Don't miss

കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് വിതരണം ഹൈടെക് ആകുന്നു; സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര സാധ്യമാക്കുന്ന സംവിധാനം പരീക്ഷിക്കാന്‍ തീരുമാനം, പദ്ധതിക്കായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കും

By on May 23, 2018

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ടോമിൻ തച്ചങ്കരി തലപ്പത്ത് എത്തിയശേഷം നടപ്പാക്കുന്ന പരിഷ്കരണ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് കോർപറേഷൻ. ടിക്കറ്റ് എടുക്കാന്‍വരെ ഹൈടെക് സാങ്കേതികതകൾ കൊണ്ടുവരാൻ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നു എന്നുള്ളതാണ് ഇതിൽ അവസാനത്തേത്.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനായി പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വരികയാണ്. എ.ടി.എം കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡ് മൊബൈല്‍ സിമ്മിലെന്നപോലെ റീ ചാര്‍ജ് ചെയ്യാം. യാത്ര ചെയ്യുന്നതിനനുസരിച്ച്‌ കാര്‍ഡിലെ പണംതീരും.

1000, 2000 രൂപയുടെ സ്മാര്‍ട്ട് കാര്‍ഡാണ് ഇറക്കുന്നത്. കാര്‍ഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുമ്ബോള്‍ യാത്ര ചെയ്യേണ്ട ദൂരത്തിനു വേണ്ട പണം ഈടാക്കപ്പെടും. ഓര്‍ഡിനറി ബസിലും സൂപ്പര്‍ഫാസ്റ്റിലുമൊക്കെ സ്മാര്‍ട്ട് കാര്‍ഡുമായി യാത്ര ചെയ്യാം. ഇതിനായുള്ള കാര്‍ഡ് റീ ചാര്‍ജ് എല്ലാ ഡിപ്പോയില്‍ നിന്നും ചെയ്യാം. കാശ് തീര്‍ന്നാല്‍ കണ്ടക്ടര്‍ റീ ചാര്‍ജ് ചെയ്തു നല്‍കുകയും ചെയ്യും.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കോര്‍പറേഷന്റെ കമ്ബ്യൂട്ടര്‍ സംവിധാനം പരിഷ്‌കരിക്കും. ഇപ്പോഴത്തെ ടിക്കറ്റ് മെഷീനുകളുടെ സ്ഥാനത്ത് പുതിയത് വരും. പുതിയ പദ്ധതിക്കായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാനാണ് കോര്‍പറേഷന്‍ മാനേജ്‌മെന്റിന്റെ തീരുമാനം.

റിസര്‍വ് ചെയ്ത് പ്രിന്റൗട്ടുമായി യാത്ര ചെയ്യുന്ന ഇപ്പോഴത്തെ രീതിക്കു പകരം ക്യു.ആര്‍.ടി കോഡ് ഏര്‍പ്പെടുത്താനും തീരുമാനമായി. ടോമിന്‍ തച്ചങ്കരി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോഴാണ് അവിടത്തെ ബസുകളിലെ ഈ സംവിധാനം ഇവിടെയും പ്രയോഗിക്കാനാകുമെന്ന് കണ്ടെത്തിയത്. മൊബൈല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ക്യു.ആര്‍.ടി കോഡ് ടിക്കറ്റ് മെഷീനില്‍ കാണിച്ചാല്‍ യാത്ര ചെയ്യാം.

Follow Us