Don't miss

മത്സ്യഭക്ഷണം പോഷകസമൃദ്ധം, രോഗ പ്രതിരോധത്തിന് സഹായകം

By on March 12, 2018

മീന്‍ ഒഴിവാക്കാനാവാത്ത ഭക്ഷണ വസ്തുവായി മാറിയിരിക്കുന്നു. മാംസം ഉപേക്ഷിക്കുന്നവര്‍ പോലും മീന്‍ കഴിക്കാന്‍ സന്നദ്ധരാവുന്നുണ്ട്. ഇത് നല്ലതാണെന്നുവേണം പറയാന്‍. മാംസം സാധാരണ നിലയില്‍ രുചിയേക്കാളേറെ മറ്റൊന്നും പ്രദാനം ചെയ്യുന്നില്ല. തടിയും ആരോഗ്യവും നിലനിര്‍ത്താമെങ്കിലും ആരോഗ്യപ്രശ്‌നങ്ങളും ഉയര്‍ത്തുന്നു. അതുപോലെതന്നെ അനാരോഗ്യകരവും ശുചിത്വമില്ലാത്തതുമായ പരിസരങ്ങളില്‍ ക്രമീകരിക്കുന്ന മാംസം ഗുണകരമല്ല. മീനിന്റെ കാര്യം പറയുമ്‌ബോള്‍ അത്ര പ്രശ്‌നങ്ങള്‍ ഉദിക്കുന്നില്ല.പലവിധത്തിലുള്ള പോഷകങ്ങളാണ് മീനില്‍ അടങ്ങിയിരിക്കുന്നത്. മീനുകളുടെ വ്യത്യാസങ്ങള്‍ക്ക് അനുസരിച്ച് അവയുടെ ഗുണങ്ങളിലും വ്യത്യാസങ്ങളുണ്ട്.ലഭ്യമായ ഏറ്റവും ആരോഗ്യദായകമായ ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് മീന്‍. പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയുടെ കലവറയാണത്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കേന്ദ്രം കൂടിയാണത്. ശരീരത്തിനും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിനും പ്രധാന പങ്കുവഹിക്കുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. മീന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതായാണ് ഗവേഷണങ്ങളിലും ഇതുസംബന്ധിച്ചുള്ള മറ്റു പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളത്.
പോഷക സമൃദ്ധം
മീന്‍ ഏതെന്നല്ല ഏതും ഉപയോഗ യോഗ്യമാണ്. മറ്റൊരു ആഹാരസാധനങ്ങളിലും ലഭിക്കാത്തത്ര പോഷകം മീനിലൂടെ ലഭിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണ ഗതിയില്‍ ലഭിക്കാനിടയില്ലാത്ത പോഷകങ്ങള്‍ പോലും മീന്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്നു. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍, അയഡിന്‍, വിവിധ തരത്തിലുള്ള വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയെല്ലാം മീനില്‍ അടങ്ങിയിരിക്കുന്നു.ചില പ്രത്യേകതരം മീന്‍ ഇനങ്ങള്‍ ഏറെ ഗുണപ്രദങ്ങളാണ്. തടിച്ച മീനുകള്‍ കൂടുതല്‍ ആരോഗ്യ ദായകങ്ങളാണെന്ന് പഠനങ്ങള്‍ പറയുന്നു.കോര, ചൂര, മത്തി, ശുദ്ധജല മത്സ്യങ്ങള്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ കൊഴുപ്പ് ജന്യ പോഷകങ്ങള്‍ ഏറെ കാണപ്പെടുന്നു. ഇതില്‍ വിറ്റാമിന്‍ ഡി കൂടുതലായി കാണപ്പെടുന്നു. ഈ വിറ്റാമിന്‍ മിക്കയാളുകളിലും കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. ഒരു സ്റ്റിറോയിഡ് ഹോര്‍മോണിന്റെ ഫലമാണ് ഈ വിറ്റാമിന്‍ ശരീരത്തില്‍ ചെയ്യുന്നത്.ഈ മീന്‍ ഇനങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ സാന്നിദ്ധ്യം ഏറെയുണ്ട്. ശരീരത്തിന്റെയും മസ്തിഷ്‌കത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണിത്. ഇത് നിരവധി രോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതേസമയം ഒമേഗ 3 ലഭിക്കാന്‍ ദിവസവും മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നില്ല. ആഴ്ചയില്‍ ഒരിക്കലോ രണ്ടുതവണയോ മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്.
