Capturing Business 360°

പാര്‍ട്‌ണര്‍ കേരള ലക്ഷ്യമിടുന്നത്‌ പ്രാദേശിക നിക്ഷേപകരെ: മന്ത്രി മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: പ്രാദേശിക സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാഗ്രഹിക്കുകയും സ്വന്തം നാടിന്റെ വികസനം ആഗ്രഹിക്കുകയും ചെയ്യുന്ന പ്രാദേശിക നിക്ഷേപകരെ ലക്ഷ്യമിട്ടാണ്‌ പാര്‍ട്‌ണര്‍ കേരള നഗരവികസന സംഗമം സംഘടിപ്പിക്കുന്നതെന്ന്‌ സംസ്ഥാന നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഫെബ്രുവരി 24, 25 തിയതികളില്‍ കൊച്ചി താജ്‌ ഗേറ്റ്‌വേയില്‍ നടക്കുന്ന സംഗമത്തിനു മുന്നോടിയായി തലസ്ഥാനത്തു നടത്തിയ റോഡ്‌ഷോയില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.
അവരവരുടെ സ്ഥലങ്ങളില്‍ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന അനവധി കമ്പനികളും പ്രാദേശിക വ്യവസായികളും സംരംഭകരും വിദേശമലയാളികളും കേരളത്തിലുണ്ട്‌. വിദേശ നിക്ഷേപകരിലുപരിയായി അത്തരക്കാരെയാണ്‌ പാര്‍ട്‌ണര്‍ കേരള ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. കേരളത്തില്‍ 60 മുനിസിപ്പാലിറ്റികളും അഞ്ചു കോര്‍പ്പറേഷനുകളും അഞ്ചു വികസന അതോറിറ്റികളുമാണുള്ളത്‌. ഇവയ്‌ക്കൊക്കെ സ്വന്തമായി സ്ഥലമുണ്ടെങ്കിലും വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സാമ്പത്തികശേഷിയില്ല. സംസ്ഥാനസര്‍ക്കാരിനെ ആശ്രയിച്ചാണ്‌ ഇവര്‍ ദൈനംദിന ചെലവുകള്‍ പോലും നടത്തുന്നത്‌. ഈ സാഹചര്യത്തിലാണ്‌ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ വരുമാനമുണ്ടാക്കാനാകും വിധത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രമിക്കുന്നതെന്ന്‌ മഞ്ഞളാംകുഴി അലി പറഞ്ഞു.
കേരളത്തിലിപ്പോള്‍ ഗ്രാമീണ മേഖലയില്‍ നിന്ന്‌ നഗരങ്ങളിലേക്ക്‌ വന്‍തോതിലാണ്‌ കുടിയേറ്റം നടക്കുന്നത്‌. അതുകൊണ്ടുതന്നെ വര്‍ധിച്ചുവരുന്ന ജനസാന്ദ്രതയ്‌ക്കനുസരിച്ച്‌ നഗരങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്‌. ഇതിനായി അയ്യായിരം കോടിയോളം രൂപയുടെ പദ്ധതികളാണ്‌ വിവിധ നഗരസഭകളും മറ്റും സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്‌. ഇതിന്റെ പത്തു ശതമാനമെങ്കിലും യാഥാര്‍ഥ്യമായാല്‍ അത്‌ ഭാവിയിലേക്കുള്ള വലിയൊരു തുടക്കമായിരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
തലസ്ഥാനത്തിന്‌ അകത്തും പുറത്തുമുള്ള ഒട്ടേറെ സംരംഭകരും നിക്ഷേപകരും പരിപാടിയില്‍ പങ്കെടുത്തു. തിരുവനന്തപുരം മേയര്‍ അഡ്വ. കെ.ചന്ദ്രിക, ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍, പാര്‍ട്‌ണര്‍ കേരള മീറ്റ്‌ കോഓര്‍ഡിനേറ്റര്‍ കബീര്‍ ബി. ഹാരൂണ്‍, നഗരവികസന ഡയറക്ടര്‍ ഇ.ദേവദാസന്‍, ധനകാര്യ വകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി ഇ.കെ.പ്രകാശ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തയ്യാറാക്കിയ, ചാല ഖരമാലിന്യ സംസ്‌കരണ യൂണിറ്റും കുന്നുകുഴി അറവുശാല വികസനവും ഉള്‍പ്പെടെ ആകെ 68 കോടിയോളം രൂപയുടെ അഞ്ച്‌ പദ്ധതികളെപ്പറ്റിയും തൃശൂര്‍ കോര്‍പ്പറേഷന്റെ ശക്തന്‍ നഗര്‍ വികസന പദ്ധതി ഉള്‍പ്പെടെ 700 കോടിയോളം രൂപയുടെ പദ്ധതികള്‍ റോഡ്‌ഷോയില്‍ വിശദീകരിച്ചു. പാര്‍ട്‌ണര്‍ കേരള സംഗമത്തില്‍ അവതരിപ്പിക്കുന്ന 80 പദ്ധതികളില്‍ പെടുന്നവയാണിവ. കേരളത്തിനകത്തും പുറത്തും വിദേശത്തും നിന്നുമുള്ള നൂറുകണക്കിന്‌ നിക്ഷേപകര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
മാലിന്യസംസ്‌കരണം, മലിനജല നിര്‍മാര്‍ജ്ജനം, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, പാര്‍ക്കിംഗ്‌ കേന്ദ്രങ്ങള്‍, ബസ്‌ സ്റ്റേഷനുകള്‍, കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍, പൊതുചന്തകള്‍, ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മള്‍ട്ടിപ്ലക്‌സ്‌ സിനിമാ തിയേറ്ററുകള്‍, അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍, പാര്‍ക്കുകള്‍, നഗരസൗന്ദര്യവല്‍ക്കരണം, തെരുവുവിളക്കുകളും ഹോര്‍ഡിംഗുകളും എല്ലാം അവതരിപ്പിക്കപ്പെടുന്ന പദ്ധതികളില്‍ ഉള്‍പ്പെടും.