Don't miss

റോബോട്ട് വിപ്ലവത്തെ മനുഷ്യര്‍ അതിജീവിക്കും, റോബോട്ടുകള്‍ നമ്മളെ തൊഴില്‍രഹിതരാക്കില്ല: സത്യ നദെല്ല

By on May 31, 2018

ന്യൂഏജ് ന്യൂസ്

നിര്‍മിത ബുദ്ധിയുടെയും അതുപയോഗിച്ചുള്ള റോബോട്ടിക് സാങ്കേതികവിദ്യയുടെയും ആഘാതം എന്തായിരിക്കും എന്നതിനെ കുറിച്ചുള്ള ശക്തമായ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. നിരവധി പ്രമുഖര്‍ ഈ ചര്‍ച്ചയുടെ ഭാഗമായുണ്ട്. ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് സിഇഓ സത്യ നദെല്ല.

ഒരിക്കലും റോബോട്ടുകള്‍ മനുഷ്യനെ പൂര്‍ണമായും തൊഴില്‍രഹിതരാക്കില്ലെന്നും റോബോട്ട് വിപ്ലവത്തെ മനുഷ്യര്‍ അതിജീവിക്കുമെന്നും അദ്ദേഹം പറയുന്നു. ദി സണ്‍ഡേ ടെലിഗ്രാഫ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

കൂടാതെ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ ധാര്‍മികമായ പ്രയോഗത്തെയും അദ്ദേഹം ഊന്നിപ്പറഞ്ഞു. നിര്‍മിത ബുദ്ധി സാങ്കേതികതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാരും കമ്ബനികളുമെല്ലാം പാലിക്കേണ്ട ധാര്‍മികതയും തത്വങ്ങളുമെല്ലാം ഈ വര്‍ഷം ചര്‍ച്ചചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ടെസ്ല സ്ഥാപകന്‍ എലന്‍ മസ്‌ക്, എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ റേയ്മണ്ട് കുര്‍സ്‌വെയില്‍ എന്നിവരെ പോലുള്ളവര്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകള്‍ മനുഷ്യര്‍ക്കുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് തരുന്നവരുടെ കൂട്ടത്തിലുണ്ട്.

എന്നാല്‍, വെല്ലുവിളികള്‍ ഉണ്ടെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ധാര്‍മികമായ ഉപയോഗം മനുഷ്യന് ഭീഷണിയാവില്ല എന്ന പക്ഷക്കാരാണ് ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പോലെയുള്ളവര്‍.

അടുത്തിടെ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയെ പിന്തുണച്ച്‌ ഗൂഗിള്‍ മുന്‍ സിഇഓ എറിക് ഷ്മിഡ്റ്റ് രംഗത്തുവന്നിരുന്നു. നിര്‍മിത ബുദ്ധിയുടെ ദുരുപയോഗ സാധ്യതകളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് പകരം അതിന്റെ നേട്ടങ്ങളാണ് ചര്‍ച്ചയാവേണ്ടത് എന്ന് ഷ്മിഡ്റ്റ് അഭിപ്രായപ്പെടുന്നു.

Follow Us