Don't miss

നിപ്പയില്‍ കൂടുതല്‍ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്നു മരുന്നെത്തും, ജപ്പാനില്‍ നിന്ന് മരുന്നെത്തിക്കാനും നീക്കം തുടങ്ങി

By on June 1, 2018

ന്യൂഏജ് ന്യൂസ്

കോഴിക്കോട്: സംസ്ഥാനത്ത് ഭീതിയൊഴിയാതെ നിപ്പ വൈറസ് ബാധ. നിപ്പ രോഗബാധയെ നേരിടാന്‍ ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ച്‌ കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്ന് വെള്ളിയാഴ്ച രാത്രിയോടെ എത്തിക്കും. അതേസമയം നിപ്പയെ നേരിടാന്‍ ജപ്പാനില്‍ നിന്നും പുതിയ മരുന്ന് കൊണ്ടുവരാനുള്ള ശ്രമവും ആരോഗ്യവകുപ്പ് തുടങ്ങിക്കഴിഞ്ഞു. കോഴിക്കോട് 24 മണിക്കൂറിനുള്ളില്‍ മൂന്നു മരണം കൂടി സംഭവിച്ചതോടെയാണ് ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്ന് ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് ഇന്നു രാത്രി എത്തുന്നത്. 50 ഡോസ് മരുന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും കൊറിയര്‍ മാര്‍ഗം ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കും. ചികിത്സാമാര്‍ഗ രേഖകള്‍ തയാറാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമാകും ഇവ രോഗികള്‍ക്ക് നല്‍കുക. അതേസമയം ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും എത്തിക്കാന്‍ ശ്രമിക്കുന്നത്.

നിപ്പ ബാധയെ തുടര്‍ന്ന് ഇന്നലെ മൂന്നു പേരാണ് മരിച്ചത്. റസിന്‍ എന്ന യുവാവാണ് വ്യാഴാഴ്ച മരിച്ചത്. സാധാരണ പനി ബാധിച്ച്‌ ഇയാള്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിയത്. മൂന്നു ദിവസത്തിനുള്ളില്‍ രോഗം ഭേദമായി ഇയാള്‍ വീട്ടിലെത്തുകയും ചെയ്ത സമയത്ത് നിപ്പ ബാധിച്ച്‌ ഇസ്മയില്‍ ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിനു രോഗം പകര്‍ന്നതെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊടിയത്തൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. നിപ്പ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 17 പേരാണ് മരണമടഞ്ഞത്. 18 പേരിലാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

Follow Us