Capturing Business 360°

പാര്‍ട്‌ണര്‍ കേരള സംഗമം

നഗര വികസനത്തിന്‌ 2000 കോടിയുടെ പദ്ധതികള്‍

കൊച്ചി: സംസ്ഥാനത്തെ നഗരപ്രദേശങ്ങളുടെ വികസനത്തിന്‌ 2000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതികള്‍ കൊച്ചിയില്‍ നടക്കുന്ന പാര്‍ട്‌ണര്‍ കേരള സംഗമം പരിഗണിക്കുമെന്ന്‌ നഗരകാര്യ മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി അറിയിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസിപ്പിക്കുന്നതിന്‌ നൂറിലേറെ പദ്ധതികളാണ്‌ വിവിധ നഗരസഭകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 19, 20 തീയതികളില്‍ കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്‌ പാര്‍ട്‌ണര്‍ കേരള നിക്ഷേപകസംഗമം നടക്കുന്നത്‌.
അതിവേഗം വികസിക്കുന്ന നഗരങ്ങളില്‍ അതേ വേഗതയില്‍ അടിസ്ഥാനസൗകര്യവികസനമൊരുക്കാന്‍ പണമില്ലാത്ത സാഹചര്യം ഒഴിവാക്കാനാണ്‌ ഈ സംഗമം സംഘടിപ്പിക്കുന്നതെന്ന്‌ ശ്രീ മഞ്ഞളാംകുഴി അലി പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള ഒട്ടേറെ പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കപ്പെടുന്ന സംഗമത്തില്‍ കേരളത്തിനുള്ളില്‍ നിന്നു മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തുമുള്ള നൂറിലേറെ നിക്ഷേപകരും പങ്കെടുക്കും.
മാലിന്യസംസ്‌കരണം, മലിനജല നിര്‍മാര്‍ജ്ജനം, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, പാര്‍ക്കിംഗ്‌ കേന്ദ്രങ്ങള്‍, ബസ്‌ സ്റ്റേഷനുകള്‍, കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍, പൊതുചന്തകള്‍, ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മള്‍ട്ടിപ്ലക്‌സ്‌ സിനിമാ തിയേറ്ററുകള്‍, അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍, പാര്‍ക്കുകള്‍, നഗരസൗന്ദര്യവല്‍ക്കരണം, തെരുവുവിളക്കുകളും ഹോര്‍ഡിംഗുകളും എല്ലാം പദ്ധതികളില്‍ ഉള്‍പ്പെടും. ഓരോ നഗരത്തിന്റെയും ഭൂമിശാസ്‌ത്രത്തിനും ജനസംഖ്യക്കും രൂപത്തിനും അനുയോജ്യമായ പദ്ധതികളാണ്‌ സംഗമത്തില്‍ അവതരിപ്പിക്കുകയെന്ന്‌ അദ്ദേഹം പറഞ്ഞു.
700 കോടിയുടെ തൃശൂര്‍ ശക്തന്‍ നഗര്‍ പദ്ധതി, മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ 233.38 കോടി രൂപ ചെലവു കണക്കാക്കുന്ന ബഹുനില കാര്‍ പാര്‍ക്കിംഗ്‌ കോംപ്ലക്‌സോടു കൂടിയ ബസ്‌ സ്‌റ്റാന്‍ഡ്‌ കം മാര്‍ക്കറ്റ്‌, 113 കോടിയുടെ കണ്ണൂര്‍ മുനിസിപ്പല്‍ മാള്‍ തുടങ്ങിയവ പദ്ധതികളില്‍ ചിലതാണ്‌. 865.6 കോടിയുടെ കോഴിക്കോട്‌ വികസന അഥോറിറ്റിയുടെ പാളയം പുനര്‍വികസന പദ്ധതി, 750 കോടിയുടെ ബിഗ്‌ ബസാര്‍ ഏരിയ വികസനപദ്ധതി, തിരുവനന്തപുരം വികസന അഥോറിറ്റി നിര്‍ദ്ദേശിച്ച ചാല, പാളയം മാര്‍ക്കറ്റ്‌ നവീകരണ പദ്ധതി, കൊല്ലം നഗരത്തിലെ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌, 182 കോടിയുടെ വിശാല കൊച്ചി വികസന അഥോറിറ്റി നിര്‍ദ്ദേശിച്ച മണപ്പാട്ടിപറമ്പിലെ ഷോപ്പിംഗ്‌ മാള്‍ തുടങ്ങിയവുംസംഗമത്തില്‍ പരിഗണിക്കും.
