Don't miss

ധനസ്ഥിതി ആശങ്കാജനകം

By on November 8, 2017

ഇന്ത്യൻ ജി ഡി പി യുടെ രണ്ടു ശതമാനം എന്നാൽ രണ്ടുലക്ഷം കോടിയാണെന്ന് എത്രപേർക്കറിയാം ഈ പണം കൊണ്ട് ക്രിയാത്മകമായ എന്തെല്ലാം കാര്യങ്ങൾ സർക്കാരിന് ചെയ്യാമായിരുന്നു

ന്യൂഏജ് ബിഗ് ഡിബേറ്റ് അവസാന ഭാഗം ഫിനാൻഷ്യൽ ജേർണലിസ്റ് ക്രിസ്റ്റിന ചെറിയാൻ എഴുതുന്നു
രാജ്യത്ത് ഒറ്റനികുതിഎന്ന ലക്‌ഷ്യം നടപ്പാക്കാൻ സർക്കാർ കാണിച്ച ഉദ്ദേശ്യശുദ്ധിയെ മാനിച്ചുകൊണ്ട് തന്നെയാണ് ബിഗ് ഡിബേറ്റ് ചർച്ച അവസാനിപ്പിക്കുന്നത്. ചരക്ക് സേവന നികുതിക്കല്ല പ്രശ്നം; അത് നടപ്പാക്കിയ രീതിയിൽ കുഴപ്പങ്ങൾ ഒളിച്ചിരിക്കുന്നു. നോട്ടസാധുവാക്കലിലും സംഭവിച്ചത് ഉചിതമായ മുൻകരുതൽ എടുക്കാതിരുന്നതു കൊണ്ടുണ്ടായ പ്രശ്നങ്ങളായിരുന്നു.

ഇന്ത്യ പോലുള്ള ബ്രഹ്‌മാണ്ഡ സമ്പദ്‌വ്യവസ്ഥയിൽ പുതുതായി ഒരു നയം കൊണ്ടുവരുമ്പോൾ പാളിച്ചകൾ ഉണ്ടാകാം എന്ന വാദത്തെ അംഗീകരിക്കുന്നു. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ വരാവുന്ന തടസങ്ങളും, വെല്ലുവിളികളും മനസിലാക്കാൻ കഴിവുള്ളവരായിരിക്കണമല്ലോ നയങ്ങൾ രൂപീകരിക്കേണ്ടത്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്പന്ദനങ്ങൾ തൊട്ടറിയുന്ന സാമ്പത്തിക വിദഗ്ധരുടെ സേവനം നയരൂപീകരണത്തിനായി വിനിയോഗിക്കാൻ സർക്കാരിന് കഴിയണം.

രാജ്യാന്തരതലത്തിൽ മികവുപുലർത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്ക് കൂടുതൽ അനുഭവ പരിചയമുണ്ടാകും. കൂടുതൽ രാജ്യങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ തൊട്ടടുത്തുനിന്ന് നിരീക്ഷിക്കാനും അവിടങ്ങളിലെ നയങ്ങളിൽ സംഭവിച്ച പാളിച്ചകൾ വിലയിരുത്താനുമുള്ള അവസരങ്ങൾ ലഭിച്ചവരായിരിക്കും അവർ. ഇതോടൊപ്പം ഇന്ത്യൻ സാഹചര്യങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും മനഃശാസ്ത്രവും മനസിലാക്കാനുള്ള കഴിവുകൂടി സമ്മേളിക്കുമ്പോൾ മികച്ച നയരൂപീകരണത്തിന് സഹായിക്കും. ഡോ:രഘുറാം രാജനെപ്പോലുള്ളവരുടെ അസാന്നിദ്ധ്യം രാജ്യത്തിനു കനത്ത നഷ്ടം തന്നെയാണ്. ‘ഇന്ത്യയുടെ നഷ്ടം, ഞങ്ങളുടെ നേട്ടം എന്ന നൊബേൽ ജേതാവ് തെയ്‌ലറുടെ ട്വിറ്റർ കുറിപ്പ് അക്ഷരാർത്ഥത്തിൽ ശരിയായി എന്ന് പറയേണ്ടിവരും.

ഫിനിഷിംഗ് പോയിന്റിലേക്കടുക്കുന്ന ഓരോ ഓട്ടക്കാരനും സെക്കന്റിന്റെ ആയിരത്തിലൊരംശം പോലും മൂല്യമേറിയതാണ്. അതിവേഗം വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യയുടേത്. അതിൽ ഒരു പാദത്തിലെ സൂചകങ്ങൾ (വളർച്ച) കുറയുന്നത് പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഒരു പാദത്തിൽ വളർച്ച കുറയുന്നത് വലിയ പ്രശ്നമല്ലെന്നുള്ള പ്രധാനമന്ത്രിയുടെ വിലയിരുത്തൽ ഇപ്പോഴും അദ്ദേഹം കാര്യങ്ങളെ യാഥാർഥ്യ ബോധത്തോടെ കാണുന്നില്ലെന്നതിനുള്ള തെളിവാണ്.

