Capturing Business 360°

ഇനി സംരംഭകത്വത്തിന്റെ വഴിയെ

ഇന്ത്യാവിഷനില്‍ നിന്ന്‌ പോയ പ്രൊഫഷണലുകള്‍ സ്വന്തം ടെലിവിഷന്‍ സംരംഭങ്ങളുമായി
കൊച്ചി: ഇന്ത്യാവിഷനെ ഒന്‍പതു വര്‍ഷക്കാലം നയിച്ച എം വി നികേഷ്‌കുമാര്‍ റിപ്പോറര്‍ട്ടര്‍ എന്നെ ടെലിവിഷന്‍ ചാനലുമായി പുറത്ത്‌ വന്നത്‌ അപ്രതീക്ഷിതമായിട്ടാണ്‌. മലയാളത്തില്‍ വാര്‍ത്താ ചാനല്‍ സങ്കല്‌പം യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ ചുക്കാന്‍ പിടിച്ച നികേഷ്‌കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍ ബാലാരിഷ്‌ടതകള്‍ മറികടന്ന്‌ റേറ്റിങ്ങില്‍ മുന്‍തൂക്കം നേടാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി ന്യൂസ്‌ ബ്രേക്കുകളും ചാനല്‍ സൃഷ്‌ടിച്ചു. വലിയ പ്രാഥമിക നിക്ഷേപവും, ഉയര്‍ന്ന ദൈനംദിന ചെലവുകളുമുള്ള ചാനല്‍ വ്യവസായ രംഗത്ത്‌ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ `റിപ്പോര്‍ട്ടര്‍’ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാഭകരമായേക്കും. മലയാളം ന്യൂസ്‌ സെഗ്‌മെന്റിലെ താര പരിവേഷം ഇപ്പോഴും നികേഷ്‌ കുമാറിന്‌ തന്നെ. സംരംഭകത്വമെന്ന കടുപ്പമേറിയ മേഖല നികേഷിന്‌ വഴങ്ങി തുടങ്ങിയിരിക്കുന്നു. വാര്‍ത്ത ആഘോഷമാക്കുന്നതില്‍ എപ്പോഴും വിരുതു കാട്ടുന്ന നികേഷ്‌ സംരംഭകന്റെ റോളും ആസ്വദിച്ചു തുടങ്ങി.
ഇന്ത്യാ വിഷന്റെ സ്റ്റാര്‍ വാര്‍ത്താവതാരകനും, നികേഷ്‌ കഴിഞ്ഞാല്‍ ചാനലിന്റെ മുഖവുമായിരുന്ന ഭഗത്‌ ചന്ദ്രശേഖരന്‍ തുടക്കമിട്ട വാര്‍ത്താചാനല്‍ സംപ്രേക്ഷണം ഉടന്‍ തുടങ്ങും. കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമെന്ന നിലയില്‍ ഇത്‌ ശ്രദ്ധേയമാണ്‌; പുതിയ ഒരു ബിസിനസ്‌ മോഡല്‍. ചാനലിന്‌ വ്യവസായ സമൂഹത്തില്‍ നിന്ന്‌ നിക്ഷേപകരെ കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. വേറിട്ട ഉള്ളടക്കവുമായിട്ടാണ്‌ ഭഗത്തിന്റെ തിരിച്ചുവരവ്‌. ന്യൂസും പ്രോഗ്രാംസുമുണ്ട്‌. ചാനലിന്റെ പേര്‌ പുറത്തുവിട്ടിട്ടില്ല. സ്റ്റുഡിയോ നിര്‍മ്മാണം പൂര്‍ത്തിയായി. ജീവനക്കാരുടെ നിയമനവും.ഇന്ത്യാവിഷനില്‍ നിന്ന്‌ പിരിഞ്ഞ കിടയറ്റ ജേര്‍ണലിസ്റ്റുകളിലൊരാളായ എം.പി. ബഷീറും സംരംഭകനാവുകയാണ്‌. ബഷീറിന്റെ നേതൃത്വത്തിലുള്ള സൗത്ത്‌ ലൈവിന്റെ ലക്ഷ്യവും മലയാളം വാര്‍ത്താ ചാനലാണ്‌. ഇന്ററാക്‌ടീവ്‌ വെബ്‌ പോര്‍ട്ടലുമായാണ്‌ തുടക്കം. ന്യൂ മീഡിയയായിരിക്കും വൌത്ത്‌ ലൈവിന്റെ തട്ടകം. ഡോ. സെബാസ്റ്റ്യന്‍ പോളാണ്‌ ചെയര്‍മാന്‍. ടെലിവിഷന്‍ പ്രൊഡ്യൂസറെന്ന നിലയില്‍ മികവറിയിച്ച സാജ്‌ കുര്യന്‍ മാനേജിങ്ങ്‌ ഡയറക്‌ടറാണ്‌. ഇന്ത്യാവിഷന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്ന എ. സഹദേവന്‍ ബഷീറിനൊപ്പമുണ്ട്‌. സാമ്പത്തിക പിന്തുണ സ്ഥാപനം ഉറപ്പാക്കിയതായാണ്‌ സൂചന. എസ്‌ ആര്‍ നായര്‍ ഉള്‍പ്പെടെയുള്ള മികച്ച കണ്‍സള്‍ട്ടന്റുമാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നു.