Capturing Business 360°

ജെംസ്‌ എഡ്യുക്കേഷന്റെ ദക്ഷിണേന്ത്യയിലെ ആദ്യ ക്യാമ്പസ്‌ സ്‌മാര്‍ട്ട്‌സിറ്റിയില്‍ സ്ഥാപിക്കും

കൊച്ചി: കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ 12-ാം ക്ലാസ്‌ വരെയുള്ള അന്താരാഷ്ട്ര കരിക്കുലവുമായി തങ്ങളുടെ ദക്ഷിണേന്ത്യയിലെ ആദ്യ ക്യാമ്പസ്‌ കൊച്ചിയിലെ സ്‌മാര്‍ട്ട്‌സിറ്റിയില്‍ സ്ഥാപിക്കുമെന്ന്‌ പ്രമുഖ ആഗോള വിദ്യാഭ്യാസ സ്ഥാപന ശൃംഖലയായ ജെംസ്‌ എഡ്യുക്കേഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ 26-ന്‌ സ്‌മാര്‍ട്ട്‌സിറ്റിയുടെ ദുബായ്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇതു സംബന്ധിച്ച ധാരാണാപത്രത്തില്‍ ജെംസ്‌ എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയും സ്‌മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ്‌ ചെയര്‍മാന്‍ അബ്ദുള്‍ലത്തീഫ്‌ അല്‍മുല്ലയും ഒപ്പുവെച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്യുണിക്കേഷന്‍ ടെക്‌നോളജി, മീഡിയ, ഫിനാന്‍സ്‌, റിസര്‍ച്ച്‌ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലും പുറത്തും പ്രവര്‍ത്തിക്കുന്ന കമ്പനികളെ ആകര്‍ഷിച്ചുകൊണ്ട്‌ വന്‍കിട വിജ്ഞാനമണ്ഡലം വികസിപ്പിച്ചെടുക്കാനാണ്‌ സ്‌മാര്‍ട്ട്‌സിറ്റി കൊച്ചി ലക്ഷ്യമിടുന്നത്‌. വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌ വ്യവസ്ഥ സ്ഥാപിക്കുന്നതില്‍ വിദ്യഭ്യാസത്തിന്‌ വലിയ പങ്കുണ്ടെന്ന്‌ ഒപ്പുവെയ്‌ക്കല്‍ ചടങ്ങില്‍ സംസാരിച്ച സ്‌മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ്‌ ചെയര്‍മാന്‍ അബ്ദുള്‍ലത്തീഫ്‌ അല്‍മുല്ല പറഞ്ഞു. കേരളത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു മാത്രമല്ല നാളെയുടെ തൊഴില്‍ദാതാക്കളുടേയും ജീവനക്കാരുടേയും ശാക്തീകരണത്തിനു കൂടിയാണ്‌ സ്‌മാര്‍ട്ട്‌സിറ്റി ലക്ഷ്യമിടുന്നത്‌. മികച്ച ഒരു ബിസിനസ്‌ ടൗണ്‍ഷിപ്പിന്റെ വിജയത്തിനുള്ള വിത്തുകള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയാണ്‌ വിതയ്‌ക്കപ്പെടുന്നത്‌.

അരനൂറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന ചരിത്രമുള്ള ജെംസ്‌ എഡ്യുക്കേഷന്‍ ശൃംഖലയിലെ ആഗോളനിലവാരമുള്ള സ്‌കൂളുകളില്‍ 151 രാജ്യങ്ങളില്‍ നിന്നുള്ള 1.42 ലക്ഷം കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്‌. 80 രാജ്യങ്ങളില്‍ നിന്നുള്ള 11,000-ത്തിലേറെ പ്രൊഫഷണലുകളും ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. കിന്റര്‍ഗാട്ടന്‍ മുതല്‍ 12-ാം ക്ലാസുവരെയുള്ള കെ-12 എന്നറിയപ്പെടു്‌ന്ന വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യഭ്യാസ സ്ഥാപന ശൃംഖലയാണ്‌ ജെംസ്‌ ഗ്രൂപ്പിന്റേത്‌.

