Capturing Business 360°

അസറ്റ്‌ @ 2000 CR @ 2020

എന്ത്‌കൊണ്ട്‌ അസറ്റ്‌
ഏഴു വര്‍ഷം കൊണ്ട്‌ കൈവരിച്ച സ്ഥിരതയുള്ള വളര്‍ച്ച

അസറ്റ്‌ ഹോംസ്‌ വളര്‍ച്ചാലക്ഷ്യം കുറിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള ഏഴു വര്‍ഷങ്ങളില്‍ 2000 കോടി വിറ്റുവരവുള്ള കമ്പനിയായി മാറുകയെന്ന സ്വപ്‌നതുല്യമായ ലക്ഷ്യത്തിലേക്കാണ്‌ ഇനി അസറ്റിന്റെ പ്രയാണം. പിന്നിട്ട ഏഴ്‌ വര്‍ഷങ്ങളിലെ അസറ്റിന്റെ വഴിത്താരകള്‍ അറിയുന്നവര്‍ അതുകേട്ട്‌ അമ്പരക്കില്ല.
ലോകമാകമാനം സാമ്പത്തിക അരക്ഷിതത്വത്തിന്റെ നടുക്കടലില്‍ ഉലഞ്ഞ്‌ നില്‍ക്കുമ്പോഴാണ്‌ റിയാല്‍റ്റി ബിസിനസിലേക്ക്‌ അസറ്റിന്റെ വരവ്‌. ഏത്‌ ബിസിനസ്‌ തുടങ്ങാനും ആളുകള്‍ ഭയക്കുന്ന സമയം. റിയാല്‍റ്റി ഈ സുനാമിയില്‍ കടലെടുക്കുമെന്ന്‌ അറിയാവുന്ന പ്രവാചകരൊക്കെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന സമയം. കാറ്റും കോളും നിറഞ്ഞ ബിസിനസ്‌ അന്തരീക്ഷത്തില്‍ ഏറ്റവും മോശമായ ഭൗതിക പശ്ചാത്തലത്തില്‍ നിന്നാണ്‌ അസറ്റ്‌ തീരമടുത്തത്‌.
അതെ ബിസിനസിലെ പരീക്ഷണ ഘട്ടം കഴിഞ്ഞു. അസെറ്റിന്‌ അതിന്റെ യാത്രയിലെമ്പാടും ഈശ്വരാധീനം വലുതായുണ്ടായിരുന്നു. അതുകൊണ്ടാവാം പൊതു വിപണിയിലെ പ്രതിസന്ധികള്‍ അവരെ ബാധിച്ചില്ല.
എല്ലാവരും വിപണിയെ ഭയന്ന്‌ മാറിനിന്നപ്പോള്‍ അസറ്റ്‌ മുന്നോട്ടു തന്നെ കാലെടുത്തു വച്ചു. പിന്നെ അതിവേഗ വളര്‍ച്ചയുടെ നാളുകള്‍. തുടര്‍ച്ചയായ പദ്ധതികള്‍. കൊച്ചി നഗരത്തിലും, നഗരപ്രാന്തങ്ങളിലും, അടുത്ത ജില്ലകളിലും സാധ്യതയുള്ള മറ്റ്‌ ജില്ലകളിലും പദ്ധതികളുമായി കടന്നു ചെന്നു.
മാന്ദ്യത്തെ എങ്ങനെ അതിജീവിക്കാമെന്നതിന്‌ ഒരു അസെറ്റ്‌ മാതൃക കൂടിയായി കടന്നുപോയ ഏഴു വര്‍ഷങ്ങള്‍. 30 ലക്ഷം സ്‌ക്വയര്‍ഫീറ്റിന്റെ നിര്‍മ്മാണം അവര്‍ ഇതിനകം പൂര്‍ത്തിയാക്കി. 30 പദ്ധതികള്‍ ഹാന്‍ഡ്‌ഓവര്‍ ചെയ്‌തു. ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്‌ ഏഴ്‌ പുതിയ പദ്ധതികളും. എന്തായിരുന്നു അസറ്റിന്റെ വളര്‍ച്ചയുടെ കാതല്‍. കമ്പനിയുടെ കോ ഫൗണ്ടറും, മാനേജിങ്ങ്‌ ഡയറക്‌ടറുമായ സുനില്‍ കുമാര്‍ അത്‌ ചുരുക്കിപ്പറയും.
