Don't miss

ഇന്ധന വിലക്കയറ്റത്തിലും റബ്ബര്‍ വില എന്തുകൊണ്ട് ഉയരുന്നില്ല ? – എഡിറ്റോറിയൽ

By on May 4, 2018

ന്യൂഏജ് ന്യൂസ്

ആഗോള റബ്ബര്‍ ഉപഭോഗം ഉയര്‍ന്നിട്ടും ക്രൂഡ് വില കുതിച്ചുകയറിയിട്ടും അന്താരാഷ്ട്ര റബ്ബര്‍ മാര്‍ക്കറ്റിലും രാജ്യത്തെ റബ്ബര്‍ വിലയിലും പ്രതിചലനമുണ്ടായില്ലെന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എണ്ണവില ഉയരുന്നത് സിന്തറ്റിക് റബ്ബര്‍ ഉല്പാദനച്ചെലവ് ഉയര്‍ത്തുന്നതുകൊണ്ട് സിന്തറ്റിക് റബ്ബര്‍ വിലയില്‍ സാധാരണ വര്‍ദ്ധനവുണ്ടാക്കുകയും സ്വാഭാവിക റബ്ബറിന് ആവശ്യകതയും വിലയും വര്‍ദ്ധിക്കുകയും ചെയ്യും. ഇപ്പോള്‍ ആഗോള റബ്ബര്‍ ഉപഭോഗത്തില്‍ 3 ശതമാനം വര്‍ദ്ധനയുണ്ടായെങ്കിലും ആഗോള തലത്തില്‍ റബ്ബര്‍ വില ഉയരുന്നില്ല. . ഇന്‍ഡൊനീഷ്യ ഒഴികെ മറ്റ് റബ്ബര്‍ ഉല്പാദകരാജ്യങ്ങളിലെല്ലാം സീസണ്‍ ആരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ ഡോളറുമായി ഉല്പാദകരാജ്യങ്ങളിലെ കറന്‍സി മൂല്യത്തിലുണ്ടായ ഇടിവ് വില വര്‍ദ്ധനയ്ക്ക് വിഘാതമായിരിക്കുന്നു.. രാജ്യത്ത് റബ്ബര്‍ ലഭ്യതകുറഞ്ഞെങ്കിലും വ്യവസായികള്‍ ആവശ്യത്തിലധികം റബ്ബര്‍ ഇറക്കുമതി വഴി സംഭരിച്ചിരിക്കുന്നു. ഇതിന് പതിറ്റാണ്ട് പഴക്കമുളള ഇറക്കുമതി നയവും അവര്‍ക്ക് സഹായകമായിട്ടുണ്ട്. അതായത് വ്യവസായികള്‍ക്ക് അവര്‍ കയറ്റുമതി ചെയ്യുന്ന ഉല്പന്നത്തിന്റെ ശതമാനം കണക്കാക്കിയാണ് ഇറക്കുമതിയ്ക്ക് അഡ്വാന്‍സ് ലൈസന്‍സ് അനുവദിക്കുന്നത്. മുപ്പത് വര്‍ഷം മുമ്പ് ടയര്‍ വ്യവസായികള്‍ ടയര്‍ ഉല്പാദനത്തിന് 75 ശതമാനം സ്വാഭാവിക റബ്ബര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് സാങ്കേതികമായ മുന്നേറ്റത്തിന്റെ സാഹചര്യത്തില്‍ സ്വാഭാവിക റബ്ബര്‍ ഉപയോഗം 45 ശതമാനമായി കുറച്ചു. എങ്കിലും പഴയ റബ്ബര്‍ ഉപയോഗത്തിന്റെ കണക്കനുസരിച്ചാണ് ഇറക്കുമതി തുടരുന്നത്. ഇതും റബ്ബര്‍ മേഖലയ്ക്ക് തിരിച്ചടി തീര്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്രം പഠനമാരംഭിച്ചിരുന്നെങ്കിലും തീര്‍പ്പ് ഉണ്ടായിട്ടില്ല. ഇറക്കുമതി നയം കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് വേണ്ടത്. സ്വാഭാവിക റബ്ബര്‍ ഉല്പാദനം കുറഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലും റബ്ബര്‍ വില 119 കടക്കുന്നില്ലെന്നത് കര്‍ഷകന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരിക്കുകയാണ്.

റബ്ബര്‍ ഇറക്കുമതി നയം തിരുത്തണം – പ്രൊഫ.ജോസ് ജോര്‍ജ്ജ് കടവൂര്‍

റബ്ബര്‍ മേഖല ഇന്ന് നേരിടുന്ന തിരിച്ചടിക്ക് പ്രധാനകാരണം അനിയന്ത്രിതമായുളള റബ്ബര്‍ ഇറക്കുമതിയാണ്. വ്യവസായികള്‍ അവര്‍ക്ക് അനുവദിച്ചുകിട്ടിയ ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. ഇതില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവിലുളള മാനദണ്ഡം തന്നെയാണ് തുടര്‍ന്നു പോരുന്നത്. ടയര്‍ വ്യവസായികള്‍ക്ക് അവര്‍ ഉല്പന്ന നിര്‍മ്മാണത്തിനുപയോഗിക്കുന്ന റബ്ബറിന്റെ തോതനുസരിച്ചാണ് നികുതിയില്ലാതെ റബ്ബര്‍ ഇറക്കുമതിയ്ക്ക് അനുമതി നല്‍കുന്നത്. നിലവില്‍ ടയര്‍ നിര്‍മ്മാണത്തില്‍ റബ്ബര്‍ ഉപയോഗിക്കുന്നതിന്റെ തോത് കുറഞ്ഞിരിക്കുന്നു. എങ്കിലും പഴയ നിരക്കില്‍ തന്നെ നികുതി രഹിത ഇറക്കുമതി തുടരുകയാണ്. ഇതില്‍ മാറ്റമുണ്ടാകണം് ഇറക്കുമതി നയം കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് വേണ്ടത്.

