Capturing Business 360°

അങ്ങാടിയിൽ തോറ്റതിന്…

ജി എസ് ടി എന്ന ആശയം എൻ ഡി എ സർക്കാർ കണ്ടുപിടിച്ചതല്ലല്ലോ?
ന്യൂ ഏജ് ബിഗ് ഡിബേറ്റ് എട്ടാം ഭാഗം സ്ട്രാറ്റജിക് കൺസൾട്ടന്റും പെർസെപ്‌ഷൻ മാനേജ്മെന്റ് വിദഗ്ധനുമായ സാലു മുഹമ്മദ് എഴുതുന്നു.

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന അവസ്ഥയിലാണ് ഇന്ന് ഇന്ത്യൻ ജനത. നോട്ടുനിരോധനം നൽകിയ ആഘാതത്തിൽ നിന്ന് കരകയറാൻ കൈകാലിട്ടടിക്കുന്ന ജനങ്ങളുടെ മുകളിലേക്ക് ജി എസ് ടി എന്ന ഭാരിച്ച ഒരു പരിഷ്കാരം കൂടി കേന്ദ്രസർക്കാർ വച്ച് കൊടുത്തു. ‘ഒരു രാജ്യം ഒരു വിപണി ഒരു നികുതി’ എന്നൊക്കെ കേൾക്കുമ്പോൾ ഒരു മഹാദർശനത്തിന്റെ ഭാവമൊക്കെയുണ്ടെങ്കിലും നടപ്പിൽ വരുത്തിയപ്പോൾ ഊരാക്കുടുക്കായി മാറി ജി എസ് ടി.
നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം പരിഷ്കരിക്കേണ്ടതാണെന്നതിൽ ഒരു സംശയവും ഇല്ല. പക്ഷെ, വേണ്ട തയാറെടുപ്പുകൾ പൂർത്തിയാക്കാതെ ഇത്രയും സുപ്രധാനമായ ഒരു മാറ്റം നടപ്പാക്കിയത് തീർത്തും അപക്വമാണ് . ജി എസ് ടി എന്ന ആശയം എൻ ഡി എ സർക്കാർ കണ്ടുപിടിച്ചതല്ലല്ലോ? കഴിഞ്ഞ സർക്കാർ അത് നടപ്പിലാക്കാതിരുന്നത് ഒരുക്കങ്ങൾ പൂർത്തിയാവാതിരുന്നതിനാലായിരുന്നു. നിലവിലെ സംവിധാനങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്നതിന് പ്രത്യേകിച്ച് തയാറെടുപ്പുകൾ ഒന്നും വേണ്ട എന്ന ചിന്തയാണ് മോഡി സർക്കാരിനുള്ളതെന്ന് നോട്ടു നിരോധനവും ജി എസ് ടി നടപ്പാക്കലും കണ്ടാൽ തോന്നിപ്പോകും. ഇവ രണ്ടും നമ്മുടെ സമ്പദ്ഘടനയിലുണ്ടാക്കിയ ആഘാതം ചെറുതല്ല.
നിലവിലുണ്ടായിരുന്ന നികുതികൾ ശാസ്ത്രീയമായി സമന്വയിപ്പിച്ച് ജനങ്ങൾക്കു മേൽ അധികഭാരമുണ്ടാക്കാതെയും നടപടിക്രമങ്ങൾ ലഘൂകരിച്ചുകൊണ്ടുമുള്ള ഒരു പുതിയ സംവിധാനമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും വാസ്തവം അതല്ല. ജി എസ് ടി വന്നതോടെ മറ്റെല്ലാ നികുതികളും ഇല്ലാതായി എന്നാണ് ഇപ്പോഴും ചിലർ ധരിച്ചിരിക്കുന്നത്. ജി എസ് ടി കൊടുത്തുകഴിഞ്ഞാലും വ്യാപാരികളും വ്യവസായികളും എത്രയിനം നികുതികൾ വീണ്ടും നൽകണം? ഇൻകം ടാക്സും വെൽത്ത് ടാക്സും പ്രൊഫഷണൽ ടാക്സും അടക്കം എല്ലാ ഡയറക്റ്റ് ടാക്സുകളും അതേപടി നിലനിൽക്കുന്നുദ്. ജി എസ് ടി എത്ര അടച്ചാലും ഡയറക്ട് ടാക്സിന് ഇളവുകളൊന്നും ലഭിക്കുകയില്ല. നിശ്ചിത തുകക്ക് മുകളിൽ ജി എസ് ടി അടക്കുന്ന