ഒന്നാമത്തേത്‌ ഇന്നവേഷന്‍ തന്നെ. പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ നൂതനത്വമില്ലാതെ നില്‍ക്കാനാകില്ലെന്ന്‌ സുനിലിനും സംഘത്തിനും നന്നായറിയാമായിരുന്നു. ഇന്നവേഷന്‍ അവര്‍ക്കൊരു പാഷനുമായിരുന്നു.
ഓര്‍ക്കുന്നില്ലേ സി.ആര്‍.ജി. ഹോംസ്‌; കമ്മ്യൂണിറ്റി ലിവിങ്ങിന്റെ മനോഹരമായ ആവിഷ്‌ക്കാരം. ഒരേ സ്ഥാപനത്തിലുള്ളവര്‍, ഒരേ മേഖലയില്‍ പണിയെടുക്കുന്നവര്‍, ഒരേ സ്ഥലത്ത്‌ ജനിച്ചു വളര്‍ന്നവര്‍ എന്നിങ്ങനെ അടുത്ത ബന്ധമുള്ളവര്‍ ഒരേ അപാര്‍ട്ട്‌മെന്റില്‍ ഒരുമിച്ചു, അസറ്റ്‌ അവതരിപ്പിച്ച സി.ആര്‍.ജി. ഹോമുകളില്‍. ബാങ്ക്‌ ജീവനക്കാര്‍, കോളേജധ്യാപകര്‍ എന്നിങ്ങനെ നിരവധി ഗ്രൂപ്പുകള്‍ ഈ ആശയത്തില്‍ പങ്കു ചേര്‍ന്നു.
ബില്‍ഡറുടെ പക്ഷത്തു നിന്ന്‌ നോക്കുമ്പോള്‍ നിരവധി മേന്‍മകളുണ്ട്‌ ഈ ആശയത്തിന്‌. മെയിന്റനന്‍സ്‌ ചാര്‍ജുകള്‍ കുറവ്‌. ഉപഭോക്താക്കളുടെ കൂട്ടായ ആവശ്യകതകള്‍ നോക്കിയാല്‍ മതി. യൂണിറ്റുകള്‍ കുറവ്‌, ആവശ്യക്കാരെ കണ്ടെത്താന്‍ പ്രയാസവുമില്ല. 6 പ്രൊജക്‌ടുകള്‍ അസെറ്റ്‌ ഈ വിധം പൂര്‍ത്തിയാക്കി. ഇപ്പോഴും ഇതിന്‌ ആവശ്യക്കാരുണ്ട്‌. എല്ലാ കാലവും ഒരേ ആശയം വേണ്ടല്ലോ എന്ന്‌ കരുതി അസെറ്റ്‌ പുതുമകളിലേയ്‌ക്ക്‌ നീങ്ങി.
സംസ്ഥാനത്ത്‌ ആദ്യത്തെ ഡിജിറ്റല്‍ ഹോമുകള്‍ അവതരിപ്പിച്ചതും അസറ്റ്‌ തന്നെ. എല്ലാം ഡിജിറ്റലാകുന്ന കാലം. ഐഡി കാര്‍ഡ്‌ ഡിജിറ്റലാക്കാന്‍ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്ന നാളുകള്‍. അപ്പോഴാണ്‌ അസറ്റ്‌ സമ്പൂര്‍ണ്ണ ടൗണ്‍ ഹൗസുകള്‍ അവതരിപ്പിച്ചത്‌. വെറുതെ പേരിനൊരു ഡിജിറ്റലല്ല. അടിമുടി ടെക്‌ ഹോമുകളായിരുന്നു അവ. ബയോമെട്രിക്‌ എന്‍ട്രി, വൈഫൈ, ഐഡി കാമറ സെക്യൂരിറ്റി, ഡിജിറ്റല്‍ ലോക്ക്‌, കാര്‍ഡ്‌ എന്‍ട്രി അങ്ങനെ ടെക്‌മയമാക്കി അപ്പാര്‍ട്ട്‌മെന്റിനെ.
