Capturing Business 360°

ഡാറ്റാ ചോർച്ചയിൽ കൂടുതൽ വിശദീകരണവുമായി ഫേസ്ബുക്ക്; 9 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർത്തപ്പെട്ടു, ഇതിൽ 5 ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരങ്ങളും

വാഷിങ്ടണ്‍:ഏറെ വിവാദമായ ഡാറ്റാ ചോർച്ച സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി ഫേസ്ബുക്. 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷ്‍റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്. നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങള്‍ കൂടി കേംബ്രിഡ്ജ് അനലറ്റിക ചോര്‍ത്തി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി, വിവാദത്തിന് ശേഷം ഫേസ്ബുക്ക് സ്വീകരിച്ച നടപടികളും ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിനിധി സഭാ സമിതിക്ക് മുന്നില്‍ അടുത്ത ബുധനാഴ്ച ഹാജരാകാമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സകര്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്. ചോർത്തപ്പെട്ടതിൽ അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങളും ഉണ്ടാകാമെന്നാണ് ഫേസ്ബുക്കിന്റെ നിരീക്ഷണം. അമേരിക്കക്കാരുടെ വിവരങ്ങളാണ് കൂടുതലായി കേബ്രിഡ്ജ് അനലിറ്റിക്ക എടുത്തിട്ടുള്ളത്. ഈ പട്ടികയില് ഏഴാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഏഷ്യയില് നിന്നും പട്ടികയിലുള്ള ഏക രാജ്യവും ഇന്ത്യ തന്നെയാണ്.