Don't miss

പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍

By on March 9, 2018

വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ തന്നെ നീക്കങ്ങളാരംഭിച്ചിട്ട് കാലങ്ങളേറെയായെങ്കിലും പ്ലാസ്റ്റിക് ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് തെളിയുന്നത്. സംസ്ഥാനത്ത് തന്നെ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. 2006-ല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും കപ്പുകളും നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2016 ജൂലൈയോടെ പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകളും മാലിന്യങ്ങളും കത്തിക്കുന്നത് വിലക്കിക്കൊണ്ട് കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങളും വിലക്കുകളും നിലവിലുള്ളപ്പോള്‍ തന്നെയാണ് നാടും നഗരവും പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം കൊണ്ട് പൊറുതി മുട്ടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി പല പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത് ഈ കൊടിയ വിപത്തിന്റെ ഗൗരവം തിരിച്ചറിയുന്നതും കൊണ്ടു തന്നെയാണ്. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വിപണനം നിയന്ത്രിക്കാന്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്താന്‍ കൊച്ചി നഗരസഭ ഇപ്പോള്‍ ആലോചിക്കുന്നതും ഇക്കാരണത്താലാണ്. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഈ മാതൃക അവലംബിക്കുകയാണെങ്കില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തില്‍ വലിയ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. 2016-ലെ പ്ലാസ്റ്റിക് പരിപാലന നിയമമമനുസരിച്ച് അതാത് നഗരങ്ങളില്‍ വില്പന നടത്തുന്ന പ്ലാസ്റ്റിക് കവറിന്റെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ബാഗുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുവന്ന് വ്യാപാരികള്‍ സീല്‍ ചെയ്ത് വാങ്ങണം. 50 മൈക്രോണില്‍ മുകളിലുള്ള ബാഗുകള്‍ക്കും പ്രസ്തുത സീല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സീല്‍ ചെയ്യാത്ത ബാഗുകളില്‍ സാധനങ്ങള്‍ നല്‍കുന്നത് കുറ്റകരമാണ്. ഇതില്‍ വന്‍കിട ചെറുകിട വ്യാപാരികളെന്ന് തരംതിരിവ് ബാധകമായിരിക്കില്ല. ഒരു പൊതുനന്മ മുന്‍നിറുത്തി നിയമം കര്‍ശനമാക്കുന്നത് അതിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തെ കാര്യമായി സഹായിക്കുമെന്നു തന്നെയാണ് കരുതുന്നത്. പ്ലാസ്റ്റിക് ക്യാരിബാഗിനും ഉല്പന്നങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുള്ള സാഹചര്യം അതിന്റെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നത് തന്നെയായിരിക്കും. സംസ്ഥാന മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന്റെ പേരില്‍ നട്ടം തിരിയുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിനായി കൊച്ചി നഗരസഭ കൊണ്ടുവരുന്ന ഈ നിയന്ത്രണ നടപടികള്‍ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്.

പ്ലാസ്റ്റിക് നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് – സൗമിനി ജെയിന്‍

പ്ലാസ്റ്റിക് മാലിന്യ ഭീഷണി ശക്തമാകുന്ന സാഹചര്യത്തിലാണ് അതിനെതിരെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നഗരസഭ തീരുമാനിച്ചത്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നശിപ്പിക്കുകയും 50 മൈക്രോണില്‍ താഴെയുള്ളവയുടെ വില്‍പന കര്‍ശനമായി തടയുകയുമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ക്യാരിബാഗിന്റെ വില കൂട്ടി നിശ്ചയിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടില്ല. അത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതിനെ പറ്റിയും അറിയില്ല. ഏതു രീതിയിലും പ്ലാസ്റ്റിക് ഉണ്ടാക്കുന്ന വലിയ പരിസ്ഥിതിപ്രശ്‌നത്തിന് പരിഹാരമുണ്ടാകണം. ഒട്ടേറെ നിരോധന നിയമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും അത്തരം നടപടികളുടെ ആവശ്യമുണ്ട്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ ഏറെ ഫലപ്രദമാകുന്നുണ്ട്. ഇപ്പോള്‍ നഗരസഭ സ്വീകരിക്കുന്ന നടപടികളും ഫലപ്രദമാവുമെന്നുതന്നെയാണ് പ്രതീക്ഷ.