(കടവൂര്‍ റബ്ബര്‍ ഉല്പാദക സംഘം പ്രസിഡന്റാണ് ലേഖകന്‍)

റബ്ബര്‍ കൃഷിയില്‍ പിടിച്ചുനില്‍ക്കുന്ന കര്‍ഷകന് സഹായം നല്‍കണം – പി.കെ.സജീവ്

റബ്ബര്‍ വില ഇന്ന് 119 -ല്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും വില ഉയരാനുളള സാദ്ധ്യത കര്‍ഷകന്‍ കണക്കുകൂട്ടുന്നുണ്ട്. വില നൂറുരൂപയിലും താഴേയ്ക്ക് വീണ സാഹചര്യത്തില്‍ നിന്നാണ് ഈ വിലയിലേക്ക് എത്തിയത്. ഇടക്കാലത്ത് കര്‍ഷകര്‍ റബ്ബര്‍ കൃഷിയില്‍ നിന്ന് മറ്റുളള പലതരം കൃഷികളിലേക്ക് മാറിപ്പോകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. റബ്ബര്‍ വില നൂറിലും താഴെയെത്തിയ സാഹചര്യമായിരുന്നു. അനിയന്ത്രിതമായി ഇറക്കുമതിയിലൂടെ റബ്ബര്‍ രാജ്യത്തെത്തുകയും ടയര്‍ കമ്പനികള്‍ പലവിധ തന്ത്രങ്ങള്‍ വഴി റബ്ബര്‍ ഡിമാന്‍ഡ് കുറയ്ക്കുകയും ചെയ്ത സാഹചര്യമാണുണ്ടായത്. ഈ ദുരിത കാലങ്ങളിലൂടെയാണ് കര്‍ഷകര്‍ പിടിച്ചുനിന്നത്. സര്‍ക്കാരിന്റെ വില സ്ഥിരതാ പദ്ധതി വഴി 150 രൂപയുടെ ഉറപ്പാക്കല്‍ വലിയ ആശ്വാസമെത്തിച്ചിരുന്നു. ഇപ്പോള്‍ വിലയില്‍ ചെറിയ മുന്നേറ്റം ദൃശ്യമാണെങ്കിലും അതിനുവേണ്ട ഉല്പാദനം നടക്കുന്നില്ല. പലപ്പോഴും ഉല്പാദനത്തിലെ വര്‍ദ്ധനയെന്നത് രാജ്യത്തെ മൊത്തം ഉല്പാദനത്തിന്റെ കണക്കാണ് കാണിക്കുന്നത്. റബ്ബര്‍ കൃഷിയില്‍ പിടിച്ചുനില്‍ക്കാനുളള സഹായം കേന്ദ്രം കര്‍ഷകന് ഉറപ്പാക്കണം.

(ലേഖകന്‍ ആര്‍.പി.എസ്.അംഗമാണ്)

റബ്ബര്‍ ഉല്പാദനം നിലവില്‍ കുറയുകയാണ് – ജോസഫ് കാട്ടേത്ത്

രാജ്യത്തെ റബ്ബര്‍ ഉലാപദനത്തില്‍ വര്‍ദ്ധനയുണ്ടായിയെന്നത് കഴിഞ്ഞ ജനുവരിയിലേതില്‍ നിന്ന് ഈ വര്‍ഷം ജനുവരിയിലേക്കെത്തുമ്പോള്‍ ഉളള വ്യത്യാസമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി വരെയുളള ഉല്പാദനം 4,92,000 ടണ്‍ ആയിരുന്നു. പിന്നീട് ജനുവരി വരെയുളള റബ്ബല്‍ ഉല്പാദനം 5,65,000 ടണ്‍ ആയി ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനത്തെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് ഇത് നിലവില്‍ ഉല്പാദനത്തില്‍ കുറവു വരുത്താനാണ് സാദ്ധ്യത. എന്നാല്‍ മുന്‍കാലങ്ങളെക്കാള്‍ റബ്ബര്‍ കര്‍ഷകന് കൂടുതല്‍ ഉണര്‍വ്വും പ്രതീക്ഷയും കൈവന്നിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. വിലയില്‍ മുന്നേറ്റമുണ്ടാകുന്നുണ്ട്. റബ്ബര്‍ മേഖലക്കായി സര്‍ക്കാര്‍തല പദ്ധതികള്‍ ഉറപ്പാക്കുന്ന സംരക്ഷണം നിലവിലുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൂടുതല്‍ ഡിമാന്റുണ്ടാകുന്നുണ്ട്. റബ്ബര്‍ കയറ്റുമതിയിലെ വര്‍ദ്ധനയുടെ സൂചനയും അതു തന്നെയാണ്.

(ഹരിതം കര്‍ഷകസംഘം പ്രസിഡന്റാണ് ലേഖകന്‍)

Follow Us