വ്യാപാരികൾക്ക് പ്രത്യക്ഷ നികുതിയിൽ എന്തെങ്കിലും ഇളവ് നല്കുന്നതിനെക്കുറിച്ചു ഇത് വരെ ആലോചന പോലും ഉണ്ടായിട്ടില്ല.ഒരു സാധനം വിൽക്കുമ്പോൾ അഥവാ ഒരു സേവനം നൽകുമ്പോൾ ലഭിക്കുന്ന തുകയിൽ നിന്നും ചെലവുകളും, ജിഎസ്ടി യും കഴിഞ്ഞുള്ള തുക ലാഭം എന്ന് കണക്കു കൂട്ടാം.ആ ലാഭത്തിൽ നിന്നും ഇൻകം ടാക്സ് അടക്കമുള്ള അടുത്ത ശ്രേണിയിലെ നികുതികൾ കൂടി അടച്ചു കഴിഞ്ഞാൽ പിന്നെ കച്ചവടക്കാരന്റെ കീശ കളിയാണ്. നികുതി അടക്കാൻ മാത്രമായി വ്യവസായവും, വ്യാപാരവും നടത്താൻ കഴിയുമോ? പെട്ടിയിൽ ചില്ലറ എന്തെങ്കിലും കിട്ടണമെങ്കിൽ വില കൂട്ടാതെ നിവൃത്തി ഇല്ലെന്നായി. അതിനു കഴിയാതെ ആയിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇന്ത്യയിൽ അടച്ചു പൂട്ടിയത്.കൂടിയ വില സാധാരണക്കാരൻ നൽകണമെന്ന അവസ്ഥ വന്നപ്പോൾ വിപണിയുടെ ചലനം നിലച്ച മട്ടായി.
ചെറുകിട കച്ചവടക്കാർ മുതൽ ഇടത്തരം ബിസിനസുകാർ വരെയുള്ളവർ അത്യധികം പ്രതിസന്ധിയിലായ ഈ ഘട്ടത്തിലും അവരെ പ്രതിക്കൂട്ടിലാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്,സോഷ്യൽ മീഡിയയിൽ ഇതിനായി കൊണ്ട് പിടിച്ച പ്രചാരണമാണ്.’ഇൻപുട് ക്രെഡിറ്റ്, ‘കോമ്പോസിഷൻ സ്കീം’ തുടങ്ങിയ സാധാരണക്കാർക്ക് അത്ര പരിചയമില്ലാത്ത പദ പ്രയോഗങ്ങളിലൂടെ ജിഎസ്ടി യെ മഹത്വവത്കരിക്കുകയും, കച്ചവടക്കാരെ കള്ളന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്നവയാണ് ഈ സന്ദേശങ്ങളിൽ അധികവും. ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞതും, വില വർധന ഉണ്ടായതും കച്ചവടക്കാരുടെ കുറ്റം കൊണ്ടല്ല.മറിച്ചു ഡീ മോണിട്ടൈസേഷൻ അടക്കമുള്ള ആശയങ്ങൾ വേണ്ടത്ര പ്ലാനിങ് ഇല്ലാതെ നടപ്പാക്കിയതിന്റെ പ്രശ്നമാണ് എന്ന് ബോധ്യപ്പെടേണ്ടിയിരിക്കുന്നു.
ജി എസ് ടി നിലവിൽ വരുന്നതിന് മുൻപ് ഒന്നരക്കോടിയിലേറെ ടേൺ ഓവറുകൾ ഉണ്ടെങ്കിൽ മാത്രം. സെയിൽസ്
ടാക്സ് നൽകിയാൽ മതിയായിരുന്നു. എന്നാൽ ജി എസ് ടി നടപ്പാക്കിയതോടെ ഇരുപതുലക്ഷത്തിലധികം ടേൺ ഓവറുള്ള കമ്പനികളും രെജിസ്ട്രേഷന്റെ പരിധിയിലായി.ഈ തട്ടിലുള്ള ബിസിനെസ്സുകളുടെ എണ്ണം വളരെ കൂടുതലാണ്. അവരിൽനിന്നും നികുതി ഈടാക്കി തുടങ്ങുന്നതോടെ ജനങ്ങൾക്ക് മേൽ നികുതി ഭാരം കൂടുകയാണ്. ഓരോ ഉല്പന്നവും സാധാരണക്കാരന്റെ കൈകളിലെത്തുന്നത് വിവിധ കേന്ദ്രങ്ങൾ പിന്നിട്ടാണ് ഈ വാല്യൂ ചെയിൻറെ ആദ്യ കണ്ണികളിൽ ജി എസ് ടി യുടെ ഭാരം വരുമ്പോൾ ജി എസ് ടി യിൽ ഉൾപ്പെടാത്ത അവസാന കണ്ണിയിലും അതിന്റെ ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമാണ്

വിപണിയുടെ വലുപ്പത്തിലും ജനസംഖ്യയിലും സങ്കീര്ണതകളിലും സമാനതകളില്ലാത്ത രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള ഒരു രാജ്യത്ത് ജനങ്ങളെ നേരിട്ടുബാധിക്കുന്ന പരിഷ്‌കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന്റെ ദുരന്ത ഫലമാണ് വിപണിയും ജനങ്ങളും അനുഭവിക്കുന്നത്.

ഈ വിഷയത്തിലുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ @Newagedaily എന്ന ഫേസ്ബുക്ക്‌ പേജിലോ teamnewage@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ പങ്കുവെക്കാവുന്നതാണ്
(തുടരും)