വളര്‍ച്ചയ്ക്ക് നിദാനമായ പോഷകങ്ങള്‍
വളര്‍ച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് ഏറെ നിര്‍ണായകമാണെന്നു പറഞ്ഞിരുന്നു. കണ്ണിന്റെയും തലച്ചോറിന്റെയും വികാസത്തിനാവശ്യമായ ഡി.എച്ച.എ മീനില്‍ കൂടുതലായി കാണപ്പെടുന്നു. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഇവ അവര്‍ക്കു ലഭിക്കാന്‍ ഗര്‍ഭിണികള്‍ മീന്‍ കഴിക്കണമെന്നു നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചില മത്സ്യങ്ങളില്‍ മെര്‍ക്കുറി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ കുഞ്ഞുങ്ങള്‍ക്ക് ദോഷകരമാകും. ബുദ്ധിവികാസത്തിന് ഇത്തരം മത്സ്യങ്ങള്‍ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.ശുദ്ധജല മത്സ്യങ്ങളും മത്തി, കോര തുടങ്ങിയ മത്സ്യങ്ങള്‍ ധൈര്യപൂര്‍വം കഴിക്കാം. ആഴ്ചയില്‍ 340 ഗ്രാമില്‍ അധികം കഴിക്കേണ്ടതില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.പാചകം ചെയ്യാത്തതോ പാതിവെന്തതോ ആയ മീന്‍ ഗര്‍ഭിണികള്‍ കഴിക്കരുതെന്നു മുന്നറിയിപ്പുണ്ട്.ഇവയിലുള്ള സൂക്ഷ്മജീവികള്‍ ഭ്രൂണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണീ മുന്നറിയിപ്പ്.
തലച്ചോറിന്റെ ശേഷിയെ നിലനിര്‍ത്തുന്നു
പ്രായക്കൂടുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മന്ദീഭവിപ്പിക്കും. എന്നാല്‍ ഇത് സാധാരണമാണെങ്കിലും അല്‍ഷെയ്‌മേഴ്‌സ് പോലുള്ള രോഗങ്ങള്‍ ഇത് ഗുരുതര സ്വഭാവത്തിലാക്കുന്നു. മീന്‍ കഴിക്കുന്നവരില്‍ മറവി രോഗങ്ങള്‍ കുറയുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തലച്ചോറില്‍ കാണപ്പെടുന്ന ഗ്രേ മാറ്ററിനെ പരിപോഷിപ്പിക്കുകയാണിത് ചെയ്യുന്നത്. തലച്ചോറിലെ സുപ്രധാന പ്രവര്‍ത്തന കോശമായാണ് ഗ്രേ മാറ്റര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഈ കോശങ്ങളാണ് ഓര്‍മകള്‍ കാത്തുവയ്ക്കുന്നതും വിവരങ്ങള്‍ വിശകലനം ചെയ്യുന്നതും. ഇതാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ആഴ്ചയില്‍ ഒരിക്കലോ രണ്ടുതവണയുമോ മത്സ്യം കഴിക്കുന്നവരില്‍ ഇത്തരം കോശങ്ങളുടേ ശേഷി കൂടുതലായി കാണുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
വിഷാദരോഗം അകറ്റാം
തീര്‍ത്തും ഗുരുതരമായതും എന്നാല്‍ സാധാരണവുമായ രോഗമായി വേണം വിഷാദരോഗത്തെ വിലയിരുത്തേണ്ടത്. ഒന്നിലും താല്‍പര്യമില്ലായ്മ, വിഷാദ ഭാവം, ഊര്‍ജ്വസ്വലത നഷ്ടമാകുക, വൈകാരികത നഷ്ടമാകുക, ജീവിക്കാനും കാര്യങ്ങള്‍ ചെയ്യാനും ഉന്മേഷമില്ലാതാവുക എന്നിവയെല്ലാം വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.അമിതവണ്ണം പോലെയോ ഹൃദയ തകരാര്‍ പോലെയോ ഒക്കെ സാധാരണ ചര്‍ച്ചകളില്‍ വരാറില്ലെങ്കിലും ഇന്ന് ലോകത്തെ ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രോഗമാണ് വിഷാദം.നിരന്തരം മത്സ്യം കഴിക്കുന്നവരില്‍ ഈ രോഗാവസ്ഥ വരുന്നത് വിരളമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വിഷാദരോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, വിഷാദ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ മത്സ്യം കഴിക്കുന്നവരില്‍ വളരെ വേഗം ഫലപ്രാപ്തി ഉണ്ടാക്കുന്നതായും പറയുന്നു.അപ്പോള്‍ മീന്‍ കഴിക്കുന്നതുവഴി സന്തോഷകരമായ ജീവിതം നയിക്കാമെന്നും ജീവിത നിലവാരം ഉയര്‍ത്താമെന്നും കരുതുന്നതില്‍ തെറ്റില്ല.ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള മറ്റ് മാനസിക രോഗങ്ങളെയും ഫലപ്രദമായി ചികിത്സിക്കാന്‍ മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു.
