Don't miss

നിര്‍ദേശങ്ങളും ശുപാര്‍ശകളുമായി പതിനഞ്ചാം ധനകാര്യ കമ്മീഷനെ സമീപിക്കാനൊരുങ്ങി കേരളം

By on May 17, 2018

ന്യൂഏജ് ന്യൂസ്

പതിനഞ്ചാം ധനകാര്യ കമ്മീഷന് സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ നിവേദനത്തിലെ നിര്‍ദേശങ്ങളും ശുപാര്‍ശകളും മന്ത്രിസഭ അംഗീകരിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലെ പല നിര്‍ദേശങ്ങളും സംസ്ഥാനത്തിന് ആശങ്ക ഉളവാക്കുന്നതാണ്. നികുതി വിഭജനം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി നടത്തണമെന്ന നിര്‍ദേശം കേരളത്തിന് ദോഷകരമാണ്. അതിനാല്‍ 1971ലെ സെന്‍സസ് പ്രകാരം നികുതി വിഭജനം നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. 14ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് ശുപാര്‍ശ ചെയ്ത നികുതി വിഹിതത്തില്‍ കുറവ് വരാത്ത രീതിയില്‍ നികുതി വിഭജന മാനദണ്ഡം സ്വീകരിക്കേണ്ടതാണ്. റവന്യൂ കമ്മി നികത്തുന്നതിന് ഗ്രാന്റ് നല്‍കുന്നതിനുളള വ്യവസ്ഥ പുനഃപരിശോധിക്കാനുളള നിര്‍ദേശം നടപ്പായാല്‍ സംസ്ഥാനത്തിന്റെ മൂലധനവികസന ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടി വരും. അതിനാല്‍ ആ നിര്‍ദേശം പിന്‍വലിക്കണം.

സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചുനല്‍കുന്ന കേന്ദ്രനികുതി വിഹിതം 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടും. ധനക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ധനക്കമ്മി ജി.എസ്.ഡി.പിയുടെ 1.7 ശതമാനമായി നിജപ്പെടുത്താനുളള ശുപാര്‍ശ കേരളത്തിന് ദോഷം ചെയ്യും. അതിനാല്‍ നിലവിലുളള നിയമത്തില്‍ ഒരു മാറ്റവും വരുത്തരുത്. തീരസംരക്ഷണം, റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം, വനസംരക്ഷണം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനുളള പദ്ധതികള്‍, നൈപുണ്യവികസനം എന്നിവയ്ക്ക് പ്രത്യേക ഗ്രാന്റ് നല്‍കണമെന്നു ആവശ്യപ്പെടാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.

Follow Us