ലക്ഷം കോടികളുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) നടക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 2% കുറവെന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷവും കരുതുന്നത് “വെറും രണ്ടു ശതമാനമല്ലേ? അതിനിത്ര വേവലാതി കാട്ടാനുണ്ടോ?” എന്നാവും. ഇന്ത്യൻ ജിഡിപിയുടെ 2% എന്നത് 2 ലക്ഷം കോടിയിലധികമാണെന്ന് എത്ര പേർക്കറിയാം? ഈ 2 ലക്ഷം കോടി കൊണ്ട് ക്രിയാത്മകമായ എന്തെല്ലാം കാര്യങ്ങൾ സർക്കാരിന് ചെയ്യാനാവും 2 ലക്ഷം കോടിയുടെ കുറവ് ബജറ്റിലെ ധനകമ്മി (കടബാധ്യത) എത്രത്തോളം ആശങ്കാജനകമാക്കുമെന്നും എത്ര പേർക്കറിയാം?

ഇതൊക്കെയറിയാത്ത ഭൂരിപക്ഷത്തിനുമേൽ തക്കതായ തയാറെടുപ്പുകളില്ലാതെ നയങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനോ, തിരിച്ചു ചോദ്യം ചെയ്യാനോ കഴിയാതെ പകച്ചു നിൽക്കുന്ന ഒരു സമൂഹം. സാമ്പത്തിക സക്ഷരതയിൽ ഇന്ത്യൻ ജനത ഇന്നും ശിവശവം വിട്ടിട്ടില്ല. ഏതൊരു പൗരനും സാമ്പത്തിക കാര്യങ്ങളിൽ അറിവ് നേടുകയെന്നത് നിലവിലെ സാഹചര്യത്തിൽ പരമപ്രധാനമാണ്. മണ്ടൻ പരിഷ്കാരങ്ങൾക്കും അവയ്ക്കുമേൽ നിരത്തുന്ന മണ്ടൻ ന്യായീകരണങ്ങൾക്കും കയ്യടിക്കാതിരിക്കാനുമുള്ള ബുദ്ധിയെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാർ ആർജ്ജിക്കണം.

നോട്ടുനിരോധനവും ചരക്കുസേവനനികുതിയുമൊക്കെ വരുത്തിയ വടുക്കൾ മായണമെങ്കിൽ നാം ഇനിയും കാത്തിരിക്കേണ്ടിവരും. പരിഷ്‌ക്കാരം പാളിയെന്ന് മനസിലാക്കിയ സർക്കാർ അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ വേണ്ട പരിഹാരങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഗുവാഹത്തിയിൽ നവംബർ 9, 10 തീയതികളിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ മീറ്റിംഗ് ചൂടേറിയ ചർച്ചകൾക്ക് വേദിയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ജിഎസ്ടി നടത്തിപ്പുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ സംഘത്തലവൻ സുശീൽകുമാർ മോഡി തന്നെ മാറ്റങ്ങളുടെ ആവശ്യകതയെപ്പറ്റി പറഞ്ഞിരുന്നു. കൗൺസിലിന് മുന്നിൽ വയ്ക്കാൻ ഒരുപിടി ശുപാർശകളുമായാണ് സംഘമെത്തുന്നത്. നിരക്ക് കുറയ്ക്കലും വരുമാന പരിധി ഉയർത്തുന്നതും ഉൾപ്പെടെ ഒട്ടേറെ നിർദ്ദേശങ്ങൾ കൗൺസിലിന് മുന്നിലെത്തും. അനുഭാവപൂർവം അവ പരിഗണിക്കപ്പെട്ടാൽ, സമവായത്തിലെത്തിയാൽ പ്രധാനമന്ത്രി തന്നെ ഈ വാരം പ്രഖ്യാപനങ്ങളുമായി എത്തുമെന്നാണ് സൂചന.

ഹൃസ്വകാലത്തെ കണക്കിലെടുക്കാതെ നടപ്പിലാക്കുന്ന നയങ്ങൾ അവസാനിപ്പിക്കുന്നത് തന്നെയാവും രാജ്യത്തിനു നല്ലത്. ഹൃസ്വകാലത്തിൽ പൂട്ടിപ്പോകുന്ന വ്യവസായങ്ങൾ, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾ, കച്ചവടം കുറയുന്ന ബിസിനസുകാർ, വായ്പാ തിരച്ചടവ്‌ അസാധ്യമാകുന്ന ചെറുകിടക്കാർ ഇതൊക്കെ സാമ്പത്തിക അനാരോഗ്യത്തിന്റെ ലക്ഷണങ്ങളാണെന്നു മനസിലാക്കാനും അതനുസരിച്ച് മരുന്ന് നൽകാനും സർക്കാർ തയാറാകണം.

ചില ചോദ്യങ്ങൾ കൂടി – നോട്ട് നിരോധനം വന്നിട്ട് മൂന്ന് സാമ്പത്തിക പാദങ്ങൾ (ഹൃസ്വകാലങ്ങൾ) കഴിഞ്ഞിരിക്കുന്നു. ഇക്കാലയളവിൽ മേല്പറഞ്ഞ വിഭാഗങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്കും, ജീവിതപരാജയത്തിനും ആര് ഉത്തരം പറയും? ആര് നഷ്ടപരിഹാരം നൽകും? സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളൊക്കെ കടലിൽ കായം കലക്കുന്നതുപോലെയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർക്ക് മനസിലാകും. പക്ഷെ നല്ല ജീവിത നിലവാരത്തിൽ കഴിഞ്ഞിട്ട് ഒരു ഗതിയും, പരഗതിയുമില്ലാതായ പാവങ്ങൾക്ക് ആര് തുണയാകുമോ എന്തോ?

ഈ വിഷയത്തിലുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ @Newagedaily എന്ന ഫേസ്ബുക്ക്‌ പേജിലോ teamnewage@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ പങ്കുവെക്കാവുന്നതാണ്

(അവസാനിച്ചു)

Follow Us