Capturing Business 360°

അക്കൗണ്ട് റദ്ദാക്കൽ: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് എസ്.ബി.ഐ

മുംബൈ: വലിയ തോതില്‍ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എസ്.ബി.ഐ വിശദമാക്കി. അസോസിയേറ്റ് ബാങ്കുകളുടെ ലയനം കാരണമാണ് 41.16 ലക്ഷം അക്കൗണ്ടുകള്‍ റദ്ദാക്കേണ്ടി വന്നതെന്നും മിനിമം ബാലന്‍സ് നിബന്ധനകളുമായി ഇതിന് ബന്ധമൊന്നുമില്ലെന്നുമാണ് എസ്.ബി.ഐയുടെ വിശദീകരണം.
നേരത്തെ വിവിധ അസോസിയേറ്റ് ബാങ്കുകളിലും എസ്.ബി.ഐയിലും അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന ഉപഭോക്താക്കള്‍, ബാങ്കുകളുടെ ലയനശേഷം ഇവ റദ്ദാക്കുകയായിരുന്നു. മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറാമെന്നും ഇതിന് മിനിമം ബാലന്‍സ് നിബന്ധനകളില്ലെന്നും വിശദീകരണമുണ്ട്. എസ്.ബി.ഐക്ക് നിലവില്‍ 41 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഈ സാമ്പത്തിക വര്‍ഷം 2.10 കോടി പുതിയ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. ഇതില്‍ 1.10 കോടി അക്കൗണ്ടുകള്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരമുള്ളവയാണ്. ഈ അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് നിബന്ധനകള്‍ ബാധകമല്ല. അതേസമയം മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ തുക എസ്.ബി.ഐ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുറച്ചിരുന്നു. ഇത് ഏപ്രില്‍ ഒന്നുമുതല്‍ പ്രബല്യത്തില്‍ വരും.
2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുളള കാലയളവില്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന പേരില്‍ 41.2 ലക്ഷം അക്കൗണ്ടുകള്‍ എസ്ബിഐ ക്ലോസ് ചെയ്തതായാണ് ബാങ്ക് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ തന്നെ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത സാധാരണ ജന്‍ധന്‍ അക്കൗണ്ടുകളും ഉള്‍പ്പെടാനുളള സാദ്ധ്യത തളളിക്കളയാനാകില്ല. കാരണം, സാധാരണക്കാരായ അക്കൗണ്ട് ഉടമകളോടും മറ്റ് ഇടപാടുകാരോടും എസ്ബിഐ പുലര്‍ത്തുന്നത് തികച്ചും നിരുത്തരവാദപരമായ സമീപനമാണ്. നിലവില്‍ 41 കോടി എസ്ബി അക്കൗണ്ടുകളാണ് എസ്ബിഐ യ്ക്കുളളത്. ഇതില്‍ 25 കോടി അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് ബാധകമാവുന്നത്. ബാക്കി വരുന്ന 16 കോടി അക്കൗണ്ടുകള്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല. ജന്‍ധന്‍ അക്കൗണ്ടുകളും ബേസിക് സേവിങ്‌സ് അക്കൗണ്ടുകളുമൊക്കെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി പ്രതേ്യക പരിഗണന നല്‍കേണ്ടവയാണെന്നിരിക്കെ എസ്ബിഐ യുടെ ഭാഗത്തു നിന്നുണ്ടാകുന്നത് നേര്‍വിരുദ്ധസമീപനമാണ്.
സാധാരണക്കാരായ കസ്റ്റമേഴ്‌സിനോട് എസ്.ബി.ഐ വച്ചുപുലര്‍ത്തുന്ന നിരുത്തരവാദപരമായ സമീപനം മാര്‍ച്ച് 16ന്റെ ന്യൂഏജ് ദിനപത്രത്തില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രശ്‌നം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്.
അസ്സോസിയേറ്റ് ബാങ്കുകളില്‍ നാളിതുവരെയായിമെയിന്റെയന്‍ ചെയ്തിരുന്ന അക്കൗണ്ടുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ എന്തുകൊണ്ട് എസ്.ബി.ഐ റദ്ദാക്കിയെന്നതിനു ഈ വിശദീകരണം തൃപ്തികരമാകുന്നില്ല.