Capturing Business 360°

തമിഴ്‌നാട്‌ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റ്‌: കൊച്ചിയില്‍ റോഡ്‌ ഷോ നടത്തി

കൊച്ചി: തമിഴ്‌നാട്‌ നടത്തുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റിനു മുന്നോടിയായി കേരളത്തില്‍ നിന്നുള്ള വ്യവസായികളേയും നിക്ഷേപകരേയും ക്ഷണിച്ചു കൊണ്ട്‌ കൊച്ചിയില്‍ റോഡ്‌ ഷോ നടത്തി. വിതരണ ശൃംഖലകളുടെ ശക്തിയും ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ അന്തര്‍ സംസ്ഥാന നെറ്റ്‌വര്‍ക്കിങും, തുറമുഖങ്ങളുടെ കണക്‌ടിവിറ്റിയും അടക്കമുള്ള ഘടകങ്ങളായിരുന്നു നിക്ഷേപകരേയും വ്യവസായികളേയും ആകര്‍ഷിക്കാനായി പ്രധാനമായും ഇവിടെ അവതരിപ്പിച്ചത്‌.
തമിഴ്‌നാട്ടിലെ വിവിധ നിക്ഷേപാവസരങ്ങളെക്കുറിച്ചറിയാനായെത്തിയവരെ ഫിക്കി കേരളാ സംസ്ഥാന കൗണ്‍സില്‍ കോ ചെയര്‍മാനും ലച്ച്‌മണ്‍ ആന്റ്‌ സണ്‍സ്‌ മാനേജിങ്‌ പാര്‍ട്ടണറുമായ ദീപക്‌ എല്‍ അശ്വനി സ്വാഗതം ചെയ്‌തു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ തമിഴ്‌നാടിന്റെ കഴിവുകള്‍ വിലയിരുത്താനും ഇപ്പോള്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്താനും ഇതു വഴിയൊരുക്കുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി നവീനമായ വ്യവസായ ധനസഹായ പദ്ധതികള്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു മണപ്പുറം ഫിനാന്‍സ്‌ ചീഫ്‌ ഫൈനാന്‍സ്‌ ഓഫിസര്‍ കപില്‍ കൃഷ്‌ണന്‍ ചൂണ്ടിക്കാട്ടിയത്‌. തമിഴ്‌നാട്ടിലെ തങ്ങളുടെ ബിസിനസ്‌ 2017 ഓടെ 40 ശതമാനമെങ്കിലും വര്‍ധിക്കുമെന്നാണു കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ തുറമുഖങ്ങള്‍ തമ്മിലുള്ള കണക്‌ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകതയാണ്‌ തമിഴ്‌നാട്‌ ഹൈവേസ്‌ ആന്റ്‌ മൈനര്‍ പോര്‍ട്ട്‌സ്‌ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ്‌ രഞ്‌ജന്‍ ചൂണ്ടിക്കാട്ടിയത്‌. ഇതിനായി റോഡ്‌, റെയില്‍ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ച്‌ കയറ്റുമതി അധിഷ്‌ഠിത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു സംസ്ഥാനങ്ങളിലേയും തീരങ്ങളിലെ സേവനങ്ങളും ഷിപ്പിങ്‌ സാധ്യതകളും തുറമുഖ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ചാണ്‌ എസ്‌.ആര്‍.ഇ.ഐ. ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫിനാന്‍സ്‌ സ്‌പെഷല്‍ ഇക്കണോമിക്‌ സോണിന്റെ പ്രസിഡന്റ്‌ എന്‍. ഈശ്വര റാവു ചൂണ്ടിക്കാട്ടിയത്‌. സംയോജിത നിക്ഷേപങ്ങളും വ്യവസായ ക്ലസ്റ്ററുകളും പ്രയോജനപ്പെടുത്തിയുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു,
രാജ്യത്തെ റബ്ബര്‍ ഉല്‍പ്പാദനത്തിന്റെ 92 ശതമാനവും നല്‍കുന്ന കേരളത്തെക്കുറിച്ചു ചൂണ്ടിക്കാട്ടിയ എം.ആര്‍.എഫ്‌. എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അരുണ്‍ മാമ്മന്‍ ഈ വ്യവസായത്തിന്റെ വിതരണ ശൃംഖലകള്‍ ശക്തമാക്കുന്നതിന്‌ ഇരു സംസ്ഥാനങ്ങള്‍ക്കും വഹിക്കാനുള്ള പങ്കിനെക്കുറിച്ച്‌ വിശദീകരിച്ചു.
ഇരു സംസ്ഥാനങ്ങളിലുമായി സ്ഥായിയായ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കെ.പി. നമ്പൂതിരീസ്‌ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടര്‍ കെ. ഭവദാസന്‍ വിശകലനം ചെയ്‌തു.
യോജിച്ചുള്ള വ്യവസായ, അടിസ്ഥാന സൗകര്യ, സാമ്പത്തിക വികസന സേവനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യോജിച്ചുള്ള പരിപാടികള്‍ തയ്യാറാക്കാന്‍ തമിഴ്‌നാട്‌ വ്യവസായ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി വിജയ്‌ പിങ്കളെ തന്റെ പ്രത്യേക പ്രഭാഷണത്തില്‍ ആഹ്വാനം ചെയ്‌തു. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തായിരിക്കണം ഇതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്‌ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റിനോടനുബന്ധിച്ചുള്ള അടുത്ത റോഡ്‌ ഷോ ജൂലൈ പത്തിന്‌ ജെയ്‌പൂരില്‍ നടക്കും.