Capturing Business 360°

ഇന്ത്യയില്‍ കമ്പ്യൂട്ടറുകളുടെ മേല്‍വിലാസം മാറുന്നു.

ദില്ലി: ഇന്ത്യയില്‍ കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസ്സ്‌ മാറാന്‍ തുടങ്ങി. ഐ.പി.വി 6 (ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ വേര്‍ഷന്‍ 6)ലേക്കാണ്‌ മാറ്റം. നിലവില്‍ ഏ.പി.4 എന്ന ഫോര്‍മാറ്റിലാണ്‌ രാജ്യത്തെ കമ്പ്യൂട്ടറകള്‍ക്ക്‌ അഡ്രസ്‌ നല്‍കിക്കൊണ്ടിരുന്നത്‌. ഈ വേര്‍ഷന്‍ പരമാവധിയിലെത്തിയതോടയാണ്‌ പുതിയ ഫോര്‍മാറ്റിലേക്ക്‌ മാറാന്‍ തുടങ്ങിയിരിക്കുന്നത്‌. അതല്ലെങ്കില്‍ 2014-ഓടെ കമ്പ്യൂട്ടറുകള്‍ക്കോ, ഗാഡ്‌ജെറ്റുകള്‍ക്കോ അഡ്രസ്‌ നല്‍കാന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ട്‌. രാജ്യത്തെ ഇന്റര്‍നെറ്റ്‌ സംവിധാനം മുഴുവന്‍ തടസ്സപ്പെടുന്ന അവസ്ഥയില്‍ ഇത്‌ കൊണ്ടെത്തിക്കാം.

ഈ പശ്ചാത്തലത്തിലാണ്‌ അടിയന്തരമായി ഐ.പി. അഡ്രസുകള്‍ മാറ്റാന്‍ തുടങ്ങിയത്‌. 2017 ഡിസംബറില്‍ ഈ മാറ്റം പൂര്‍ണ്ണമാകും. കേന്ദ്രസര്‍ക്കാരിന്റെ ടെലികോം സിഷാര്‍ട്ട്‌മെന്റിനാണ്‌ ഇത്‌ നടപ്പാക്കുന്നതിന്റെ ചുമതല. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കകം ലോകത്താകമാനം ഇന്റര്‍നെറ്റ്‌ ബന്ധിത കമ്പ്യൂട്ടറുകളുടെയും ഗാഡ്‌ജെറ്റുകളുടെയും എണ്ണം പലമടങ്ങ്‌ വര്‍ദ്ധിക്കുമെന്നാണ്‌ അനുമാനം. അങ്ങനെ വരുമ്പോഴാണ്‌ പുതിയ ഐ.പി. അഡ്രസിന്റെ പ്രസക്തി ഏറുന്നത്‌.

അഡ്രസ്‌ മാറുന്നതിന്‌ പുറമെ ഇന്റര്‍നെറ്റിന്റെ വേഗത, ഫ്‌ളോ, എന്നിവയെല്ലാം ഈ മാറ്റം ഗുണം ചെയ്യും. കൂടുതല്‍ ഇന്റര്‍നെറ്റ്‌ അധിഷ്‌ഠിത ആപ്ലിക്കേഷനുകള്‍ക്ക്‌ സാധ്യത തെളിയും.

2015 ആകുമ്പോഴേയ്‌ക്കും ആധാര്‍ കാര്‍ഡ്‌ ഡിജിറ്റലാക്കാനാണ്‌ കേന്ദ്രം ഉദ്ദേശിക്കുന്നത്‌. അതോടെ ഇന്റര്‍നെറ്റ്‌ പെട്ട ഭാഗം പതിന്‍മടങ്ങാകും.

സാധാരണ ഇലക്‌ട്രോണിക്‌സ്‌ ഗാഡ്‌ജറ്റുകളെല്ലാം വലിയ ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി മാറുകയും കണക്‌റ്റിവിറ്റി ഉണ്ടാവുകയും ചെയ്യുന്നതായിരിക്കും മറ്റൊരു മാറ്റം. ടെലിവിഷനില്‍ ഐ.പി.ടി.വി. പോലെ റഫ്രിജറേറ്ററിലും, വാഷിംഗ്‌ മെഷീനിലുമെല്ലാം ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ വരും. ഇവയ്‌ക്കും അഡ്രസുകള്‍ വേണ്ടിവരും. ഏത്‌ മെഷീന്‍ ഉപയോഗിച്ചാലും ഇന്റര്‍നെറ്റ്‌ ബന്ധിതമായാല്‍ അതിന്‌ ആഗോളവ്യാപകമായി ഒരൊറ്റ മേല്‍വിലാസമായിരിക്കും ഉണ്ടാവുക.