സ്‌മാര്‍ട്ട്‌സിറ്റിയിലെ 8 ഏക്കര്‍ സ്ഥലത്ത്‌ അനുഭവാധിഷ്‌ഠിത പഠന സൗകര്യങ്ങളൊരുക്കി ആത്മവിശ്വാസമുള്ള ഒരു തലമുറയെ സജ്ജമാക്കുന്ന ഒരു ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപിക്കാനാണ്‌ ജെംസ്‌ എഡ്യുക്കേഷന്റെ പരിപാടി. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ, വികസന, കായിക സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും. മൂന്നു ഘട്ടത്തിലായി മൊത്തം 2.5 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ നിര്‍മിക്കുന്ന സ്‌കൂളില്‍ 3000 വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനസൗകര്യങ്ങളുണ്ടാകും. സ്‌മാര്‍ട്ട്‌സിറ്റിയില്‍ ജോലി ചെയ്യുന്ന രക്ഷാകര്‍ത്താക്കളുടെ കുട്ടികള്‍ക്ക്‌ ആഗോളനിലവാരമുള്ള വിദ്യാഭ്യാസ സൗകര്യം എത്തിക്കുകയാണ്‌ പ്രധാന ലക്ഷ്യം. 150-200 അധ്യാപക, അധ്യാപകേതര ജോലിക്കാര്‍ക്ക്‌ ഇവിടെ തൊഴില്‍ ലഭിക്കും. സ്‌മാര്‍ട്ട്‌സിറ്റിയില്‍ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുകയാണ്‌ ജെംസ്‌ എഡ്യുക്കേഷന്റെ ലക്ഷ്യമെന്ന്‌ ജെംസ്‌ എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി പറഞ്ഞു.

സ്‌മാര്‍ട്ട്‌സിറ്റിയിലെ നോണ്‍-പ്രോസസിംഗ്‌ സോണിലാണ്‌ ജെംസ്‌ എഡ്യുക്കേഷന്‍ പദ്ധതി സ്ഥാപിക്കുക. സ്‌മാര്‍ട്ട്‌സിറ്റിയിലെ നോളജ്‌ ജീവനക്കാരുടെ കുടുംബങ്ങളെ സേവിക്കാന്‍ ലക്ഷ്യമിടുന്ന പാര്‍പ്പിട, ആതിഥേയ, വിദ്യാഭ്യാസ സൗകര്യങ്ങളാണ്‌ നോണ്‍-പ്രോസസിംഗ്‌ സോണില്‍ നിര്‍മിക്കുക. ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ലഭ്യമാക്കും. സ്‌മാര്‍ട്ട്‌സിറ്റിയിലേയ്‌ക്ക്‌ ജെംസ്‌ എഡ്യുക്കേഷനെ കൊണ്ടുവരാനാകുന്നതില്‍ അഭിമാനമുണ്ടെന്ന്‌ സ്‌മാര്‍ട്ട്‌സിറ്റി കൊച്ചി മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ്‌ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മികച്ച ഒരു നെറ്റ്‌ വര്‍ക്കിംഗ്‌ അവസരം ഒരുക്കാന്‍ ഇത്‌ വഴി തുറക്കും. സ്‌മാര്‍ട്ട്‌സിറ്റിയിലെ അടിസ്ഥാന മേഖലകള്‍ക്കൊപ്പം വിദ്യാഭ്യാസ, ഗവേഷണ, റിക്രൂട്ടിംഗ്‌ സ്ഥാപനങ്ങള്‍ കൂടി വികസിച്ചു വരുന്ന ഒരു സമന്വയമാണ്‌ തങ്ങള്‍ വിഭാവനം ചെയ്യുന്നത്‌. 2014 ഡിസംബറോടെ സ്‌മാര്‍ട്ട്‌സിറ്റിയിലെ ആദ്യ ഐടി ബില്‍ഡിംഗ്‌ പൂര്‍ത്തിയാകുമ്പോള്‍ അതിനൊപ്പം നോളജ്‌ വര്‍ക്കേഴ്‌സിനെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും ആവശ്യമായ സാമൂഹികമായ അടിസ്ഥാനസൗകര്യങ്ങള്‍ കൂടി ലഭ്യമാക്കാനാണ്‌ ലക്ഷ്യമെന്നും ബാജു ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജെംസ്‌ എഡ്യുക്കേഷന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സി. എന്‍. രാധാകൃഷ്‌ണന്‍, ജെംസ്‌ ഇന്ത്യ സിഇഒ ഗൗരവ്‌ അഗര്‍വാള്‍, സ്‌മാര്‍ട്ട്‌സിറ്റി ചീഫ്‌ ഫിനാന്‍സ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ഓഫീസര്‍ അനിരുദ്ധ ധാംകെ എന്നിവരും പങ്കെടുത്തു.