Capturing Business 360°

എസ്ബിഐ കനത്ത നഷ്ടത്തില്‍

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കഴിഞ്ഞ ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ 2416.37 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2610 കോടി രൂപ ലാഭം ബാങ്ക് നേടിയിരുന്നു.കിട്ടാക്കടവും അത് നേരിടാനുള്ള വകയിരുത്തലും കൂടിയതാണ് എസ്ബിഐയുടെ ഇത്രയും വലിയ നഷ്ടത്തിനു കാരണം. കിട്ടാക്കടം 1.99 ലക്ഷം കോടി രൂപയായി. പലിശയും ഗഡുവും കിട്ടാത്ത വായ്പകള്‍ 7.23 ശതമാനത്തില്‍നിന്ന് 10.35 ശതമാനമായി വര്‍ദ്ധിച്ചു.തൊട്ടു മുന്‍പത്തെ മൂന്നുമാസം 1.86 കോടിയായിരുന്നു കിട്ടാക്കടം. മുന്‍ കൊല്ലം മൂന്നാം പാദത്തില്‍ 1.08 ലക്ഷം കോടിയായിരുന്നു. പലിശവരുമാനം 26.88% ഉയര്‍ന്ന് 18687.57 കോടി രൂപയായി.കടപ്പത്രങ്ങളുടെ പലിശച്ചെലവ് കൂടിയതാണ് സാമ്പത്തിക നിലയെ ബാധിച്ചതെന്ന് എസ്ബിഐ മേധാവി രജനീഷ് കുമാര്‍ പറഞ്ഞു. പലിശവരുമാനവും പലിശയിതര വരുമാനവും കുറഞ്ഞെങ്കിലും ബാങ്കിന്റെ ഫീസുകളില്‍ നിന്നുള്ള വരുമാനം കൂടിയിട്ടുണ്ട്.

#sbi #Bank #Corporate