(കൊച്ചി മേയറാണ് ലേഖിക)

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം വേണം – വര്‍ഗ്ഗീസ് പുല്ലുവഴി

ലോകം മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യം ഉയര്‍ത്തുന്ന പരിസ്ഥിതികമായ വെല്ലുവിളി അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളത്. പ്ലാസ്റ്റിക്കിന്റെ ഉപഭോഗം അതിരു കടക്കുകയും മാലിന്യ സംസ്‌കരണം കീറാമുട്ടിയാവുകയും ചെയ്യുന്ന ഘട്ടത്തില്‍ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിന് വലിയ അധികാരങ്ങള്‍ നിലവിലുണ്ട്. ഇത് പ്രായോഗികത ഉള്‍ക്കൊണ്ട് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പൂര്‍ണ്ണമായും നിരോധിക്കുവാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. 50 മൈക്രോണില്‍ മുകളിലാണോ താഴെയാണോ എന്ന രീതിയില്‍ അനുമതി നല്‍കുന്നത് വീണ്ടും വിപണനവും ഉപഭോഗംവും തുടര്‍ന്ന് പോകുന്നതിനുള്ള സാഹചര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ അതിന്റെ വിപണനം തടയുന്നതിനുള്ള ഏതൊരു നീക്കത്തേയും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്.

(പരിസ്ഥിതിവാദിയാണ് ലേഖകന്‍)

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള നീക്കം സ്വാഗതാര്‍ഹം – സി.ആര്‍. നീലകണ്ഠന്‍

പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന് ആഗോള തലത്തില്‍ തന്നെ വലിയ പ്രാധാന്യം കൈവന്നിരിക്കുന്ന കാലമാണിത്. മാലിന്യ സംസ്‌കരണ രംഗത്ത് പ്ലാസ്റ്റിക് ഉണ്ടാക്കുന്ന കഷ്ടതകള്‍ വളരെയേറെയാണ്. സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകളുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും വിപണനം നിയന്ത്രിക്കുന്നതിലേയ്ക്ക് പല തരത്തിലുള്ള വിലക്കുകളും നിരോധനങ്ങളും നിലവിലുണ്ടെങ്കിലും അവയൊന്നും കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നില്ലെന്നു തന്നെയാണ് വാസ്തവം. നഗരങ്ങളും ഗ്രാമങ്ങളുമൊക്കെ പലതരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറയുകയും വലിയ പരിസ്ഥിതി ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിലാണ് പ്ലാസ്റ്റിക് നിയന്ത്രണത്തിനുള്ള ഏതൊരു നീക്കവും സ്വാഗതാര്‍ഹമാകുന്നത്. കൊച്ചി കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീക്കം ഉണ്ടാവുന്നുവെന്നത് തികച്ചും സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ ക്യാരിബാഗുകള്‍ നിയന്ത്രിക്കുന്നതിന് അവയുടെ മേല്‍ നികുതി വര്‍ദ്ധിപ്പിക്കുകയല്ലാതെ വില കൂട്ടുന്നത് അവയുടെ നിര്‍മ്മാതാക്കളെ സഹായിക്കുന്ന നടപടിയാകും. നികുതി വര്‍ദ്ധിപ്പിച്ച് സീല്‍ വെയ്ക്കുന്നത് നിര്‍ബന്ധമാക്കണം. ഇത് ഖജനാവിനും പരിസ്ഥിതിക്കും പ്രയോജനകരമായിരിക്കും. എന്‍വയേണ്‍മെന്റെ കോസ്റ്റ് റിയല്‍ കോസ്റ്റില്‍ കൂട്ടുകയെന്നതാണ് ശരിയായ രീതി.

(പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

Follow Us