Don't miss

സ്ത്രീ മുന്നേറ്റത്തില്‍ ഇനിയും ഉണ്ടാവേണ്ടത്…..

By on March 8, 2018

മറ്റൊരു അന്തര്‍ദേശീയ വനിതാദിനം കൂടി ഇന്ന് ആചരിക്കപ്പെടുന്നു. സ്ത്രീശാക്തീകരണവും അതിന്റെ നേട്ടങ്ങളും പോരായ്മകളുമൊക്കെ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. രാജ്യം സ്വാതന്ത്ര്യപ്രാപ്തിയ്ക്കുശേഷം എഴുപതാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ സ്ത്രീകള്‍ക്ക് അവരുടെ അവകാശസംരക്ഷണം കുറ്റമറ്റതരത്തില്‍ ഉറപ്പാക്കാനായിട്ടില്ലെന്നുതന്നെ നമുക്ക് തുറന്നു സമ്മതിക്കേണ്ടി വരുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ ഏറെ മുന്നേറിയെന്നു പറയുമ്പോള്‍ തന്നെ സമൂഹത്തിലെ സ്ത്രീ വിവേചനത്തിന്റെ കാര്യത്തില്‍ കുറവുണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയും തുല്യ അവസരവുമൊക്കെ രാജ്യത്തെ സ്ത്രീ സമൂഹത്തിന് ഇനിയും ഏറെ അകലെയാണെന്നു തന്നെയാണ് തെളിയുന്നത്. രാജ്യത്ത് തുടര്‍ച്ചയായി പത്ത് വര്‍ഷം കേന്ദ്ര ഭരണം നിയന്ത്രിച്ച യുപിഎയുടെ അമരത്ത് സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നിട്ടും പാര്‍ലമെന്റില്‍ വനിതാസംവരണ ബില്‍ പാസാക്കാനായില്ലെന്നത് സ്ത്രീ ശാക്തീകരണത്തിനെതിരായ നീക്കം എത്ര ശക്തമാണെന്നു ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ലോകത്താകെ നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനത്തില്‍ താഴെയാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അത് 11 ശതമാനത്തില്‍ ഒതുങ്ങുന്നു. സ്ത്രീകളെ ഭരണരംഗത്ത് എത്തിക്കേണ്ടത് സ്വന്തം കടമതന്നെയായിക്കണ്ട് പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയ കക്ഷികള്‍ എന്തുകൊണ്ടതില്‍ വിമുഖത കാട്ടുന്നുവെന്നത് ചിന്തിക്കേണ്ടതുണ്ട്. സാമൂഹികമുന്നേറ്റത്തില്‍ രാജ്യത്തിനാകെ മാതൃകയായ സംസ്ഥാനത്തുനിന്ന് ഇതുവരെ പാര്‍ലമെന്റിലെത്തിയ സ്ത്രീകള്‍ പത്തില്‍ താഴെ മാത്രമെന്നത് ഈ രംഗത്തെ യഥാര്‍ത്ഥ പുരോഗതിയുടെ ചിത്രം വെളിപ്പെടുത്തുന്നു. പ്രധാന രാഷ്ട്രീയ കക്ഷികള്‍ പോലും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ തല്പരരല്ലെന്നത് വ്യക്തമാണ്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാമൂഹികജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സ്ത്രീയെ രണ്ടാം നിരയില്‍ ഒതുക്കി നിര്‍ത്തുന്ന പ്രവണത നിലനില്‍ക്കുന്നുണ്ടെന്നുതന്നെ പറയാം. ഇതു പരിഷ്‌കൃതമെന്നു സ്വയം മേനിനടിക്കുന്ന ഒരു സമൂഹത്തിന്റെ സംസ്‌കാര രാഹിത്യമായി മാത്രമെ കാണാന്‍ കഴിയൂ.
ലോകം കണ്ട പരിഷ്‌കൃത നാഗരികതകളുടെയൊക്കെ മുഖമുദ്ര അവ സ്ത്രീകള്‍ക്ക് നല്‍കിയ മഹനീയ സ്ഥാനവും ആദരവുമായിരുന്നു. മഹനീയമായ ആ സാംസ്‌കാരിക വൈശിഷ്ട്യത്തിന്റെ ഭൂമിക എന്തുകൊണ്ട് നമുക്കന്യമാവുന്നുവെന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

