Capturing Business 360°

പുതിയ ഗ്രൂപ്പ് ഭവന പദ്ധതിയുമായി ഇപിഎഫ്ഒ

ഇനി ഇപിഎഫ്ഒയിലെ ഫണ്ടിന് വീട് വാങ്ങാം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ (ഇപിഎഫ്ഒ) ഫണ്ട് ഉപയോഗിച്ച് ഇനി വീട് വാങ്ങാം. ഇതിനായി ഗ്രൂപ്പ് ഭവന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഇപിഎഫ്ഒ . ഇനി മുതല്‍ ഭവന നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനായി ഇപിഎഫ്ഒയില്‍ നിക്ഷേപിച്ചിട്ടുള്ള മൊത്തം തുകയുടെ 90 ശതമാനം വരെ പിന്‍ വലിക്കാന്‍ അനുവദിക്കും.സര്‍ക്കാര്‍ ഇതര ഭവന പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനു വേണ്ടിയും ഇപിഎഫ്ഒയിലെ ഫണ്ട് ഉപയോഗിക്കാം. നിലവിലെ പദ്ധതി സര്‍ക്കാര്‍ ഭവന പദ്ധതികളിലും പ്രഖ്യാപിത പദ്ധതികളിലും മാത്രമെ നിക്ഷേപം നടത്താന്‍ അനുവദിക്കു. സര്‍ക്കാരിന്റെ എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതിയുമായി ചേര്‍ന്നു വരുന്ന പുതിയ സ്‌കീം പ്രകാരം ഉപഭോക്താക്കള്‍ക്ക് പ്രധാന മന്ത്രി ആവാസ് യോജനയുടെ കീഴില്‍ സബ്‌സിഡി നിരക്കില്‍ വായ്പ ലഭ്യമാക്കും.

നഗര പ്രദേശങ്ങളില്‍ 5-10 പദ്ധതികളും അര്‍ധ നഗര പ്രദേശങ്ങളില്‍ 2-3 പദ്ധതികളും ആണ് ഇപിഎഫ്ഒ തുടക്കത്തില്‍ ലക്ഷ്യമിടുന്നത്.പുതിയ പദ്ധതി പ്രകാരം കുറഞ്ഞത് പത്ത് പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പിന് രൂപം നല്‍കുകയും ഒരുമിച്ച് പൊതു , സ്വകാര്യ കെട്ടിട നിര്‍മാതാക്കളില്‍ നിന്നും വീടുകള്‍ വാങ്ങുകയും ചെയ്യാം. പദ്ധതിയില്‍ ചേരുന്നതിന് അംഗങ്ങള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രോവിഡന്റ് ഫണ്ട് തുകയുടെ 90 ശതമാനം അല്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക, ഇതില്‍ ഏതാണോ കുറവ് അത് ലഭ്യമാക്കും. വായ്പ പൂര്‍ണ്ണമായോ ഭാഗികമായോ മാസം തോറും തുല്യ തുക ( ഇഎംഐ) ആയി അടയ്ക്കാം.ഒരു അംഗം പുറത്തു പോവുകയോ ഇഎംഐ അടയ്ക്കാനുള്ള തുക പര്യപ്തമല്ലാതെ വരികയോ ചെയ്താല്‍ ഇപിഎഫ്ഒ്ക്ക് ഉത്തരവാദിത്തം ഉണ്ടാവില്ല.അനുവദിക്കുന്ന തുക ആവശ്യമുള്ളതിലും കൂടുതലാണെങ്കില്‍ അംഗങ്ങള്‍ അധികമുള്ള തുക ഏറ്റെടുക്കല്‍ തീരുമാനിച്ചതിന് ശേഷം അല്ലെങ്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം 30 ദിവസത്തിനകം തിരിച്ചടയ്ക്കണം.