Capturing Business 360°

കഴിഞ്ഞ മാസം കൂടിയത് 19.8 ലക്ഷമെന്ന് സിഒഎഐ

കൊച്ചി: ഇന്ത്യന്‍ ടെലികോം വ്യവസായം വളര്‍ച്ചയുടെ പാതയില്‍. കഴിഞ്ഞ മാസം 19.8 ലക്ഷം വരിക്കാരുടെ വര്‍ധനവ് രേഖപ്പെടുത്തി.സെല്ലുല്ലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ജൂണ്‍ അവസാനം വരെയുള്ള രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 94.748 കോടിയാണ്. മെയ് വരെയുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം വരിക്കാര്‍ ഉള്‍പ്പടെയാണിത്.ഭാരതി എയര്‍ടെലാണ് വിപണി പങ്കാളിത്തത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 29.62 ശതമാനമാണ് എയര്‍ടെലിന്റെ പങ്കാളിത്തം. ജൂണില്‍ 20.5 ലക്ഷം വരിക്കാരെ കൂടി സ്വന്തമാക്കിയ എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 28.064 കോടിയായി. തൊട്ടടുത്ത സ്ഥാനത്തുള്ള വോഡഫോണിന് 21.019 കോടിയും മൂന്നാം സ്ഥാനത്തുള്ള ഐഡിയ സെല്ലുലാറിന് 19.627 കോടിയും വരിക്കാരുണ്ട്. 11.733 കോടിയാണ് ജിയോ വരിക്കാരുടെ എണ്ണം.

ടെലികോം സര്‍വീസ് മേഖല കണക്കാക്കിയാല്‍ കിഴക്കന്‍ യുപിയിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വരിക്കാര്‍ ഉണ്ടായത് (8.406 കോടി). കഴിഞ്ഞ ദിവസം ചേര്‍ന്ന സിഒഎഐ യോഗം ടെലികോം രംഗത്തെ സ്ഥായിയായ വളര്‍ച്ചയെ സ്വാഗതം ചെയ്തു.രാജ്യത്ത് എല്ലായിടത്തും മൊബൈല്‍ കണക്റ്റീവിറ്റി കൊണ്ടുവരികയാണ് അസോസിയേഷന്റെ ലക്ഷ്യമെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ നഗരങ്ങളില്‍ വരിക്കാരുടെ എണ്ണം വര്‍ധിക്കുന്നത് പ്രോല്‍സാഹനജനകമാണെന്നും ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു.രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കു ടെലികോം വ്യവസായം നല്‍കുന്ന സംഭാവന നിര്‍ണായകമാണെന്നും സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും മുന്നോട്ട് കൊണ്ടു പോകുന്നതില്‍ വ്യവസായം ഏറെ സഹായിക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.നിരക്കുകളിലുണ്ടായ മല്‍സരമാണ് വരിക്കാരുടെ അടിത്തറ വളരുന്നതിന് കാരണമായതെന്നും മികച്ച ഭാവി കാണുന്നുണ്ടെങ്കിലും വ്യവസായം ഇപ്പോഴും 4.5 കോടി രൂപയുടെ കടത്തിലാണെന്നും രാജ്യത്തെ ഡിജിറ്റല്‍ അകല്‍ച്ച കുറയ്ക്കുന്നതിന് മൊബൈല്‍ കണക്റ്റീവിറ്റിക്കും ഡാറ്റാ സേവനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നും മാത്യൂസ് പറഞ്ഞു.