Don't miss

എന്‍ബിഎഫ്‌സി, ടൂറിസം മേഖലകളില്‍ പൂതിയ പദ്ധതികളുമായി ഗോകുലം ഗ്രൂപ്പ്‌

By on July 22, 2014

കൊച്ചി: 8000 കോടി രൂപ ഗ്രൂപ്പ്‌ ടേണോവറോടെ ചിട്ടി, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ഫുഡ്‌ ആന്‍ഡ്‌ ബെവറിജസ്‌, മീഡിയ/എന്റര്‍ടെയ്‌ന്‍മെന്റ്‌ മേഖലകളില്‍ മികച്ച വളര്‍ച്ച കാഴ്‌ചവെയ്‌ക്കുന്ന ശ്രീ ഗോകുലം ഗ്രൂപ്പിന്റെ 46-ാം വാര്‍ഷികാഘോഷ പരിപാടികള്‍ കൊച്ചിയില്‍ നടന്നു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫിനാന്‍സ്‌, ടൂറിസം മേഖലകളില്‍ വന്‍പദ്ധതികള്‍ക്കാണ്‌ ഗ്രൂപ്പ്‌ തയ്യാറെടുക്കുന്നതെന്ന്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഗോകുലം ഗോപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണവായ്‌പ, ഭവനവായ്‌പ തുടങ്ങിയ സേവനങ്ങള്‍ക്കായി റിസര്‍വ്‌ ബാങ്കിന്റെ അനുമതിയോടെ ബാങ്കിംഗിതര ഫിനാന്‍സ്‌ കമ്പനി (എന്‍ബിഎഫ്‌സി) നടത്തിപ്പിലേയ്‌ക്കു കടക്കാനുള്ളതാണ്‌ പുതിയ പദ്ധതികളില്‍ പ്രധാനപ്പെട്ടത്‌. റിസര്‍വ്‌ ബാങ്ക്‌ ഇപ്പോള്‍ പുതിയ എന്‍ബിഎഫ്‌സികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാത്തതുകൊണ്ട്‌ നിലവിലുള്ള ഏതെങ്കിലും എന്‍ബിഎഫ്‌സിയെ ഏറ്റെടുക്കാനാണ്‌ നീക്കം.
46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജീവനക്കാരുടെ കുടുംബസംഗമം ജൂലൈ 21-ന്‌ വിപുലമായ പരിപാടികളോടെ എറണാകുളത്തെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഗോകുലം ഡേ 23-ന്‌ ചൈന്നൈയിലും നടക്കുമെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങുകളോടെ ആരംഭിച്ച കൊച്ചിയിലെ ആഘോഷ പരിപാടികള്‍ മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ ഉദ്‌ഘാടനം ചെയ്‌തു. സിനിമാസംവിധായകന്‍ സിദ്ദിക്‌, കൗണ്‍സിലര്‍ ഗ്രേസി ജോസഫ്‌, ബിജെപി സംസ്ഥാന സെക്രട്ടറി എ. എന്‍. രാധാകൃഷ്‌ണന്‍, പൈപ്പ്‌ ഫീല്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി. ഭാസ്‌കരന്‍, കെ. ആര്‍. ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ. ആര്‍. ബാലന്‍, സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍, ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഡയറക്ടര്‍ ജലജ ഗോപാലന്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ബൈജു ഗോപാലന്‍, ഡയറക്ടര്‍ ഓപ്പറേഷന്‍സ്‌ വി. സി. പ്രവീണ്‍, ശ്രീ ഗോകുലം ചിറ്റ്‌സ്‌ റീജിയണല്‍ ഹെഡ്‌ പി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 3000-ത്തിലേറെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.
ചിട്ടി, ടൂറിസം, വിദ്യാഭ്യാസം, ഫുഡ്‌ ആന്‍ഡ്‌ ബെവറിജസ്‌, ഹെല്‍ത്ത്‌കെയര്‍ മേഖലകളിലായി 12,000-ത്തിലേറെപ്പേര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ടെന്ന്‌ ഗോകുലം ഗോപാലന്‍ പറഞ്ഞു. ശ്രീ ഗോകുലം ഒരു കുടുബമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പിന്തുണയാണ്‌ ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ മുഖ്യകാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീ ഗോകുലം ചിറ്റ്‌ ആന്‍ഡ്‌ ഫിനാന്‍സിന്റെ നേതൃത്വത്തില്‍ ചിട്ടി ബിസിനസ്‌ മാത്രം 6000 കോടി രൂപയിലേറെയായി വളര്‍ന്നിട്ടുണ്ട്‌. ചിട്ടി വിഭാഗത്തില്‍ മാത്രം 6000 പേര്‍ ജോലി ചെയ്യുന്നു. കമ്പനിയുടെ 300-ാമത്‌ ശാഖ ഇക്കഴിഞ്ഞ മെയ്‌ മാസത്തില്‍ മുംബൈയിലെ ദാദറില്‍ തുറന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ചിട്ടി നിയമം നിര്‍ബന്ധമാക്കുന്നതിനും ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സ്വമേധയാ കേന്ദ്ര ചിട്ടി നിയമത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്‌ ശ്രീ ഗോകുലം ചിറ്റെന്ന്‌ ഗോകുലം ഗോപാലന്‍ പറഞ്ഞു.
ഖത്തര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഗുരുവായൂര്‍, എറണാകുളം എന്നിവിടങ്ങളിലായി ഗ്രൂപ്പിനിപ്പോള്‍ പത്ത്‌ നക്ഷത്ര ഹോട്ടലുകളുണ്ട്‌. ചെന്നൈയിലും കോയമ്പത്തൂരും രണ്ട്‌ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ കൂടി ഉദ്‌ഘാടനത്തിന്‌ തയ്യാറെടുക്കുന്നു. ഗ്രൂപ്പ്‌ കോഴിക്കോട്‌ ആരംഭിക്കുന്ന ഷോപ്പിംഗ്‌ മാളും അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ 4 സ്‌കൂളുകളുള്ള ഗ്രൂപ്പ്‌ കോഴിക്കോടും മലപ്പുറത്തും പുതിയ രണ്ട്‌ സ്‌കൂളുകള്‍ കൂടി ആരംഭിക്കുകയാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. ഗ്രൂപ്പ്‌ തിരുവനന്തപുരത്ത്‌ സ്ഥാപിച്ച മെഡിക്കല്‍ കോളേജ്‌ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇവിടെ വരുന്ന അര്‍ഹരായ 100 രോഗികള്‍ക്ക്‌ സൗജന്യമായ ചികിത്സയും ഭക്ഷണവും നല്‍കുന്നതുള്‍പ്പെടെ വന്‍തോതിലുള്ള സാമൂഹ്യസേവന പദ്ധതികളാണ്‌ ഗ്രൂപ്പ്‌ നടപ്പാക്കി വരുന്നത്‌.
ഗ്രൂപ്പിലെ പുതിയ കമ്പനിയായ ശ്രീ ഗോകുലം ക്രൂയ്‌സ്‌ ലൈന്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

Follow Us