിര്‍ പ്രചാരണവും തുടങ്ങി.