Don't miss

ഹാഷ്ടാഗ് ഫ്യൂച്ചര്‍ ഉച്ചകോടി വന്‍ മാറ്റങ്ങള്‍ക്കു വഴികാട്ടിയാവും: വിദഗ്ധര്‍

By on February 24, 2018

തിരുവനന്തപുരം: കേരളത്തിന്റെ പ്രഥമ ഐടി ഉച്ചകോടിയായ ഹാഷ്ടാഗ് ഫ്യൂച്ചറില്‍ ആഗോളതലത്തിലുണ്ടാകുന്ന വന്‍ സാങ്കേതികസാമ്പത്തിക മാറ്റങ്ങളെ വിശകലനം ചെയ്യുകയും അവയെ സംസ്ഥാനത്തിന്റെ ഭാവിയ്ക്കുവേണ്ടി എങ്ങനെ ഉപയുക്തമാക്കാമെന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുമെന്ന് ഐടി മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാര്‍ച്ച് 22,23 തീയതികളില്‍ നടക്കുന്ന ഹാഷ്ടാഗ് ഫ്യൂച്ചറിനു മുന്‍പായി നടന്ന മുന്നൊരുക്ക പരിപാടിയില്‍, ആഗോളവല്‍ക്കരണത്തിനു ശേഷം എല്ലാ മേഖലകളിലുമുള്ള സാധ്യതകള്‍ ചൂഷണം ചെയ്യുകയും അതേസമയം വെല്ലുവിളികള്‍ നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന ഐടി ഉന്നതാധികാര സമിതി(എച്ച്പിഐസി) അംഗവും ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീ വി.കെ.മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം ചൂണ്ടിക്കാട്ടി.
കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ മുപ്പതോളം വിദഗ്ധരാണ് ആശയങ്ങള്‍ പങ്കുവയ്ക്കാനെത്തുക. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ ശ്രീ രഘുറാം രാജന്‍, ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ ശ്രീ. നന്ദന്‍ നിലേക്കനി, പെയ്ടിഎം സ്ഥാപകന്‍ ശ്രീ വിജയ് ശേഖര്‍ ശര്‍മ, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാവാര്‍ഡ് സര്‍വകലാശാല പ്രഫസറുമായ ഡോ. ഗീത ഗോപിനാഥ് എന്നീ പ്രമുഖരുള്‍പ്പെട്ടതാണ് ഫ്യൂച്ചര്‍ പ്രഭാഷകനിര. പ്രഫഷനലുകള്‍, സംരംഭകര്‍, അക്കാദമിക വിദഗ്ധര്‍, അഭ്യുദയാകാംക്ഷികള്‍ തുടങ്ങി രണ്ടായിരത്തോളം പ്രതിനിധികളും പങ്കെടുക്കും.
വിവിധ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ ഭാവിയുടെ ഡിജിറ്റല്‍ നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ലോകം അതിവേഗം മാറ്റങ്ങള്‍ക്കു വിധേയമാകുന്ന ഇക്കാലത്ത് തൊഴിലുകളുടെ ഭാവി മാറിക്കൊണ്ടിരിക്കുന്നതായും വിപണിയില്‍ ഒരേ തരംഗം തുടരുകയും നിലനില്‍ക്കുകയും ചെയ്യുന്ന പ്രവണത അവസാനിക്കുന്നതായും ശ്രീമാത്യൂസ് പറഞ്ഞു.സ്വയംപ്രവര്‍ത്തനശേഷി അല്ലെങ്കില്‍ ഓട്ടോമേഷന്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെങ്കിലും ഉപയോഗിക്കുന്ന സാധനങ്ങളുടെ സ്വഭാവത്തെയും ഈ മാറ്റത്തോടുള്ള രാഷ്ട്രീയവും സാമൂഹികവും നിയമനിര്‍മാണപരവുമായ സ്വീകാര്യതയെയും ആശ്രയിച്ചായിരിക്കും അതിനെ സമൂഹം ഉള്‍ക്കൊള്ളുന്നത്.
