Capturing Business 360°

ആര്‍ ബി ഐ നയം നല്‍കുന്ന സൂചന

സാമ്പത്തിക വര്‍ഷത്തിലെ പ്രഥമ ധനവായ്പാ നയം പ്രതീക്ഷിച്ചതുപോലെ നിരക്കുകള്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്‌സ് റിപ്പോ 5.75 ശതമാനവുമായി തുടരും. സി ആര്‍ ആര്‍ നിരക്ക് നിലവിലെ 4 ശതമാനം തന്നെയായിരിക്കും. അവലോകന യോഗത്തില്‍ സമിതി അംഗങ്ങളില്‍ അഞ്ച് പേരും ഇതിന് അനുകൂലമായി വോട്ട് ചെയ്തുവെന്നതു ശ്രദ്ധേയമാണ്. നിലവില്‍ റീട്ടെയില്‍ പണപ്പെരുപ്പം 4.44 ശതമാനമാണെങ്കിലും ഇത് വര്‍ദ്ധിക്കാനുളള സാദ്ധ്യതയാണ് ആര്‍ബിഐ പരിഗണിച്ചത്. ക്രൂഡ് വിലയിലുണ്ടായിരിക്കുന്ന വര്‍ദ്ധന ഭാവിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആര്‍ബിഐ കണക്കു കൂട്ടുന്നു. ഇത് പണപ്പെരുപ്പത്തോത് ഉയര്‍ത്താനുളള സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. പലിശ നിരക്ക് കുറയ്ക്കാനുളള സാദ്ധ്യതകളെ ഇത് ഇല്ലാതാക്കി. കഴിഞ്ഞ പണവായ്പാനയത്തിലും ആര്‍ബിഐ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. 2017 ആഗസ്റ്റില്‍ റിപ്പോ നിരക്കില്‍ .25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. സമ്പദ് രംഗം ഉണര്‍വ്വിലേക്ക് എത്തുന്നുവെന്നതിന്റെ സൂചനകളെയും പണപ്പെരുപ്പം കുറയുന്നതിനെയും അടിസ്ഥാനമാക്കിയാണ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനത്തിലേക്ക് കുറച്ചത്. ഇവിടെഈസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ പണപ്പെരുപ്പം ആശാസ്യമായ നിലയിലെത്തുമെന്ന സൂചന നല്‍കുന്നത് ഇനിയും പലിശ നിരക്ക് ഉയര്‍ത്തില്ലെന്ന വിശ്വാസം ഉറപ്പാക്കുന്നുണ്ട്. ഈ വായ്പാ നയം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചനയും ഇതുതന്നെയാവും. ആഗോള സമ്പദ് രംഗത്ത് ക്രൂഡ് വില തീര്‍ക്കുന്ന സങ്കിര്‍ണ്ണതകള്‍ക്കൊപ്പം യു എസ്സ്,ചൈന വ്യാപാരയുദ്ധം സങ്കീര്‍ണ്ണത ഉയര്‍ത്തുമോ എന്ന ആശങ്കയും നിലവിലുണ്ട്. ഇവയൊക്കെ വെയ്റ്റ ആന്റ സി പോളിസിയിലേക്ക് എത്താന്‍ ആര്‍ബിഐ യെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഇക്കുറി സാമ്പത്തിക വിദഗ്ദ്ധരും വ്യവസായ ലോകവും ഇത്തരമൊരു നയം പ്രതീക്ഷിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. വളര്‍ച്ചയെപ്പറ്റി ആര്‍ബിഐ യ്ക്ക് സന്ദേഹങ്ങളില്ലെന്നതും ശ്രദ്ധേയമാണ്.

ഇത് പ്രതീക്ഷിക്കപ്പെട്ടിരുന്ന നയം തന്നെ – ഡോ.വി.കെ.വിജയകുമാര്‍

ഇത്തവണ ആര്‍ബിഐ പ്രഖ്യാപിച്ച പണവായ്പാനയം റിപ്പോ നിരക്ക് 6 ശതമാനമായും റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും തുടരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഇത് ഇന്നത്തെ സാമ്പത്തിക സാഹചര്യങ്ങളില്‍ ബഹുഭൂരിപക്ഷം സാമ്പത്തിക വിദഗ്ദ്ധരും വ്യവസായികളും പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. പണപ്പെരുപ്പം കുറഞ്ഞെങ്കിലും ആര്‍ബിഐ പ്രതീക്ഷിച്ച നിരക്കിലെത്തിയില്ല. നിലവില്‍ അത് 4.4 ശതമാനത്തിലാണുളളത്. എന്നാല്‍ സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ നിരക്ക് കുറയുമെന്ന സൂചന നല്‍കിയിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സൂചനതന്നെയാണ്. കാരണം ഈ സാമ്പത്തിക വര്‍ഷം ബാങ്ക് നിരക്കില്‍ രണ്ട് പ്രാവശ്യമെങ്കിലും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ സൂചനയനുസരിച്ച് പലിശനിരക്ക് ഇനിയും ഉയരാനിടയില്ലെന്നത് വളരെ പ്രധാനമാണ്. ഇന്നത്തെ ചൈന – യുഎസ് വ്യാപാരതര്‍ക്കം ഒരു സങ്കീര്‍ണ്ണ പ്രശ്‌നമായി മാറുമെന്ന് കരുതുന്നില്ല. ആഗോള സമ്പദ് രംഗത്ത് അത് വെല്ലുവിളിയായിത്തീരുമെന്ന് വിദഗ്ദ്ധര്‍ ആരും തന്നെ അഭിപ്രായപ്പെടുന്നില്ല. ധനനയത്തില്‍ അത്തരം പ്രശ്‌നം സ്വാധീനിച്ചിരിക്കാനിടയില്ല.

(പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനാണ് ലേഖകന്‍)

ആര്‍ബിഐ യുടെ കരുതല്‍ സമീപനമാണ് – പി.സത്യജിത്ത്

രാജ്യത്തെ സമ്പദ് രംഗം നേരിടുന്ന ചില പ്രതേ്യക സങ്കീര്‍ണ്ണതകളെ തികഞ്ഞ കരുതലോടെ വീക്ഷിക്കുന്ന സമീപനമാണ് ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്. ജനുവരിയില്‍ ഉയര്‍ന്നു നിന്ന പണപ്പെരുപ്പ നിരക്കില്‍ ഫെബ്രുവരിയോടെ ശമനമുണ്ടായിട്ടുണ്ടെങ്കിലും അത് എത്രമാത്രം സ്ഥിരത പുലര്‍ത്തുമെന്നതില്‍ ആര്‍ബിഐ യ്ക്ക് സന്ദേഹമുണ്ട്. അതുകൊണ്ട് തന്നെയാണ് തല്‍ക്കാലം നിരക്കുകളില്‍ മാറ്റം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. പണപ്പെരുപ്പത്തിന്റെ അലയൊലികള്‍ വിട്ടൊഴിയാത്ത സാഹചര്യവും വളര്‍ച്ചാനിരക്കിലെ ഇടിവുമെല്ലാം പരിഗണിച്ചാണ് ആര്‍ബിഐ ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കുന്നതെന്നാണ് സൂചന. സര്‍ക്കാര്‍ തലത്തില്‍ നിരക്കുകള്‍ കുറയ്ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും ആര്‍ബിഐ സമിതി അത് തളളുകയാണുണ്ടായത്. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് പലിശ നിരക്കുകളില്‍ ഇളവു വരുത്തണമെന്ന അഭിപ്രായമാണ് കേന്ദ്രധന മന്ത്രാലയവും കേന്ദ്രഭരണനേതൃത്വവും മുന്നോട്ടു വെയ്ക്കുന്നത്. എന്നാല്‍ ആര്‍ബിഐ സമിതി ഇക്കാര്യത്തില്‍ കരുതല്‍ നയമാണ് സ്വീകരിച്ചത്. ബാങ്കിങ്ങ് മേഖല നേരിടുന്ന കിട്ടാക്കടം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ധനമേഖലയില്‍ നിലവിലുളള വിപരീതസൂചനകളുമാണ് ആര്‍ബിഐ കാര്യമായി പരിഗണിച്ചിട്ടുളളത്. ബാങ്കുകളുടെ ശാക്തീകരണം സമ്പദ് രംഗം കാലികമായി ആവശ്യപ്പെടുന്നുണ്ട്. പലിശ നിരക്കില്‍ ഇളവുനല്‍കല്‍ സാമ്പത്തിക സൂചികകള്‍ മെച്ചപ്പെട്ടതിനു ശേഷമാകാമെന്ന കണക്കുകൂട്ടലാണ് ആര്‍ബിഐ യ്ക്കുളളത്. ആര്‍ബിഐ ഇത്തരത്തില്‍ കരുതല്‍ സമീപനം സ്വീകരിക്കുമ്പോള്‍ ് വളര്‍ച്ചയില്‍ പ്രതീക്ഷ പുലര്‍ത്തുന്നുമുണ്ട്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

കാല്‍ശതമാനത്തിന്റെ കുറവ് നല്‍കാമായിരുന്നു – കെ.ടി.ജോസഫ്

സമ്പദ് രംഗത്ത് പണപ്പെരുപ്പം കുറഞ്ഞ സാഹചര്യം മുന്‍നിര്‍ത്തി പലിശനിരക്കുകളില്‍ .25 ശതമാനത്തിന്റെ ഇളവ് നല്‍കാമായിരുന്നുവെന്ന അഭിപ്രായം ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധര്‍ക്കുണ്ട്. ആര്‍ബിഐ അവലോകനസമിതിയില്‍ തന്നെ അത്തരത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. കേന്ദ്രധനമന്ത്രാലയവും വളര്‍ച്ചയ്ക്ക് നിരക്കില്‍ ഇളവുണ്ടാകണമെന്ന ചിന്തയാണ് കാലങ്ങളായി ഉയര്‍ത്തുന്നത്. നിര്‍ഭാഗ്യവശാല്‍ അതിന് പ്രാമുഖ്യം കല്പിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. രാജ്യം ഒട്ടേറെ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതുവഴിയാണ് രക്ഷനേടിയതെന്ന കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട്. ഇനിയും ആ വളര്‍ച്ച നിലനിര്‍ത്തണം. അതിന് ധൈര്യപൂര്‍വ്വം ചില തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്. ആര്‍ബിഐ യുടെ ഭാഗത്തു നിന്നും അത്തരം സമീപനമാണ് ഭാവിയിലും ഉണ്ടാകേണ്ടത്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)