ടൗണ്‍ ഹൗസ്‌ അവതരിപ്പിക്കുമ്പോള്‍ അതും പുതുമയായി. ബില്‍ഡിങ്ങ്‌ നിയമത്തിലെ ചില നൂലാമാലകളെ മറികടക്കാനാണ്‌ ഡിജിറ്റല്‍ ഹോമുകള്‍ അസറ്റ്‌ കൊണ്ടുവന്നത്‌. ബേസ്‌മെന്റ്‌, ഗ്രൗണ്ട്‌, മൂന്ന്‌ ഫ്‌ളോറുകള്‍ അതായിരുന്നു കോമ്പിനേഷന്‍.
സര്‍വ്വീസ്‌ അപ്പാര്‍ട്ട്‌മെന്റ്‌ ട്രെന്‍ഡ്‌ കൊണ്ടുവന്നതും വിജയിപ്പിച്ചതും അസെറ്റിന്റെ മറ്റൊരു നേട്ടം. മെയിന്റനന്‍സിനുള്ള ചെലവ്‌ കിഴിച്ച്‌ 5 – 6 ശതമാനം റിട്ടേണ്‍ (വാടക ഇനത്തില്‍) നല്‍കാന്‍ കഴിഞ്ഞത്‌ ഉപഭോക്താക്കള്‍ക്ക്‌ ആകര്‍ഷകമായി. അതുവരെ റിട്ടേണ്‍ പലപ്പോഴും പരസ്യവാചകം മാത്രമായിരുന്നു.
സംസ്ഥാനത്ത്‌ റിയാല്‍റ്റി ബിസിനസിനുള്ള ചില പൊതു വെല്ലുവിളികളെക്കുറിച്ച്‌ അസെറ്റിന്‌ നല്ല ബോധ്യമുണ്ട്‌. ഇവിടെ ആഭ്യന്തര വിപണി ദുര്‍ബ്ബലമാണ്‌. എന്‍.ആര്‍.ഐ കേന്ദ്രീകൃതമാണ്‌ ഇപ്പോഴും നമ്മുടെ അപാര്‍ട്‌മെന്റ്‌ ബിസിനസ്‌. പുറംലോകത്തെ പ്രവണതകളേതും നമ്മുടെ വിപണിയെ ബാധിക്കാന്‍ സാധ്യതയുമുണ്ട്‌. അപാര്‍ട്‌മെന്റുകളുടെ യഥാര്‍ത്ഥ ആവശ്യക്കാരെയാണ്‌ വേണ്ടത്‌, നിക്ഷേപകരെക്കാള്‍ – സുനിലിന്റെ വ്യക്തതയുള്ള അഭിപ്രായമിതാണ്‌.
നിരന്തരം മാറുന്ന കെട്ടിട നിയമങ്ങളും, വ്യവസ്ഥകളും, സര്‍ക്കാരുകളുടെ ബിസിനസിനോടുള്ള മനോഭാവവും, പൊതുജനങ്ങളുടെ നിലപാടുകളുമെല്ലാം ഈ ബിസിനസിനെ സ്വാധീനിക്കുന്ന ഘടകമായി സുനില്‍ ചൂണ്ടിക്കാട്ടുന്നു.
പക്വതയോടെ സ്വപ്‌നം കാണുമ്പോള്‍
അസറ്റ്‌ കേരളത്തില്‍ നിന്ന്‌ ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്യുന്ന ആദ്യ റിയാല്‍റ്റി കമ്പനിയാകുമെന്ന വാര്‍ത്തകള്‍ വ്യാപകമായി ഉണ്ടായിരുന്നു. “ശരിയാണ്‌, ഞങ്ങള്‍ക്കതില്‍ താല്‌പര്യക്കുറവില്ല. എന്നാല്‍ ഞങ്ങളുടെ ആദ്യലക്ഷ്യം ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള റിയല്‍ എസ്റ്റേറ്റ്‌ ബ്രാന്‍ഡായി വളരുകയെന്നതാണ്‌. ഒപ്പം 2020 ആകുമ്പോഴേയ്‌ക്കും 2000 കോടിയുടെ വിറ്റുവരവും. ആ രൂപത്തില്‍ ശക്തി തെളിയിച്ച ശേഷമേ ലിസ്റ്റിങ്ങിന്‌ ഞങ്ങള്‍ പോകൂ. ഞങ്ങളുടെ ഉപഭോക്താക്കളും, ജീവനക്കാരും, ഇടപാടുകാരും അസെറ്റിന്റെ ഓഹരി എടുക്കാന്‍ ധൈര്യമായി മുന്നോട്ടുവരുന്ന സാഹചര്യത്തിലേ അതുണ്ടാകൂ” – സുനില്‍ കുമാര്‍ പറയുന്നു.