രാജ്യാന്തര സ്ഥാപനമായ മക്കെന്‍സി 800 തൊഴില്‍ മേഖലകളും 2000 തൊഴില്‍രീതികളും പരിശോധിച്ചു നടത്തിയ പഠനം പറയുന്നത് ലോകത്ത് നിലവിലുള്ള പകുതി തൊഴിലുകളും ഭാവിയില്‍ സ്വയംപ്രവര്‍ത്തക സ്വഭാവത്തോടെയുള്ളവ ആയിരിക്കും എന്നാണ്. ചെറുകിട നിര്‍മാണം, വിവരശേഖരണം, വിവര സംസ്‌കരണം എന്നിങ്ങനെ പ്രവചനാത്മകവും ആവര്‍ത്തന സ്വഭാവമുള്ളതും മനുഷ്യശേഷി ഏറെ വേണ്ടതുമായ തൊഴിലുകളാവും ആദ്യം ഇങ്ങനെ മാറുന്നത്.
ഇന്നുള്ള നൂറോളം മുന്‍നിര കമ്പനികള്‍ 2025 ആകുന്നതോടെ തൂത്തെറിയപ്പെടുമെന്നതാണ് ഇത്തരം സ്‌ഫോടനാത്മക മാറ്റങ്ങളുടെ ഫലം. ബിസിനസുമായി ബന്ധപ്പെട്ട അതിരുകളും മതില്‍ക്കെട്ടുകളുമെല്ലാം അപ്രത്യക്ഷമാവുകയാണ്. 2025ല്‍ ലോകത്തെ കംപ്യൂട്ടര്‍ ഉപയോഗത്തിന്റെ മൂന്നിലൊന്നും ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിനു വേണ്ടിയാകുമെന്നാണ് പ്രവചനം. ഉല്‍പ്പാദകനെയും ഉപഭോക്താവിനെയും ഏറെ സമര്‍ഥമായി ഇലക്ട്രോണിക് മാര്‍ഗത്തില്‍ എങ്ങനെ ബന്ധിപ്പിക്കാമെന്നത് ആമസോണിനെ കണ്ടുപഠിക്കണമെന്നും വി.കെ. മാത്യൂസ് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്തു നടത്തുന്ന ഐടി കൂട്ടായ്മയെന്ന നിലയില്‍, വിജ്ഞാന കേന്ദ്രീകൃതമായ ലോകത്ത് കേരളത്തെ വന്‍തോതില്‍ മുന്നോട്ടു നയിക്കാന്‍ ഹാഷ്ടാഗ് ഫ്യൂച്ചറിനു കഴിയും. നമ്മുടെ ചിന്തകളില്‍ മാറ്റംവരേണ്ട സമയമായി. സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ കാഴ്ചപ്പാടുകള്‍ തിരിച്ചറിഞ്ഞ് കേരളത്തിലെ ഐടി പ്രഫഷനലുകള്‍ കൂടെ നില്‍ക്കണം. ഡിജിറ്റല്‍ ലോകത്തെ നൂതനപ്രവണതകള്‍ തിരിച്ചറിയാനും മല്‍സരക്ഷമത നിലനിര്‍ത്താനും ഐടി കമ്പനികള്‍ക്ക് ഉച്ചകോടി സഹായകമാകുമെന്നും ശ്രീ വി.കെ.മാത്യൂസ് ചൂണ്ടിക്കാട്ടി.
സംസ്ഥാന ഐടി പാര്‍ക്ക്‌സ് സിഇഒ ശ്രീ.ഹൃഷികേശ് നായര്‍, ഐടി ഉന്നതാധികാര സമിതി അംഗവും ടിസിഎസ് സീനിയര്‍ വൈസ് പ്രസിഡന്റുമായ ദിനേശ് തമ്പി, ജി ടെക് സെക്രട്ടറിയും ഇന്‍ ആപ്പ് സൊലൂഷന്‍സ് സിഇഒയുമായ ശ്രീ എം.വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Follow Us