Capturing Business 360°

അമേരിക്കൻ മലയാളി യുവാവിന് പീപ്പിൾ ചോയ്‌സ് അവാർഡ്; കേരളത്തിന് അഭിമാനമായി ഷോണിന്റെ പെയിന്റിങ്ങുകൾ

ഷോൺ വരച്ചു പഠിച്ചതു തനിയെയാണ്. ഒരു അക്കാദമിയിലും പോയിട്ടില്ല. ഗോഡ് ഫാദറില്ല. നിരന്തര സാധന. അശ്രാന്ത പരിശ്രമം. ആർക്കും അസൂയ തോന്നുന്ന ഉയരത്തിലേക്കാണ് കലയുടെ കൈപിടിച്ച് ഷോൺ നടന്നു പോകുന്നത്. അമേരിക്കയിലെ അഭിമാനാർഹമായ ആർട്ട് പുരസ്കാരങ്ങളിലൊന്ന് – പീപ്പിൾസ് ചോയ്സ് അവാർഡ് ഈ മലയാളി യുവാവിനെ തേടി എത്തി. അതും പല തവണ.

അർഹമായ അംഗീകാരമാണിത്. കാലിഫോർണിയയിലെ സാൻജോസിൽ താമസിക്കുന്ന ഷോൺ യു എസിലെ ആർട്ട് കമ്മ്യൂണിറ്റികളിൽ താരമാണ്. അതിനൊരു കാരണമുണ്ട്. പൊതുവെ ഈ കൂട്ടായ്മകൾ പ്രായമേറിയവരുടെ സംഘങ്ങളാണ്. കൂട്ടത്തിൽ ബേബി ആണ് ഷോൺ.

സ്വദേശം കൊച്ചി. ചാർട്ടേർഡ് അക്കൗണ്ടന്റാണ് ഷോൺ. പത്തു വർഷം മുൻപ് അമേരിക്കയിലെത്തി, അവിടെ ഐടി രംഗത്ത് ചുവടുറപ്പിച്ചു. പ്രമുഖ ഐടി കമ്പനികളിലൊന്നായ സേജ് ഇന്റക്റ്റിൽ സീനിയർ മാനേജർ (എഞ്ചിനീയറിംഗ്) ആണ് ഷോൺ.

നിരവധി ലൈവ് ഡെമോൺസ്‌ട്രേഷനുകൾ ഷോൺ ചെയ്തിട്ടുണ്ട്. ഒട്ടേറെ എക്സിബിഷനുകളും.

2016 ഷോണിന് മറക്കാനാവാത്ത വർഷമായിരിക്കും. ഒരു ദിവസം ഒരു പെയിന്റിംഗ് എന്ന ടാസ്ക് ഒരു റെസൊല്യൂഷനായി ഷോൺ എടുത്തു. ജോലിത്തിരക്കിനിടയിലും 364 വർക്കുകൾ പൂർത്തിയാക്കി. ഒരു പ്രൊഫഷണൽ കലാകാരന്റെ നിശ്ചയദാർഢ്യം.

ഷോണിന്റെ പെയിന്റിങ്ങുകളിൽ തുടിക്കുന്ന ജീവനുണ്ട്. അതി സൂക്ഷ്മമാണ് വരകൾ. സ്വന്തം വരകളെക്കുറിച്ചു ഷോൺ പറയുന്നത് ഇങ്ങനെ: ‘ഞാനൊരു ചാർക്കോൾ, ഗ്രാഫൈറ്റ്, സ്ക്രാച്ച് ബോർഡ് ആർട്ടിസ്റ്റ് ആണ്. പഠിച്ചത് അധികവും ഒറ്റക്ക്. ഓൺലൈൻ കുറച്ചൊക്കെ സഹായിച്ചു. നിരന്തരം പരിശീലിച്ചു’

തൃക്കാക്കര ഭാരത മാതാ കോളേജിലായിരുന്നു ബിരുദ പഠനം. അന്ന് മുതൽ ക്യാൻവാസ് ഒപ്പമുണ്ട്. യുഎസിലെ ആർട്ട് ലോകം ഷോണിന്റെ പുത്തൻ പെയിന്റിങ്ങുകൾക്കും പുതിയ ടാസ്കുകൾക്കുമായി കാത്തിരിക്കുന്നു.

ഷോണിന്റെ ഫേസ്‌ബുക്ക് പേജ്: https://www.facebook.com/ArtByShoneChacko/