Capturing Business 360°

നോവാസ്കോഷ്യ ബോട്ടിക്ക് ഇനി ഒയോയുടെ ഭാഗം; ‘ഓയോ’യിലൂടെ നിങ്ങള്‍ക്ക് ഇനി അപ്പാര്‍ട്ടുമെന്‍റുകളും ബുക്ക് ചെയ്യാം

ദില്ലി: ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘നോവാസ്കോഷ്യ ബോട്ടിക്ക്’ ഹോംസ് എന്ന സര്‍വ്വീസ് അപ്പാര്‍ട്ടുമെന്‍റ് കമ്ബനിയെ ഒയോ ഏറ്റെടുത്തു. ഇതോടെ, ഇന്ത്യയില്‍ ബജറ്റ് ഹോട്ടല്‍ മുറികള്‍ ലഭ്യമാക്കി ഹോസ്പിറ്റാലിറ്റി ബിസിനസില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ‘ഓയോ’യിലൂടെ ഇനിമുതല്‍ സര്‍വ്വീസ് അപ്പാര്‍ട്ടുമെന്‍റുകളും ലഭ്യമാകും.

ഒരു ഹോട്ടല്‍ മുറി പോലും സ്വന്തമായി ഇല്ലാതെയാണ് ഓയോ ബജറ്റ് റൂം വാടകയ്ക്ക് നല്‍കുന്ന ബിസിനസിലേക്ക് കടന്നത്. എന്നാല്‍ കുറഞ്ഞകാലം കൊണ്ടുതന്നെ ഓണ്‍ലൈനിലൂടെ ഹോട്ടല്‍ മുറി ബുക്കുചെയ്യാവുന്ന ആപ്പുകള്‍ക്കിടയില്‍ ഓയോ താരമായിമാറി. ഇനിമുതല്‍ ഓയോയ്ക്ക് സ്വന്തമായി സര്‍വീസ് അപ്പാര്‍ട്ടുമെന്‍റുകള്‍ ഉണ്ടാവും. ഒരു ദിവസത്തേക്കോ ദീര്‍ഘകാലത്തേക്കോ സര്‍വ്വീസ് അപ്പാര്‍ട്ടുമെന്‍റുകള്‍ ഓയോയിലൂടെ ഇനി ബുക്ക് ചെയ്യുവാൻ സാധിക്കും.

നിലവില്‍ രാജ്യത്തൊട്ടാകെ ഓയോയിലൂടെ 180,000 ഹോട്ടല്‍ മുറികള്‍ ലഭ്യമാണ്. ഇതിനോട് നോവാസ്കോഷ്യ ബോട്ടിക്കിനെക്കൂടി ചേര്‍ത്തതിലൂടെ ഓയോ ഫലത്തില്‍ തങ്ങളുടെ ബിസിനസ്, സര്‍വ്വീസ് അപ്പാര്‍ട്ടുമെന്‍റ് മേഖലയിലേക്ക് കൂടി വിപുലികരിക്കുകയാണ്. നോവാസ്കോഷ്യ ബോട്ടിക്ക് സ്വന്തമായതിലൂടെ ചെന്നൈ, കോയമ്പത്തൂർ‍, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ ഓയോയുടെ സ്വാധീനം പതിന്മടങ്ങാവും. സ്വകാര്യത, സുരക്ഷിതത്വം, വീട്ടിലെ പോലെയുളള അനുഭവം തുടങ്ങിയവയാണ് ഓയോ തങ്ങളുടെ സര്‍വ്വീസ് അപ്പര്‍ട്ടിമെന്‍റുകളിലൂടെ കസ്റ്റമേഴ്‌സിന് വാഗ്ദാനം ചെയ്യുന്നത്. നോവാസ്കോഷ്യ ബോട്ടിക്കിന്‍റെ 350 റൂമുകള്‍ ഇനിമുതല്‍ എക്സ്ക്ലൂസീവ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്ക് ബുക്കുചെയ്യാനാവും.