Capturing Business 360°

പോളി മെഡിക്യൂര്‍ കേരള വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

എല്ലാ കോര്‍പറേറ്റ്‌ ആശുപത്രികളിലും ഗ്രാമങ്ങളിലും സാന്നിദ്ധ്യമുണ്ടാകും

കൊച്ചി: പോളിമെഡ്‌ എന്ന ബ്രാന്‍ഡിലൂടെ മെഡിക്കല്‍ ഉപകരണ നിര്‍മാണ രംഗത്ത്‌ പ്രശസ്‌തരായ പോളി മെഡിക്യൂര്‍ ലിമിറ്റഡ്‌ കേരള വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കമ്പനിക്ക്‌ 40 ശതമാനം വളര്‍ച്ച നേടികൊടുത്ത ആഭ്യന്തര വിപണി വിപുലമാക്കുന്നതിന്റെ ഭാഗമാണിത്‌. എല്ലാ കോര്‍പറേറ്റ്‌ ആശുപത്രികളിലും കേരളത്തിലെ ഗ്രാമങ്ങളിലേക്കും പോളിമെഡിന്റെ സാന്നിദ്ധ്യം എത്തിക്കുകയുമാണ്‌ കമ്പനിയുടെ ലക്ഷ്യം. രക്ത പരിപാലനം/ഇന്‍ഫ്യൂഷന്‍ ഉപകരണ ഡിവിഷന്‍/ ശസ്‌ത്രക്രിയയ്‌ക്കും മുറിവു പരിചരിക്കുന്നതിനുമുള്ള ഡിവിഷന്‍/ തീവ്ര പരിചരണ ഡിവിഷന്‍ തുടങ്ങിയവ ആരംഭിക്കുന്നതിനും പോളിമെഡിന്‌ പദ്ധതിയുണ്ട്‌. 2014-15 സാമ്പത്തിക വര്‍ഷം കമ്പനി 30 പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയില്‍ എത്തിക്കും. അനസ്‌തേഷ്യ-ഹീമോ ഡയാലിസിസ്‌ ഫീല്‍ഡിലായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമത, വില്‍പ്പനയിലെ വര്‍ധന, മെച്ചപ്പെട്ട വര്‍ക്കിങ്‌ കാപിറ്റല്‍ മാനേജ്‌മെന്റ്‌ തുടങ്ങിയവയിലാണ്‌ പോളിമെഡിന്റെ വിജയമെന്ന്‌ പോളി മെഡിക്യൂര്‍ എവിപി ഹെമന്ത്‌ ഭാലിയ പറഞ്ഞു. 2014-15, 2015-16 വര്‍ഷത്തേക്ക്‌ പുതിയ ഉല്‍പ്പന്നങ്ങളുടെ വികസനത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമായി 75 കോടി രൂപയുടെ ബജറ്റാണ്‌ കമ്പനി തയ്യാറാക്കിയിരിക്കുന്നതെന്നും അദേഹം അറിയിച്ചു.2012-13 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ പാറ്റന്റ്‌ ഫയല്‍ ചെയ്‌തതിന്‌ പോളിമെഡിന്‌ ഫാര്‍മെക്‌സില്‍ അവാര്‍ഡും ലഭിച്ചു. പ്ലാസ്റ്റിക്‌ മെഡിക്കല്‍ ഡിസ്‌പോസബിള്‍ വിഭാഗത്തില്‍ പ്ലെക്‌സ്‌ കൗണ്‍സിലിന്റെ കയറ്റുമതിക്കുള്ള അവാര്‍ഡ്‌ 2011-12, 12-13 വര്‍ഷങ്ങളില്‍ കമ്പനി സ്വന്തമാക്കി. മെഡിക്കല്‍ ഉപകരണ രംഗത്തെ പ്രമുഖ കമ്പനിയായ പോളിമെഡിന്റെ വിറ്റുവരവ്‌ 300 കോടിയിലധികമാണ്‌. മുംബൈ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. നിലവില്‍ വിവിധ വിഭാഗങ്ങളിലായി 75ലധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്‌. 90ലധികം രാജ്യങ്ങളിലേക്ക്‌ കയറ്റുമതിയും ചെയ്യുന്നു. 2000 ത്തോളം ജീവനക്കാരുള്ള പോളിമെഡ്‌ അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ വര്‍ഷത്തില്‍ 25 ശതമാനം വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌.