Capturing Business 360°

ചൈനയില്‍ ടൊയോട്ടയുടെ തിരിച്ചുവരവ്‌

ചൈനീസ്‌ വാഹന വിപണിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവയ്‌ക്കാനായെന്നു ജാപ്പനീസ്‌ നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. 2013ല്‍ ടൊയോട്ടയും രണ്ടു പ്രാദേശിക പങ്കാളികളും ചേര്‍ന്ന്‌ ചൈനയില്‍ ഒന്‍പതു ലക്ഷത്തിലേറെ വാഹനങ്ങളാണത്രെ വിറ്റത്‌. സമുദ്രാതിര്‍ത്തി സംബന്ധിച്ച്‌ ചൈനയും ജപ്പാനുമായി ഉടലെടുത്ത തര്‍ക്കം രമ്യതയിലെത്തിയതും വാഹന വില്‍പ്പനയിലെ ലക്ഷ്യം മറികടക്കാന്‍ സഹായിച്ചെന്നു ടൊയോട്ട അധികൃതര്‍ വിശദീകരിക്കുന്നു.
പ്രാഥമിക കണക്കെടുപ്പില്‍ കഴിഞ്ഞ ജനുവരി – ഡിസംബര്‍ കാലത്ത്‌ 9,16,400 വാഹനങ്ങള്‍ ചൈനയില്‍ വിറ്റെന്നാണു ടൊയോട്ടയുടെ നിഗമനം. 2012ല്‍ ടൊയോട്ടയും പങ്കാളികളും ചേര്‍ന്ന്‌ 8.40 ലക്ഷം വാഹനങ്ങളാണു ചൈനയില്‍ വിറ്റത്‌.
വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അവതരിപ്പിച്ച കോംപാക്‌ട്‌ സ്‌പോര്‍ട്‌ യൂട്ടിലിറ്റി വാഹനമായ ആര്‍ എ വി ഫോറിന്റെ പരിഷ്‌കരിച്ച പതിപ്പാണു വില്‍പ്പന ഗണ്യമായി മെച്ചപ്പെടുത്തുന്നതില്‍ ടൊയോട്ടയെ തുണച്ചത്‌. കിഴക്കന്‍ ചൈന കടലിലെ ദ്വീപ്‌ സമൂഹത്തിന്റെ അവകാശത്തെചൊല്ലി ഇരുരാജ്യങ്ങളുമായി ഉടലെടുത്ത അതിര്‍ത്തി തര്‍ക്കം ചൈനീസ്‌ വിപണിയില്‍ ജാപ്പനീസ്‌ ഉല്‍പന്നങ്ങളോടുള്ള പ്രതിപത്തി കുറയാന്‍ ഇടയാക്കിയിരുന്നു.
രണ്ടു ദ്വീപുകളെ ദേശസാല്‍ക്കരിച്ച ജാപ്പനീസ്‌ സര്‍ക്കാരിന്റെ നടപടിയാണു 2012ല്‍ ചൈനയില്‍ പ്രതിഷേധ കൊടുങ്കാറ്റ്‌ സൃഷ്‌ടിച്ചത്‌; ദിയാവൊയു എന്നു ചൈനക്കാരും സെന്‍കാകു എന്നു ജപ്പാന്‍കാരും വിളിക്കുന്ന ദ്വീപുകള്‍ സ്വകാര്യ വ്യക്‌തികളില്‍ നിന്നാണു ജാപ്പനീസ്‌ സര്‍ക്കാര്‍ വാങ്ങിയത്‌. ഇരു രാജ്യങ്ങളുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ ചൈനയില്‍ ജപ്പാന്‍ നിര്‍മിത വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ തര്‍ക്കം പരിഹരിക്കപ്പെട്ട പിന്നാലെയാണ്‌ ടൊയോട്ട �ആര്‍ എ വി ഫോര്‍ പുറത്തിറക്കി നേട്ടം കൊയ്‌തത്‌.കഴിഞ്ഞ ജനുവരി – നവംബര്‍ കാലത്ത്‌ ടൊയോട്ട 8.09 ലക്ഷം വാഹനങ്ങളാണു ചൈനയില്‍ വിറ്റത്‌; മുന്‍വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച്‌ 7.9% അധികമാണിതെന്നു കമ്പനി വ്യക്‌തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ മികച്ച വില്‍പ്പന വീണ്ടെടുത്തെങ്കിലും പുതിയ ചില പ്രശ്‌നങ്ങള്‍ ജാപ്പനീസ്‌ വാഹന നിര്‍മാതാക്കള്‍ക്ക്‌ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്‌. ജപ്പാന്‍ പ്രധാനമന്ത്രിയായ ഷിന്‍സൊ ആബെ രാജ്യത്തിന്റെ യുദ്ധകാല ആക്രമണോത്സുകതയുടെ പ്രതീകമായി പരിഗണിക്കപ്പെടുന്ന യാസുകുനി മന്ദിരം സന്ദര്‍ശിച്ചതാണ്‌ ഇതില്‍ പ്രധാനം. സന്ദര്‍ശനത്തില്‍ ചൈനയിലും ദക്ഷിണ കൊറിയയും രോഷാകുലരായതോടെ ഉത്തര ഏഷ്യന്‍ അയല്‍ക്കാര്‍ക്കിടയിലെ ബന്ധം വഷളാവുന്നതില്‍ അമേരിക്കയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഇതോടൊപ്പം യു എസ്‌ നിര്‍മാതാക്കളായ ഫോഡ്‌ വില്‍പ്പനയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കുന്നതും ജാപ്പനീസ്‌ കമ്പനികള്‍ക്കു തലവേദന സൃഷ്‌ടിക്കുന്നുണ്ട്‌. പുതിയതും പരിഷ്‌കരിച്ച രൂപകല്‍പ്പനയുള്ളതുമായ മോഡലുകളുടെ അവതരണത്തിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ ടൊയോട്ടയെ കമ്പനി പിന്തള്ളിയെന്നാണു ഫോഡിന്റെ അവകാശവാദം. 2013 ജനുവരി – നവംബര്‍ കാലത്ത്‌ ഫോഡും പങ്കാളികളും ചേര്‍ന്ന്‌ 8,40,975 വാഹനങ്ങളാണു ചൈനയില്‍ വിറ്റത്‌; മുന്‍വര്‍ഷം ഇതേ കാലത്തെ വില്‍പ്പനയെ അപേക്ഷിച്ച്‌ 51% അധികം. പോരെങ്കില്‍ 2013 നവംബര്‍ വരെയുള്ള 11 മാസത്തെ വില്‍പ്പനയില്‍ ഫോഡ്‌, ടൊയോട്ടയെ പിന്തള്ളുകയും ചെയ്‌തിട്ടുണ്ട്‌.