നഗരവികസന പദ്ധതികളില്‍ വിദേശത്തുള്ളവരോടൊപ്പം തന്നെ ആഭ്യന്തര നിക്ഷേപകരുടെ പങ്കാളിത്തവും ഉറപ്പാക്കാനാണ്‌ റോഡ്‌ ഷോയും സംഘടിപ്പിക്കുന്നുണ്ട്‌. സംഗമത്തിലും റോഡ്‌ ഷോയിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്ക്‌ ംംം.ുമൃിേലൃസലൃമഹമ.രീാ എന്ന വെബ്‌സൈറ്റ്‌ വഴി സൗജന്യമായി പേര്‌ രജിസ്റ്റര്‍ ചെയ്യാം.
വികേന്ദ്രീകൃതാസൂത്രണത്തിലൂടെ തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിലും വിഭവസമാഹരണത്തിനും കേരളം ഇതിനോടകം മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയായിക്കഴിഞ്ഞു. ആധുനികരീതിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പണമില്ലാത്തതാണ്‌ ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന്‌ മന്ത്രി പറഞ്ഞു.
നഗരസഭകളുടെ ദൈനംദിന ചെലവുകള്‍ക്ക്‌ സര്‍ക്കാര്‍ സഹായം തേടേണ്ട അവസ്ഥ ഇപ്പോഴുണ്ട്‌. പകുതിയിലേറെ നഗരസഭകളും ജീവനക്കാര്‍ക്ക്‌ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബുദ്ധിമുട്ടുകയാണെന്നിരിക്കെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം കണ്ടെത്തുകയെന്നത്‌ മറ്റൊരു വെല്ലുവിളിയാണ്‌. സ്‌കൂളുകളും ആശുപത്രികളും പോലുള്ള അത്യാവശ്യസേവനങ്ങളുടെ ആധുനികവല്‍ക്കരണത്തിനാണ്‌ ഇതുമൂലം പ്രതിസന്ധി നേരിടുന്നത്‌.
ഈ പ്രതിസന്ധിയാണ്‌ നഗരവികസന പദ്ധതികള്‍ക്കായി വിഭവസമാഹരണത്തിന്‌ പൊതു-സ്വകാര്യ പങ്കാളിത്തം തേടാന്‍ നഗരസഭകളെ പ്രേരിപ്പിച്ചത്‌. എമര്‍ജിംഗ്‌ കേരളയുടെ പാത പിന്തുടര്‍ന്ന്‌ സംസ്ഥാന നഗരവികസന വകുപ്പ്‌ നടത്തുന്ന ഈ സംഗമത്തിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ്‌ നഗരവികസന വകുപ്പ്‌ കരുതുന്നത്‌.
കഴിഞ്ഞ മൂന്നുമാസത്തോളമായി ഓരോ നഗരസഭകളും സംഗമത്തില്‍ അവതരിപ്പിക്കുന്നതിനായി ആവശ്യവും അനുയോജ്യവുമായ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുകയായിരുന്നു. ഇതിന്‌ നഗരസഭകളെ സഹായിക്കാന്‍ കഴിയുന്ന വിദഗ്‌ദ്ധരുടെ ലിസ്‌റ്റ്‌ നഗര വികസന വകുപ്പ്‌ പ്രസിദ്ധീകരിച്ചിരുന്നു. പൊതുജനസ്വീകാര്യത ഉള്ള പദ്ധതികളാണ്‌ അവതരിപ്പിക്കുന്നതെന്ന്‌ ഉറപ്പു വരുത്തേണ്ട ബാധ്യത അതത്‌ നഗരസഭകള്‍ക്കായിരിക്കും. നഗരവികസനത്തിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കലിലും ഇപ്പോഴത്തെ മോശം അവസ്ഥ പരിഹരിക്കാനും കരുത്തോടെ മുന്നോട്ടുപോകാനും പാര്‍ട്‌ണര്‍ കേരള സംഗമത്തിലൂടെ സാധിക്കുമെന്നാണ്‌ കരുതുന്നത്‌.
കൊച്ചി മേയര്‍ ശ്രീ ടോണി ചമ്മിണി, ഡെപ്യുട്ടി മേയര്‍ ശ്രീമതി ബി ഭദ്ര, നഗരവികസന ഡയറക്ടര്‍ ശ്രീ ഇ. ദേവദാസന്‍, പാര്‍ട്‌ണര്‍ കേരള സംഗമത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ ശ്രീ കബീര്‍ സി. ഹാരൂണ്‍ എന്നവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.