Capturing Business 360°

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പിക്കാത്ത വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് പെന്‍ഷന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

ആധാര്‍ എന്നത് ബാങ്കുകളില്‍ പോകാതെ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള സംവിധാനമാണെന്ന് ജിതേന്ദ്ര സിംഗ് ഒരു യോഗത്തില്‍ പങ്കെടുത്ത് നേരത്തെ പറഞ്ഞിരുന്നു. 12 അക്കമുള്ള ആധാര്‍ നമ്പർ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് നല്‍കുന്നത്. ഇത് തിരിച്ചറിയല്‍ രേഖയായിട്ടും മേല്‍വിലാസം തിരിച്ചറിയുന്നതിനുമാണ് ഉപയോഗിക്കുന്നത്.

രാജ്യത്ത് 48.41ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 61.17 ലക്ഷം പെന്‍ഷന്‍കാരുമാണ് ഉള്ളത്. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവഷ്കരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉദാഹരണത്തിന് മിനിമം പെന്‍ഷന്‍ 9000 രൂപയായി വര്‍ദ്ധിപ്പിക്കുകയും ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷമായി ഉയര്‍ത്തുകയും ഫിക്സഡ് മെഡിക്കല്‍ അലവന്‍സ് 1000 രൂപയായി വര്‍ദ്ധിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.