Capturing Business 360°

ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച ജലവിമാനപദ്ധതി ഉപേക്ഷിച്ചു; ആസ്തികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കൈമാറും, സർക്കാർ പിൻവാങ്ങുന്നത് മത്സ്യതൊഴിലാളികളുടെ എതിര്‍പ്പിനെത്തുടർന്ന്

ന്യൂഏജ് ന്യൂസ്

യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന ജലവിമാനം ഉപേക്ഷിച്ചു. പദ്ധതിയ്ക്കായി വാങ്ങിയ ആസ്തികള്‍ കണ്ണൂര്‍ വിമാനത്താവളത്തിനും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായി.വിനോദസഞ്ചാര രംഗത്ത് കുതിപ്പേകാനാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജലവിമാനപദ്ധതിക്ക് തുടക്കമിട്ടത്. പക്ഷെ തുടക്കത്തില്‍ തന്നെ മത്സ്യതൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ പദ്ധതി പാതി വഴിയില്‍ നിലച്ചു. എങ്കിലും ഇടതു സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പദ്ധതിയ്ക്കായി വാങ്ങിയ ആസ്തികള്‍ കണ്ണൂര്‍ വിമാനത്താവളത്തിനും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായി. കൊല്ലത്തും ആലപ്പുഴയിലും സ്ഥാപിച്ച വാട്ടര്‍ ഡ്രോമും സ്പീഡ് ബോട്ടുകളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വാങ്ങിയ സ്‌കാനര്‍ അടക്കമുള്ള ഉപകരണങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തിനും കൈമാറികൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിറക്കി. ഇവയുടെ സംരക്ഷണത്തിനായി നിയോഗിച്ചിരുന്ന പൊലീസുകാരേയും തിരിച്ചുവിളിച്ചു. മല്‍സ്യബന്ധനത്തിന് തടസമാകുമെന്ന് ആരോപിച്ചാണ് മല്‍സ്യത്തൊഴിലാളി യൂണിയനുകള്‍ വിമാനത്തിനെതിരെ സമരം ചെയ്തത്. പിന്നീട് മല്‍സ്യബന്ധനമേഖലയെ ബാധിക്കാത്ത തരത്തില്‍ വിമാനം ഓടിക്കാന്‍ പഠനം നടത്തി പദ്ധതി തയാറാക്കിയെങ്കിലും വിമാനക്കമ്ബനികള്‍ അടുത്തില്ല. ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകള്‍ ജലവിമാനം വഴിയാക്കാമെന്ന വാഗ്ദാനവും ഫലം കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.