Capturing Business 360°

ഇലക്ട്രിക്ക് വാഹനനയം: ആശങ്ക വേണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രിക്ക് വാഹനനയം ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ ഓട്ടോമൊബൈല്‍ വ്യവസായരംഗത്തിന് ധൈര്യം പകര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക്ക് വാഹനങ്ങളുടെ വരവോടെ പെട്രോള്‍ഡീസല്‍ വാഹനവിപണി തകരുമെന്ന ഭയം അസ്ഥാനത്താണെന് നിതിന്‍ ഗഡ്കരി പറഞ്ഞു.
4.5 ലക്ഷം കോടി മൂല്യം വരുന്നതാണ് ഇന്ത്യയിലെ വാഹനവ്യവസായരംഗം. ഓട്ടോ പാര്‍ട്ട്‌സ് രംഗത്തിനാവട്ടെ 1.45 ലക്ഷം കോടിയുടെ മൂല്യമുണ്ട്. ഇന്ന് അശോക് ലെയ്‌ലന്‍ഡിലെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ഉണ്ടാക്കുന്ന 125 ട്രക്കുകള്‍ ചെന്നൈ തുറമുഖം ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുന്നുണ്ട്, മുംബൈ തുറമുഖം വഴി 2,58,000 കാറുകളാണ് കയറ്റി അയച്ചത്. തൂത്തുക്കുടി തുറമുഖം വഴി 4,50,000 കാറുകളും കയറ്റി അയച്ചു. അതായത് ഇന്ത്യയിലെ വാഹനവ്യവസായം രാജ്യത്തിന് അകത്ത് മാത്രമല്ല പുറത്തും ശക്തമാണ്. നിതിന്‍ ഗഡ്കരി പറയുന്നു.
ഇലക്ട്രിസിറ്റി, എതനോള്‍,ബയോഡീസല്‍, ബയോ സിഎന്‍ജി, എന്നിവയില്‍ ഓടുന്ന വാഹനങ്ങള്‍ വരുന്നതോടെ അവയുടെ കൂടെ കയറ്റുമതിയും ഇനി സജീവമാക്കും. പഴക്കമേറിയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കുന്നത് കര്‍ശനമാക്കുന്നതോടെ വാഹനനിര്‍മ്മാണണത്തിന് വേണ്ട ഘടകങ്ങളുടെ ചിലവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയും കുറയും. അവയുടെ കയറ്റുമതിയേയും ഇത് ത്വരിതപ്പെടുത്തും.
മാത്രമല്ല പ്രകൃതി സൗഹൃദ വാഹനങ്ങളെ പ്രൊത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനൊന്നും പദ്ധതിയിടുന്നില്ല. പക്ഷേ ചിലവു കുറഞ്ഞ ഇന്ധനങ്ങളോടായിരിക്കും ജനങ്ങള്‍ക്ക് താത്പര്യം. കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ആറായിരം രൂപ ചിലവിടേണ്ട സ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ആയിരം രൂപ ചിലവിട്ടാല്‍ മതിയെങ്കില്‍ ആളുകള്‍ എങ്ങനെ ചിന്തിക്കുമെന്ന് നമ്മുക്ക് ഊഹിക്കാമല്ലോ.
പെട്രോളിന് 80 രൂപയും ഡീസലിന് 60 രൂപയും വൈദ്യുതിക്ക് യൂണിറ്റിന് എട്ട് രൂപയും കൊടുക്കേണ്ടി വരുമ്പോള്‍ ആളുകള്‍ സ്വാഭാവികമായും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിയും. ലോകത്തെങ്ങും അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. ഇലക്ട്രിക്ക് വാഹനങ്ങളെ ജനകീയമാക്കുന്നത് ലക്ഷ്യം വച്ചു കൊണ്ടുള്ള പുതിയ നയം നീതി ആയോഗ് തയ്യാറാക്കി കഴിഞ്ഞെന്നും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ പുതിയ സാങ്കേതികവിദ്യകളെ സ്വീകരിക്കാനും നടപ്പില്‍ വരുത്താനും ഇന്ത്യന്‍ വാഹനവിപണിയ്ക്ക് വളരെ സമയം വേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. ഒരു പ്രമുഖ വാഹനകമ്പനി ഭാരത് സ്‌റ്റേജ് 4 ഇന്ധനം ഉപയോഗിച്ച് ഭാരത് സ്‌റ്റേജ് 6 നിലവാരത്തില്‍ മലിനീകരണം നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു. കാലഘട്ടത്തിന് അനുസരിച്ച് സ്വയം നവീകരിച്ച് മുന്നേറാന്‍ ഇന്ത്യയിലെ വാഹനനിര്‍മ്മാതകള്‍ പഠിച്ചു കഴിഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ധനചിലവും വാഹനങ്ങളുടെ അറ്റകുറ്റചിലവുമെല്ലാം നിയന്ത്രിക്കാന്‍ സാധിക്കും. 2030ന് മുന്‍പ് ഇന്ധനചിലവ് കാര്യമായി കുറയും എന്നുറപ്പാണ്. ആ വഴി ലാഭിക്കുന്ന വലിയ തുക രാജ്യത്തിന്റെ വികസനത്തിനും മുതല്‍ക്കൂട്ടാവും… മോട്ടോര്‍ വാഹനവ്യവസായത്തിന്റെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടി നിതിന്‍ ഗഡ്കരി പറയുന്നു.
ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങളേയും പ്രകൃതി സൗഹൃദ ഇന്ധനങ്ങളേയും പ്രൊത്സാഹിപ്പിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാഹനനയം ഈ വര്‍ഷം നടപ്പില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക്ക് വാഹനരംഗത്ത് വന്‍വിപ്ലവത്തിന് വഴി തുറന്നേക്കാവുന്ന പുതിയ നയം കൊണ്ട് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ വാഹന നിര്‍മ്മാതക്കളെല്ലാം സ്വന്തം നിലയ്ക്ക് ഇലക്ട്രിക്ക് കാറുകള്‍പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ വാഹനവിപണിയിലെ പ്രമുഖരായ മാരുതി സുസൂക്കിയും ടോയോട്ടയും സംയുക്തമായി പുറത്തിറക്കുന്ന ഇലക്ട്രിക്ക് കാര്‍ 2020ല്‍ ഇന്ത്യന്‍ റോഡുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.