Capturing Business 360°

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു; പിന്നാലെ ‘എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തു’ എന്ന അറിയിപ്പും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്കർമാർ കൈക്കലാക്കി. തുര്‍ക്കി സൈബര്‍ ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വിവരം ലഭിക്കുന്നത്. മണിക്കൂറുകള്‍ക്കകം അക്കൗണ്ട് പുനസ്ഥാപിച്ചു.

തുര്‍ക്കി അനുകൂല പോസ്റ്റുകള്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. തുര്‍ക്കി അനുകൂല ട്വീറ്റുകളാണ് ഈ സമയത്ത് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇതു കൂടാതെ ഒരു ട്വീറ്റ് പേജില്‍ പിന്‍ ചെയ്തിട്ടുമുണ്ടായിരുന്നു. ‘എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നുമായിരുന്നു അക്കൗണ്ടിൽ നിന്നും വന്ന അവസാനത്തെ ട്വീറ്റ്. ഹാക്കര്‍മാര്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindiain എന്നത് മാറ്റി @airindiaTR എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. നിലവിൽ അക്കൗണ്ട് പൂർവ സ്ഥിതിയിൽ ആയിട്ടുണ്ട്.