രാഷ്ട്രീയ കക്ഷികളിലും സമൂഹത്തിലും മാറ്റമുണ്ടാകണം – അഡ്വ ഷാനിമോള്‍ ഉസ്മാന്‍

അന്താരാഷ്ട്ര വനിതാദിനം വരുമ്പോള്‍ മാത്രം സ്ത്രീ ശാക്തീകരണം ചര്‍ച്ചയ്‌ക്കെടുക്കുന്ന രീതി തന്നെ മാറണം. ഇതില്‍ വേണ്ടത്ര കരുതല്‍ മുഴുവന്‍ സമൂഹത്തിലും ഉണ്ടാവണം. സമൂഹത്തില്‍ അമ്പത് ശതമാനത്തിലേറെ വരുന്ന സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന പല രംഗങ്ങളിലും ഉണ്ടാകുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിയമങ്ങള്‍ നമുക്ക് ആവശ്യത്തിനുണ്ടെങ്കിലും അത് കൃത്യമായി നടപ്പാക്കുന്നില്ല. പുതിയ നിയമങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമെ കാര്യങ്ങള്‍ നേരെയാകൂയെന്നില്ല. നിലവിലെ നിയമം തന്നെ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്.
രാഷ്ട്രീയ കക്ഷികളിലും സമൂഹത്തിലും മാറ്റമുണ്ടാകണം. വനിതാസംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാതിരിക്കുന്നതില്‍ ആരാണുത്തരവാദി. രാഷ്ട്രീയ കക്ഷികളിലും ഇത്തരം കാര്യങ്ങളില്‍ പുനര്‍ചിന്തയാവശ്യമാണ്. ശിക്ഷകള്‍ സമൂഹത്തിനു മാതൃകയാവുന്ന രീതിയിലുണ്ടാകണം. സ്ത്രീകള്‍ കൂടി ഉള്‍ക്കൊളളുന്ന തരത്തില്‍ ഭരണ ഔദേ്യാഗികതലങ്ങള്‍ പരിഷ്‌കരിക്കപ്പെടണം. യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം പുതിയ തലമുറകളിലെ ചിന്തകളില്‍ തന്നെ മാറ്റമുണ്ടാക്കുന്ന തരത്തില്‍ സമഗ്രവും ആഴത്തിലുളളതുമായി മാറണം.

(ലേഖിക കോണ്‍ഗ്രസ നേതാവും കെപിസിസി അംഗവുമാണ്)

സ്ത്രീ സൗഹൃദ നയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം – നീതാ പണിക്കര്‍

സമൂഹത്തില്‍ സ്ത്രീ സൗഹൃദ നയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഇന്ന് വലിയ കുറവുണ്ടെന്നു തോന്നുന്നില്ല. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഒട്ടേറെ പദ്ധതികള്‍ കാലാകാലങ്ങളായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. എങ്കിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. ഇതിന് അറുതി വരുത്താന്‍ സാധിക്കണം. സ്ത്രീ സൗഹൃദനയങ്ങള്‍ അര്‍ത്ഥവത്തായി മാറണം. അവ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ പുത്തന്‍ തലമുറയ്ക്ക് വേണ്ട അവബോധമുണ്ടാകണം. ഇതിനായി സ്‌കൂള്‍ തലം മുതല്‍ വേണ്ട ബോധവത്ക്കരണം ഉണ്ടാകണം. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന ചിന്ത സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ട ശ്രമങ്ങള്‍ക്ക് ഈ വനിതാദിനം പ്രേരണയാവട്ടെ. സര്‍ക്കാരും പൊതു സമൂഹവും ആ ശ്രമങ്ങളില്‍ ഒന്നിച്ച് മുന്നേറട്ടെ.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

നമ്മള്‍ ഇന്നും പ്രാരംഭ ദശയില്‍ തന്നെയാണ്‌ – ഇ.എസ്.ബിജിമോള്‍

സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ടു പോയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നമ്മള്‍ ഇന്നും ഒരു ശതമാനം കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുളളത്. ബാക്കി 99 ശതമാനവും ഇനിയും ചെയ്യേണ്ടിയിരിക്കുന്നു. സ്ത്രീശാക്തീകരണത്തില്‍ നമ്മള്‍ ഇന്നും പ്രാരംഭ ദശയില്‍ തന്നെയാണ് നില്‍ക്കുന്നത്. സമൂഹത്തിന്റെ വിവിധ അധികാരതലങ്ങളില്‍ സ്ത്രീകള്‍ പിന്തളളപ്പെട്ടുപോകുന്നുണ്ട്. ഇത് അവര്‍ക്ക് കഴിവില്ലാത്തതുകൊണ്ടല്ല. അവസരങ്ങള്‍ ലഭിക്കുന്നിടങ്ങളില്‍ സ്ത്രീ അവരുടെ കഴിവ് തെളിയിക്കുന്നുണ്ട്. ത്രിതല പഞ്ചായത്തുകളിലും മറ്റും ഭരണനൈപുണ്യമുളള ഒട്ടേറെ സ്ത്രീകള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നത് ഇതിന് ഉദാഹരണമാണ്. രാഷ്ട്രീയ രംഗത്ത് ഒരു കക്ഷിയിലും സ്ത്രീക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. നമ്മുടെ പാര്‍ലമെന്റിലും നിയമസഭകളിലുമൊക്കെ എത്തുന്നത് എത്ര സ്ത്രീകള്‍ എന്ന ചോദ്യം കാലങ്ങളായി ചോദിക്കുന്നുണ്ടെങ്കിലും സ്ത്രീ സംവരണ ബില്‍ പാസാക്കാതിരിക്കാനാണ് ശ്രമം നടക്കുന്നതെന്നത് ഓര്‍ക്കണം. രാഷ്ട്രീയ രംഗത്തെത്തുന്നവര്‍ തന്നെ തിരികെ പോകുകയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. സ്ത്രീകള്‍ക്ക് പൊളിറ്റിക്കല്‍ അക്കോമഡേഷന്‍ ലഭിക്കുകയാണെങ്കില്‍ അവര്‍ കഴിവ് തെളിയിക്കുകതന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. ഇന്നത്തെ സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് ഒട്ടും തന്നെ അനുകൂലമല്ല.

(സിപി.ഐ. നിയമസഭാംഗമാണ് ലേഖിക)

Follow Us