Don't miss

ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളുടെ ദേശിയ സമ്മേളനം മേക്കർ വില്ലേജിൽ

By on March 8, 2018

കൊച്ചി: ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മേളനം കൊച്ചിയില്‍ മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്ന ‘ഹാര്‍ഡ്ടെക് കൊച്ചി’ ഏകദിന ദേശീയ സമ്മേളനം കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മാര്‍ച്ച് 10-നാണ് നടക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേറ്ററുകള്‍, വ്യവസായമേഖല, സാങ്കേതിക കമ്പനികള്‍, നിക്ഷേപ ഏജന്‍സി, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, ഉന്നത വിദ്യാഭ്യാസ രംഗം തുടങ്ങിയ മേഖലകളില്‍ നിന്നായി രാജ്യത്തെമ്പാടു നിന്നും 1200 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ‘നെക്സ്റ്റ് ജെന്‍ ടെക്നോളജീസ് ഇന്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് മാജിക് ഓഫ് ബ്രാന്‍ഡിംഗ്’ എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം.

ലോക്ഹീഡ് മാര്‍ട്ടിന്‍, സീമന്‍സ് ഇന്ത്യ, ഡസോള്‍ട്ട് സിസ്റ്റംസ്, ക്വാല്‍കോം ഇന്ത്യ, ഇന്‍റെല്‍ ഇന്ത്യ, എആര്‍എം ഇന്ത്യ, ഐമെക് ഇന്ത്യ, ബോഷ് ഇന്ത്യ, തേജസ് നെറ്റ്വര്‍ക്ക്സ്, ഇന്‍വെകാസ്, റാമ്പുസ്, ടെക്സാസ് ഇന്‍സ്ട്രുമെന്‍റ്സ ഇന്ത്യ എന്നിവയാണ് പങ്കെടുക്കുന്ന പ്രമുഖ കമ്പനികള്‍.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദന രംഗത്ത് ഒരു കാലത്ത് ഇന്ത്യയ്ക്ക് മാതൃകയായിരുന്ന സംസ്ഥാനമാണ് കേരളമെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. പിന്നീടെപ്പഴോ നാം പിന്നാക്കം പോയി. ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച പിന്തുണ ലഭിക്കുന്നതിനാല്‍ ഉത്പാദന-ഹാര്‍ഡ്വെയര്‍ രംഗം വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ അനുകൂല അന്തരീക്ഷം പൂര്‍ണമായും പ്രയോജനപ്പെടുത്തുകയാണ് സമ്മേളനത്തിന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യാ ദാതാക്കള്‍, നയരൂപീകരണ വിഭാഗം, ഫണ്ട് മാനേജര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് മേക്കര്‍വില്ലേജിന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, വ്യാവസായിക-വാണിജ്യ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ വിവിധ സെഷനുകള്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവരുമായി ആശയവിനിമയവും നടത്തും.

സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍, ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഫില്‍ ഷോ, റോബെര്‍ട്ട് ബോഷ് എന്‍ജിനീയറിംഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ആര്‍ കെ ഷേണായി, ബ്രിങ്കിന്‍റെ റോബോട്ടിക്സ് വിഭാഗം മേധാവി ഹെറിബെര്‍ടോ സാല്‍ദിവാര്‍, ഐഐഐടിഎം-കെ ചെയര്‍മാന്‍ എം മാധവന്‍ നമ്പ്യാര്‍ ഐഎഎസ്, സജിറ്റേര്‍ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും സിഇഒയുമായ ബി വി നായിഡു, ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ്, ക്വാല്‍കോം ഇന്ത്യ ഡയറക്ടര്‍ ഉദയ് ഡോഡ്ല, മേക്ക് ബ്രിങ്കിന്‍റെ എംഡി സൈമണ്‍ ഷാങ്, മെന്‍റര്‍ ഗ്രാഫിക്സ് സെയില്‍സ് മേധാവി രഘു പണിക്കര്‍, തേജസ് നെറ്റ്വര്‍ക്സ് സഹസ്ഥാപകന്‍ അര്‍ണാബ് റോയി, റാമ്പുസ് ചിപ്സ് ടെക്നോളജീസ് എംഡി കെ കൃഷ്ണമൂര്‍ത്തി, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, ടെക്സാസ് ഇന്‍സ്ട്രുമന്‍റ്സിന്‍റെ രാജീവ് ഖുശു, ഐസിഫോസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, യൂണികോണ്‍ ഇന്ത്യ വെന്‍ച്വേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, എന്‍എസ്ആര്‍സിഇഎല്‍എല്‍ ഐഐഎം-ബാംഗ്ലൂര്‍ ശ്രീവര്‍ധിനി കെ ഝാ എന്നിവര്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്.

രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയാണ് സമ്മേളനം. പ്രവേശനം സൗജന്യമായിരിക്കും. വ്യവസായ, സാങ്കേതിക, സേവന മേഖലയിലുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് ഉള്‍പ്പെടുത്തും. മാനുഫാക്ചറിംഗ് ഡിസൈന്‍ എന്ന വിഷയത്തില്‍ ഹോങ്കോങ്, ബാര്‍സിലോണ എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രിങ്ക് ആക്സിലറേറ്റര്‍ പരിശീലന കളരിയും സംഘടിപ്പിക്കും.

മികച്ച ഉത്പന്നത്തെക്കുറിച്ചുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് ‘പിച്ച് പെര്‍ഫക്ട്’ എന്ന പേരില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി വ്യക്തിഗത കൂടിക്കാഴ്ച, ഇലക്ട്രോണിക് വികസന ഫണ്ട് വിഷയത്തില്‍ പ്രത്യേക സെഷനുകള്‍ എന്നിവയും സമ്മേളനത്തില്‍ ഉണ്ടാകും.

Follow Us