Don't miss

മേക്കര്‍ വില്ലേജ് ദേശീയ സമ്മേളനം: കേരളത്തിന് അവസരമൊരുക്കി ലോക്ഹീഡ് മാര്‍ട്ടിന്‍

By on March 13, 2018

കൊച്ചി: കേരളത്തിലെ ഇലക്ട്രോണിക്‌സ് ഉത്പാദന രംഗത്തെ പ്രതിഭാധനര്‍ക്ക് പ്രതിരോധ മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ അവസരമൊരുക്കുന്നു.ലോക്ഹീഡ് മാര്‍ട്ടിന്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ആശയാവതരണ സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഫില്‍ ഷോ നിര്‍ദ്ദേശിച്ചു. മേക്കര്‍ വില്ലേജ് കൊച്ചിയില്‍ സംഘടിപ്പിച്ച ‘ഹാര്‍ഡ്‌ടെക് കൊച്ചി’ ദേശീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ആകര്‍ഷിക്കാനും പ്രോത്സാഹനം നല്‍കാനുമായാണ് ഈ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജ്, സംസ്ഥാനത്താദ്യമായി ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചത്. മേക്കര്‍ വില്ലേജ് ദേശീയ സമ്മേളനം: കേരളത്തിന് അവസരമൊരുക്കി ലോക്ഹീഡ് മാര്‍ട്ടിന്‍ അതിനായി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ആശയാവതരണ സമ്മേളനമാണ് ഇന്ത്യ ഇന്നൊവേഷന്‍ ആന്‍ഡ് ഗ്രോത്ത് പ്രോഗ്രാം(ഐഐജിപി). ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും നിക്ഷേപവും ലോക്ഹീഡ് മാര്‍ട്ടിന്റെ ലോകോത്തര ഗവേഷണ സ്ഥാപനങ്ങളില്‍ പരിശീലനവും ലഭിക്കും. ഈ സമ്മേളനം കേരളത്തിന് ഏറെ അവസരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഒന്നാംകിട യുദ്ധവിമാനങ്ങളായ എഫ് 22, എഫ്18, എഫ്16, സി130 ജെ, സി17 എന്നിവ നിര്‍മിക്കുന്ന ലോക്ഹീഡ് മാര്‍ട്ടിന്റെ സാന്നിധ്യം കാല്‍ നൂറ്റാണ്ടായി ഇന്ത്യയിലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപനത്തിനുശേഷം ഈ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും ഫില്‍ ഷോ പറഞ്ഞു. സമീപഭാവിയില്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സിവില്‍ വ്യോമയാന രാജ്യമായി ഇന്ത്യ മാറും. അതിനാല്‍ തന്നെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണിയാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് സ്‌കൂള്‍ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവൃത്തി പരിചയ മേള മേക്കര്‍വില്ലേജിന് മികച്ച അവസരമാണ് നല്‍കുന്നതെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്‌ഐടി സെക്രട്ടറി എം ശിവശങ്കര്‍ അഭിപ്രായപ്പെട്ടു. ആരെയും ആശ്ചര്യപ്പെടുത്തുന്ന പ്രതിഭകളാണ് ഈ മേളയിലൂടെ കടന്നു വരുന്നത്. കോളേജ് തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫാബ് ലാബ് സംവിധാനമുണ്ടെങ്കിലും സ്‌കൂള്‍ തലത്തില്‍ അത്തരമൊന്നില്ല. വളര്‍ന്നു വരുന്ന പ്രതിഭാധനര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ മേക്കര്‍ വില്ലേജിന് സംവിധാനമൊരുക്കാന്‍ കഴിയും. ‘ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുക’യെന്ന സംസ്ഥാനത്തിന്റെ മഹത്തായ സാമൂഹിക ദൗത്യത്തിന് ഈ കൈ കോര്‍ക്കല്‍ ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര രംഗത്ത് മികവിന്റെ പ്രതീകങ്ങളായ ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടു വരാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് ഐഐഐടിഎംകെ ചെയര്‍മാന്‍ എം മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. ആഗോള ഇലക്ട്രോണിക്‌സ് രംഗത്ത് ചൈനയുടെ മുന്നേറ്റത്തിന് കാരണം ഈ നയമാണ്. മികവിന്റെ ബുദ്ധി കേന്ദ്രങ്ങളെ ഇവിടെ എത്തിക്കാനായാല്‍ രാജ്യത്തെ ഇല്‌ക്ട്രോണികിസ് ഉത്പാദന രംഗം ഏറെ നേട്ടങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്പാദനം മാത്രമല്ല വാണിജ്യം കൂടി ലക്ഷ്യം വച്ചാല്‍ മാത്രമേ ഇന്ത്യയിലെ ഹാര്‍ഡ്വെയര്‍ രംഗത്തിന് ഭാവിയുണ്ടാകൂ എന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. മേക്കര്‍ വില്ലേജ് എന്ന ആശയത്തിലേക്ക് എത്തിയത് ഈ സാധ്യത മനസിലാക്കിയിട്ടാണ്. ഇലക്ട്രോണിക്‌സ് ഉത്പാദന രംഗത്ത് രാജ്യത്തിന്റെ സ്വാഭാവിക പരിഗണന കേരളത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെറിയ കാല്‍വയ്പുകളിലൂടെ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ വൈദഗ്ധ്യം നല്‍കുകയാണ് മേക്കര്‍വില്ലേജ് ചെയ്യുന്നതെന്ന് ചടങ്ങില്‍ നന്ദി പറഞ്ഞ സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടി.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികോഴിക്കോട്, ഡസോള്‍ട്ട് ഇന്ത്യ, മെന്റര്‍ ഗ്രാഫിക്‌സ് എന്നിവയുമായി മേക്കര്‍ വില്ലേജ് ഒപ്പിട്ട ധാരണപത്രവും ചടങ്ങില്‍ കൈമാറി.

Follow Us