വിറ്റാമിന്‍ ഡിയുടെ കലവറ
ഈയടുത്തകാലത്തായി വിറ്റാമിന്‍ ഡി വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ശരീരത്തില്‍ ഒരു സ്റ്റിറോയിഡ് ഹോര്‍മോണ്‍ പോലെയാണ് ഇതിന്റെ പ്രവര്‍ത്തനമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ ഏതാണ്ട് 41.6 ശതമാനത്തോളം ജനങ്ങള്‍ ഈ വിറ്റാമിന്റെ കുറവ് നേരിടുന്നവരാണെന്ന് പറയുന്നു.
വിറ്റാമിന്‍ ഡി ശരീരത്തിന് വേഗം ആഗിരണം ചെയ്യപ്പെടാന്‍ സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് മത്സ്യം.
കോര മത്സ്യത്തില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിദ്ധ്യം ഏറെയാണ്. 113 ഗ്രാം കോര മത്സ്യത്തില്‍ ശരീരത്തിനാവശ്യമായത്ര വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതുപോലെ മത്സ്യ എണ്ണകളിലും വിറ്റാമിന്‍ ഡി വളരെയധികം അടങ്ങിയിരിക്കുന്നു. മീന്‍ ഉപയോഗിക്കുന്നതുപോലെ പ്രധാനമാണ് വെയില്‍ കായുക എന്നതും. ഇതുരണ്ടും ഇല്ലാതെ വരുമ്‌ബോഴാണ് വിറ്റാമിന്‍ ഡി പോഷക സപ്ലിമെന്റുകളിലേക്ക് തിരിയേണ്ടിവരുന്നത്.
ടൈപ്പ് 1 പ്രമേഹത്തിനെതിരേ പ്രതിരോധം
നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യവസ്ഥ ആരോഗ്യകരമായ കോശങ്ങളെ രോഗകാരികളെന്ന് തെറ്റിധരിച്ച് ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണ്‍. ഈ രോഗത്തിന് ഉത്തമ ഉദാഹരണമാണ് ടൈപ്പ് 1 പ്രമേഹം. ഇവിടെ പ്രതിരോധ വ്യവസ്ഥ ആമാശയത്തിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു.മത്സ്യത്തിലുള്ള ഒമേഗ 3 ഇത് തടയുന്നു. കുട്ടികളില്‍ വളരെ നേരത്തെ പ്രമേഹം വരാനുള്ള സാധ്യത തടയപ്പെടുകയും മുതിര്‍ന്നവരില്‍ പ്രമേഹത്തെ ഒരു പരിധിവരെ തടയാനും ഇതിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ ആമവാതം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഒരു പരിധിവരെ മീന്‍ ഭക്ഷിക്കുന്നതിലൂടെ കഴിയുന്നതായി ചില പഠനങ്ങള്‍ പറയുന്നു.
കുട്ടികളിലെ ആസ്ത്മയ്ക്ക് ഫലപ്രദം
ലോകത്ത് ആസ്ത്മ രോഗം ഇരട്ടിക്കുകയാണ്. അന്തരീക്ഷ മലിനീകരണം തന്നെയാണ് പ്രധാന വില്ലന്‍. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ആസ്ത്മ രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മത്സ്യം കഴിക്കുന്നതിലൂടെ കുട്ടികളില്‍ ആസ്ത്മ വരാനുള്ള സാധ്യത 24 ശതമാനം കണ്ടു കുറയ്ക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. അതേസമയം മുതിര്‍ന്നവരില്‍ മത്സ്യം കഴിക്കുന്നതുകൊണ്ട് ആസ്ത്മയെ തടയാമെന്നുള്ള പഠനറിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടന്നുവരുന്നുണ്ട്.
