Capturing Business 360°

കെപ്ലറിന് ശേഷം നാസയുടെ അടുത്ത പദ്ധതി വരുന്നു

സൗരയുഥത്തിന് പുറത്ത് മറ്റ് നക്ഷത്രങ്ങള്‍ക്ക് ചുറ്റും വലം വെക്കുന്ന ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായുള്ള നാസയുടെ കെപ്ലര്‍ ബഹിരാകാശ പദ്ധതിയ്ക്ക് ശേഷം ഇതേ ദൗത്യവുമായി പുതിയ പദ്ധതി ആരംഭിക്കാനൊരുങ്ങുകയാണ് നാസ.
ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് അഥവാ ടെസ് (ഠഋടട) എന്ന് പേരിട്ടിരിക്കുന്ന ഈ ഉദ്യമം കെപ്ലര്‍ മിഷന്‍ പദ്ധതിയുടെ തുടര്‍ച്ചയാണ്. ബഹിരാകാശം മുഴുവന്‍ പരിശോധിക്കാന്‍ കഴിവുള്ള ടെസിന് സൗരയൂഥത്തിന് പുറത്തുള്ള ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളെ ചുറ്റുന്ന ചെറിയ ഗ്രഹങ്ങളെ പോലും ടെസ് കണ്ടെത്തും. അതുവഴി ഭാവി ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് അവയെ കുറിച്ചുള്ള വിശദപഠനങ്ങള്‍ക്ക് സാധിക്കും.
പതിവില്‍ നിന്നും വ്യത്യസ്തമായി ടെസ് പദ്ധതി കൂടുതല്‍ ജനകീയമാക്കാനാണ് നാസ ഉദ്ദേശിക്കുന്നത്. ഇതിനായി ബഹിരാകാശ ദൗത്യങ്ങളെ ഇഷ്ടപ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേരിക്കക്കാരെ സ്വാഗതം ചെയ്യുകയാണ് നാസ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ഏപ്രില്‍ 1516 തീയതികളില്‍ നടക്കുന്ന വിക്ഷേപണത്തില്‍ നേരിട്ട് ഭാഗമാവാന്‍ സാധിക്കും.
ടെസ് വിക്ഷേപണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയാണ് ഇവരുടെ ജോലി. എല്ലാവിധ സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ക്കും ഇതിനായി അപേക്ഷിക്കാം. വിക്ഷേപണത്തില്‍ നേരിട്ട് പങ്കാളികളാകാനും കെന്നഡി സ്‌പേസ് സെന്ററിലെയും കേപ് കനവെര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലേയും സുപ്രധാനയിടങ്ങള്‍ സന്ദര്‍ശിക്കുക, നാസയിലേയും സ്‌പേസ് എക്‌സിലേയും വിദഗ്ദരുടെ ടെസ് പദ്ധതിയെ കുറിച്ചുള്ള ലഘു വിവരണം ശ്രവിക്കുക, ടെസിന് പിന്നില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാരുമായും ശാസ്ത്രജ്ഞന്മാരുമായും സംസാരിക്കുക തുടങ്ങിയ അവസരങ്ങളും ഈ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഒന്നില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ ആളുകള്‍ക്കാണ് നാസ പ്രാമുഖ്യം നല്‍കുന്നത്. ചിത്രവും, വീഡിയോയും, ഉള്‍പ്പടെ നിരന്തരം സോഷ്യല്‍ മീഡിയാ പോസ്റ്റുകളും തയ്യാറാക്കാനും അവ ധാരാളം ആളുകളിലേക്ക് എത്തിക്കാനും ശേഷിയുള്ളവരുമായിരിക്കണം ഇതിനായി അപേക്ഷിക്കുന്നവര്‍. അതുകൊണ്ടുതന്നെ തിരക്കേറിയ സോഷ്യല്‍ മീഡിയാ പേജുകളും അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന അഡ്മിന്‍ മാര്‍ക്കായിരിക്കും ഇതില്‍ അവസരം ലഭിക്കുക.
നാസയുടെയും മറ്റ് മാധ്യമങ്ങളുടെയും സ്ഥിരം ഉപയോക്താക്കള്‍ക്ക് അപ്പുറത്തേക്ക് ടെസ് പദ്ധതിയുടെ പ്രചാരം വര്‍ധിപ്പിക്കാനാണ് ഇതുവഴി നാസ ലക്ഷ്യമിടുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അമേരിക്കയില്‍ നിന്നുമാത്രമുള്ള സോഷ്യല്‍മീഡിയാ ഉപയോക്താക്കളെ മാത്രം നാസ ക്ഷണിക്കുന്നത്.ഇന്ധനം അവസാനിക്കാറായതോടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി താമസിയാതെ പ്രവര്‍ത്തന രഹിതമാവുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് കെപ്ലര്‍ ഒമ്ബത് വര്‍ഷം നീണ്ട ദൗത്യം പൂര്‍ത്തിയാക്കുന്നത്.