റിയാല്‍റ്റി ബിസിനസിന്റെ ഭാവിയെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുകളുള്ളയാളാണ്‌ സുനില്‍. അവിടെ മാറ്റങ്ങള്‍ നിരന്തരമുണ്ടാകാം. പൊളിച്ചെഴുതലുകള്‍ നടക്കാം. ബദലുകള്‍ വരാം. എക്കാലവും ഇതേ രീതിയില്‍ പോകില്ല. മാറ്റങ്ങള്‍ക്ക്‌ എപ്പോഴും ഞങ്ങള്‍ സജ്ജരായിരിക്കുന്നു.
കൂര്‍ഗില്‍ പരീക്ഷിച്ച പേപ്പര്‍ ബോര്‍ഡുകള്‍ കൊണ്ടുണ്ടാക്കിയ വീട്‌ നെറ്റില്‍ കാണിച്ചു തന്നു, സുനില്‍. ഉപഭോക്താക്കളുടെ സൈക്കോളജിയും, ഫിലോസഫിയും, സോഷ്യോളജിയുമൊക്കെ ബിസിനസ്‌ ചെയ്യുന്നവര്‍ നോക്കിയിരിക്കണം.
ബ്രാന്‍ഡ്‌ വാല്യു ഒരു പ്രധാന പരിഗണനാ ഘടകമായി മാറിയിട്ടുണ്ട്‌. അഫോഡബിള്‍ ലക്ഷ്വറി (കൈപ്പിടിയിലൊതുങ്ങുന്ന ആര്‍ഭാടം) എന്നതാണ്‌ മറ്റൊരു ട്രെന്‍ഡ്‌.
35 ലക്ഷം മുതല്‍ മൂന്നര കോടി വരെയുള്ള ഫ്‌ളാറ്റുകള്‍ അസെറ്റിനുണ്ട്‌. ചില സ്ഥാപനങ്ങള്‍ ഇക്കണോമിക്‌ ഉല്‌പന്നങ്ങളുടെ പേര്‌ മാറ്റി ഉപയോഗിച്ച്‌ കാണുന്നു. അസറ്റ്‌ ആകട്ടെ ലക്ഷ്വറി അപാര്‍ട്‌മെന്റ്‌ പ്രൊജക്‌ടുകള്‍ക്ക്‌ അസെറ്റ്‌ പ്ലസ്‌ എന്ന്‌ പേരിട്ടു. ഒന്നിനെ ചെറുതാക്കാതെ മറ്റൊന്നിനെ വലുതാക്കുന്ന വിദ്യ.
എച്ച്‌ ആറില്‍ ഒരു ഫാമിലി ടച്ച്‌ കൊണ്ടുവന്നു, അസെറ്റ്‌. അവിടെയും ഒരു നൂതന പരീക്ഷണം. ജീവനക്കാരുടെ മുന്‍ തലമുറയെയും (മാതാപിതാക്കളെ) അടുത്ത തലമുറയെയും (കുട്ടികളെ) ബന്ധിപ്പിക്കുന്ന നിരവധി പരിപാടികള്‍ ഒരുക്കിക്കൊണ്ടാണിത്‌ ചെയ്‌തത്‌. തുടര്‍ച്ചയായി ഇവരുടെ കൂട്ടായ്‌മകളൊരുക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും നല്‍കുന്നു. ജീവനക്കാര്‍ക്കൊരു ഉടമസ്ഥാവകാശം തോന്നുംവിധമാണ്‌ എച്ച്‌.ആര്‍. നടപടിക്രമങ്ങള്‍. വടക്കേ ഇന്ത്യന്‍, ബംഗാളി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയിലുള്ള പുസ്‌തകങ്ങള്‍ ചേര്‍ത്ത്‌ ഒരു ലൈബ്രറി ഒരുക്കുകയാണ്‌ അസെറ്റ്‌.
കമ്പനിയുടെ സി എസ്‌ ആര്‍ പോളിസിയിലുമുണ്ട്‌ ഒരു നൂതനത്വം. എല്ലാത്തരം മുന്‍കൈകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ്‌. അങ്ങനെ വരുമ്പോള്‍ അതിനൊരു ഇംപാക്‌ട്‌ കൂടുമെന്നാണ്‌ മാനേജ്‌മെന്റിന്റെ വിശ്വാസം. ഭാവിയിലേക്ക്‌ ഒരു കരുതലുമാകും.
അസെറ്റിന്റെ ഗ്രോത്ത്‌ പോളിസി ഇങ്ങനെ ചുരുക്കിപ്പറയാം – `ഫാസ്റ്റ്‌ ആന്റ്‌ സ്റ്റെഡി’. മാര്‍ക്കറ്റിങ്ങിന്റെ കാര്യത്തില്‍ പോളിസി വ്യത്യസ്‌തം – തികച്ചും `അഗ്രസീവ്‌’ പരസ്യങ്ങളില്‍ സുതാര്യതയും.
പറഞ്ഞ സമയത്ത്‌ പ്രൊജക്‌ട്‌ തീര്‍ത്ത്‌ കൊടുക്കുന്നവരെന്ന സല്‍പ്പേര്‌ വിപണിയില്‍ അസെറ്റിന്‌ എന്നും ഒരു മുതല്‍ക്കൂട്ടായുണ്ട്‌.
എഴുതാപ്പുറം വായിച്ചത്‌
ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ്‌ മാനേജിങ്ങ്‌ ഡയറക്‌ടര്‍ സുനില്‍ കുമാറിനോട്‌ കൂടിക്കാഴ്‌ചക്കായി സമയം ചോദിച്ചത്‌.
ഇതിനിടയില്‍ പിന്നെ തിരക്കിന്റെ ദിവസങ്ങളായി. അസെറ്റിന്റെ ദുബായ്‌ ഓഫീസ്‌ ഉദ്‌ഘാടനത്തിനായി കുറച്ച്‌ ദിവസങ്ങള്‍ സുനില്‍ അവിടെയായിരുന്നു.
അവസാനം ശനിയാഴ്‌ച കാണാമെന്നായി. രാവിലെ 8 ണി ആകുന്നേയുള്ളൂ. സുനില്‍ കുമാര്‍ ഓഫീസിലെത്തി. ദൈനംദിന പരിപാടികളില്‍ മുഴുകാന്‍ തുടങ്ങിക്കഴിഞ്ഞു.
ഒരു വലിയ ബിസിനസുകാരന്റെ ഭാവങ്ങളൊന്നുമില്ലാത്ത നേര്‍ക്കുനേരുള്ള സംഭാഷണം. സുനില്‍ തൃശൂരുകാരനാണെന്നു തോന്നുന്നു. നല്ല തൃശ്ശൂര്‍ ചുവയുണ്ട്‌ സംസാരത്തിന്‌. ചോദിച്ചില്ല.
ബിസിനസിനെക്കുറിച്ച്‌ വാചാലമായി സംസാരിക്കാന്‍ ഇഷ്‌ടമുള്ള പ്രകൃതക്കാരനാണ്‌. ഓരോ വിഷയങ്ങളും വേണ്ടത്ര വിശദീകരിക്കുകയും സൂക്ഷ്‌മാംശങ്ങളിലേയ്‌ക്ക്‌ പോകുകയും ചെയ്യുന്ന രീതി. ഇടയ്‌ക്ക്‌ കോ ഫൗണ്ടറും, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുമായ അനില്‍ വര്‍മ്മ മുറിയിലേക്ക്‌. വര്‍മ്മയുമായി കൂട്ടുകാരന്റെ ഭാവത്തില്‍ കുശലാന്വേഷണം. വലിയ കാര്യങ്ങള്‍ ചെയ്യുമ്പോഴും, വലുതായി ഭാവിക്കാതിരിക്കുന്നതിന്റെ മഹത്വം രണ്ടു കൂട്ടുകാരിലും കണ്ടു.