പ്രായാധിക്യത്തിലും കാഴ്ച
മാക്യുലാര്‍ ഡീജനറേഷന്‍ എന്ന അസുഖം മുതിര്‍ന്നവരില്‍ കാഴ്ച ശക്തിയെ ക്രമേണ നശിപ്പിക്കുന്ന ഒരു രോഗമാണ്. ഇത് അന്ധതയ്ക്കുതന്നെ കാരണമാകുന്നുമുണ്ട്.മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിന് ഈ അസുഖത്തെ ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതേസമയം മത്സ്യം കഴിക്കുന്നതിലൂടെ സ്ത്രീകളില്‍ ഈ അസുഖ സാധ്യത 42 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.മത്സ്യം ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി ഈ രോഗത്തെ ചെറുക്കാമെന്ന ഗവേഷകരുടെ കണ്ടെത്തല്‍ പ്രയോജനപ്രദമാണ്.
നിദ്രാനുഭവത്തിന് മത്സ്യം
ഉറക്കം ഇന്നത്തെ ഒരു രോഗാവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉറക്കക്കുറവ് പല കാരണങ്ങളാല്‍ വരാവുന്നതാണ്. ലോകമാകെ ഉറക്കക്കുറവ് വ്യക്തികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉറക്കക്കുറവ് മറ്റു അസുഖങ്ങളിലേക്ക് ചെന്നെത്തുന്നതും ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്.നീല വെളിച്ചം ഉറക്കത്തിന് ഉപദ്രവകാരിയാണ്. അലങ്കാരങ്ങള്‍ക്കും മറ്റും ഇത്തരം നിറങ്ങള്‍ വ്യാപകമായി ഉപയോഗിക്കുമ്‌ബോള്‍ അറിയാതെ നമ്മള്‍ ഉറക്കക്കുറവിലേക്കുകൂടി വഴുതുന്നു. അതേസമയം വിറ്റാമിന്‍ ഡിയുടെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ ഉറക്കക്കുറവിന് അത് കാരണമാകുമെന്ന് ചില പഠനങ്ങള്‍ വെളിവാക്കുന്നു.95 മധ്യ വയസ്‌കരില്‍ ആറു മാസം നടത്തിയ ഒരു പഠനഫലത്തില്‍ ആഴ്ചയില്‍ മൂന്നു തവണയെങ്കിലും മീന്‍ കഴിച്ചവര്‍ക്ക് ഉറക്കക്കുറവും ദൈനംദിന പ്രവര്‍ത്തനങ്ങളിലെ ഉന്മേഷക്കുറവും അകന്നതായി തെളിഞ്ഞു. വിറ്റാമിന്‍ ഡിയുടെ സാന്നിധ്യമാണ് ഇതിനുകാരണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
മത്സ്യം കഴിക്കുന്നത് ഉറക്കത്തെ പരിപോഷിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
രുചികരം,
സങ്കീര്‍ണമല്ലാത്ത പാചകം
മീന്‍ ഒരുപോലെ രുചികരവും പാചകം ചെയ്യുന്നതില്‍ ഏറെ സങ്കീര്‍ണതകളില്ലാത്തതുമായ ഒന്നാണ്. കഴിയുമെങ്കില്‍ മത്സ്യകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. അതാവുമ്‌ബോള്‍ മലിനീകരണങ്ങളില്‍ നിന്നും രക്ഷനേടാം. മാത്രമല്ല ഒമേഗ 3യുടെ അളവ് ഇത്തരം മത്സ്യങ്ങളില്‍ കൂടുതല്‍ ഉണ്ടാവുകയും ചെയ്യും.
സ്‌ട്രോക്കും അറ്റാക്കും
മീന്‍ നല്‍കുന്ന ഗുണങ്ങളില്‍ പ്രധാനമാണ് സ്‌ട്രോക്കിനെയും ഹൃദയസംബന്ധമായ അസുഖങ്ങളെയും അകറ്റി നിര്‍ത്താനുള്ള കഴിവ്. ഇന്ന് ലോകത്ത് അകാലമൃത്യുവിന് കാരണഭൂതമാകുന്ന അസുഖങ്ങളായാണ് ഇവയെ കണക്കാക്കിയിരിക്കുന്നത്. ഹൃദയാരോഗ്യത്തിന് വിദഗ്ധര്‍ ശുപാര്ശചെയ്യുന്ന ഭക്ഷണങ്ങളില്‍ മീനിനും പ്രഥമ സ്ഥാനമാണുള്ളത്.മീന്‍ സ്ഥിരമായി കഴിക്കുന്നവരില്‍ ഹൃദയസംബന്ധിയായ അസുഖങ്ങളോ സ്‌ട്രോക്കുകളോ മാറി നില്‍ക്കുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ 40000 പുരുഷന്‍മാരില്‍ നടത്തിയ ഒരു പഠനത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മീന്‍ കഴിക്കുന്നവരില്‍ ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ തുലോം കുറവാണെന്നു കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Follow Us