Capturing Business 360°

ഇതാ ശരിക്കും ഒരു ആഗോള മലയാളി

ലോകത്തെ ഏറ്റവും വലിയ അഗ്രികള്‍ച്ചര്‍ കമ്പനികളിലൊന്നിനെ നയിക്കുന്ന മലയാളിയെ നാടിന്‌ പരിചയപ്പെടുത്തിയ ധനത്തിന്റെ ബിസിനസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നൈറ്റ്‌ ആ ഒറ്റക്കാരണം കൊണ്ടുതന്നെ ശ്രേഷ്‌ഠമായ ഒരു ചടങ്ങായി.
സണ്ണി ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌. ഒലാം ഇന്റര്‍നാഷണല്‍ എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയുടെ മാനേജിങ്ങ്‌ ഡയറക്‌ടറും സിഇഒയുമാണ്‌ സണ്ണി. 65 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്‌, ഈ കമ്പനിക്ക്‌. 23,000 ജീവനക്കാര്‍. 13,600ഓളം ഉപഭോക്താക്കള്‍.
അതിവിപുലമായ ഉല്‌പന്നശ്രേണിയും, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മേഖലകളുമുള്ള ഒലാം ഇന്റര്‍നാഷണല്‍ കേവല്‍റാം ഗ്രൂപ്പിന്റെ ഭാഗമാണ്‌. ഗ്രൂപ്പ്‌ അഗ്രിക്കള്‍ച്ചര്‍ കേന്ദ്രീകൃത ബിസിനസ്‌ തുടങ്ങാന്‍ പദ്ധതിയിടുമ്പോള്‍ ആ ഉത്തരവാദിത്വം സണ്ണിയില്‍ വന്നുചേര്‍ന്നു. 25 വര്‍ഷം മുമ്പ്‌ സണ്ണി അങ്ങനെ ആഫിക്കന്‍ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായുള്ള ഒലാമിന്റെ ഫൗണ്ടര്‍മാരിലൊരാളായി. ഒലാമിന്റെ വളര്‍ച്ചയില്‍ അതി നിര്‍ണ്ണായക പങ്കു വഹിച്ചു. ഒടുവില്‍ ഒലാമിന്റെ ഗ്രൂപ്പ്‌ മാനേജിങ്ങ്‌ ഡയറക്‌ടറും സി.ഇ.ഒയുമായി. സിംഗപ്പൂര്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ള ഒലാം അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്‌. തികഞ്ഞ പ്രൊഫഷണലിസമുള്ള ഒരു മള്‍ട്ടി നാഷണല്‍.
അഹമ്മദാബാദ്‌ ഐ.ഐ.എമ്മില്‍ നിന്ന്‌ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ സണ്ണി ഹവാര്‍ഡിലും മാനേജ്‌മെന്റ്‌ പഠിച്ചു. കുറെക്കാലം യൂണിലിവറില്‍ ജോലി ചെയ്‌തു. പിന്നീട്‌ കെ.സി. ഗ്രൂപ്പില്‍ ചേര്‍ന്നു.
2008-ല്‍ സിംഗപ്പൂരിലെ മികച്ച സംരംഭകനുള്ള ഏണ്‍സ്റ്റ്‌ ആന്റ്‌ യംഗ്‌ അവാര്‍ഡ്‌ നേടി. 2011-ല്‍ സിംഗപ്പൂരിലെ മികച്ച സി.ഇ.ഒ. ആയി തെരഞ്ഞെടുക്കപ്പെട്ടു. 2010-ല്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ പബ്ലിക്‌ സര്‍വ്വീസ്‌ മെഡല്‍ നേടി. സിംഗപ്പൂരിലെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ അഡ്‌വൈസറി ബോര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നു.
55കാരനായ സണ്ണി ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌ താരതമ്യത്തില്‍ ആഗോള സാന്നിദ്ധ്യമുള്ള മലയാളി ബിസിനസുകാരില്‍ ഒന്നാമത്‌ നില്‍ക്കേണ്ടയാളാണ്‌.
ധനത്തിന്റെ ബിസിനസ്‌ എക്‌സലന്‌ഡസ്‌ നൈറ്റില്‍ മുഖ്യപ്രഭാഷകനായിരുന്നു അദ്ദേഹം. മനോഹരമായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഒഴുക്കുള്ള ഭാഷാശൈലി. കാമ്പുള്ള ഉള്ളടക്കം. ദീര്‍ഘദര്‍ശിത്വം തുടിക്കുന്ന നിരീക്ഷണങ്ങള്‍. കുറഞ്ഞ സമയമെടുത്ത്‌ സണ്ണി ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌ പ്രസംഗം പൂര്‍ത്തിയാക്കി. കേള്‍വിക്കാര്‍ക്ക്‌ ഇടപഴുകാനുള്ള സമയമായി.
നല്ല വ്യക്തതയും, കൃത്യതയുമുള്ള മറുപടികള്‍. ഇടയ്‌ക്ക്‌ നാളികേര വികസന ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ. ജോസ്‌ ഐ.എ.എസിന്റെ ബ്യൂറോക്രാറ്റിക്‌ ശൈലിയിലുള്ള ചോദ്യത്തിനും വിനയം നിറഞ്ഞ മറുപടി ചില മഹത്തുക്കള്‍ അവരുടെ സാന്നിദ്ധ്യെ കൊണ്ടുതന്നെ ഒരു കൂട്ടായ്‌മയെ ചൈതന്യം കൊണ്ടു നിറയ്‌ക്കും.ഒലാമിനോക്കുറിച്ചും, സണ്ണി ജോര്‍ജ്ജ്‌ വര്‍ഗ്ഗീസിനെക്കുറിച്ചുമുള്ള ആമുഖം ധനത്തിന്റെ ചടങ്ങില്‍ നിന്ന്‌ കിട്ടി. കൂടുതല്‍ വിവരങ്ങള്‍ നെറ്റില്‍ പരതുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന വലുപ്പം ബോധ്യമായി,സണ്ണി ജോര്‍ജ്ജ്‌ വര്‍ഗ്ഗീസിനെയും ഒലാമിനെയും നാടിന്‌ പരിചയപ്പെടുത്തിയ ധനത്തിനും, എഡിറ്റര്‍ കുര്യന്‍ എബ്രാഹാമിനും നന്ദി.