Don't miss

കാത്തലിക് സിറിയന്‍ ബാങ്ക്: ഓഹരി കൈമാറ്റം മേയില്‍ പൂര്‍ത്തിയായേക്കും

By on April 24, 2017

കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കൈമാറാനുള്ള നടപടികള്‍ അടുത്തമാസം പൂര്‍ത്തിയായേക്കും. കാനഡയിലെ ‘വാറന്‍ ബഫറ്ര്’ എന്നറിയപ്പെടുന്ന, ഇന്ത്യന്‍ വംശജനായ വ്യവസായി പ്രേംവത്സയുടെ കീഴിലുള്ള സ്ഥാപനമാണ് ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്. ബാങ്കിന്റെ ഓഹരി മൂല്യനിര്‍ണയം സ്വതന്ത്ര ഏജന്‍സി നടത്തുകയാണെന്നും മൂല്യനിര്‍ണയം ഈമാസം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍ ‘കേരളകൗമുദി’യോട് പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശാനുസരണമാണ് കാത്തലിക് സിറിയന്‍ ബാങ്കില്‍ നിക്ഷേപം നടത്താന്‍ ഫെയര്‍ഫാക്‌സ് ശ്രമിക്കുന്നത്. ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചെത്താനും പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും ആയിരം കോടിയോളം രൂപയുടെ മൂലധനം ബാങ്കിന് അത്യാവശ്യമാണ്. മൂലധന പ്രതിസന്ധി നേരിടുന്ന ബാങ്കുകള്‍ എത്രയുംവേഗം ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞവര്‍ഷം റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. പ്രതിസന്ധി നേരിടുന്ന ബാങ്കുകളുടെ പട്ടിക റിസര്‍വ് ബാങ്ക് തന്നെ തയ്യാറാക്കുകയും ചെയ്തു.ഇതിനിടെയാണ് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് നിക്ഷേപ താത്പര്യമറിയിച്ച് ഫെയര്‍ഫാക്‌സ് റിസര്‍വ് ബാങ്കിനെ സമീപിക്കുന്നത്. റിസര്‍വ് ബാങ്കാണ് ഫെയര്‍ഫാക്‌സിനു മുന്നില്‍ കാത്തലിക് സിറിയന്‍ ബാങ്കോഹരി നിക്ഷേപത്തിലേക്കുള്ള വഴി തുറന്നിട്ടത്. ഫെയര്‍ഫാക്‌സിന് 51 ശതമാനം ഓഹരികള്‍ കൈമാറാന്‍ കഴിഞ്ഞ ഡിസംബറില്‍ പ്രാഥമിക അനുമതിയും ഫെബ്രുവരി മദ്ധ്യത്തോടെ അന്തിമാനുമതിയും റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയിരുന്നു. മൂന്നു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.തുടര്‍ന്നാണ്, ഓഹരി മൂല്യനിര്‍ണയ നടപടികള്‍ ആരംഭിച്ചത്. അടുത്തമാസം തന്നെ ഓഹരി കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് ടി.എസ്. അനന്തരാമന്‍ പറഞ്ഞു. തൃശൂര്‍ ആസ്ഥാനമായി, 96 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യമുള്ള കാത്തലിക് സിറിയന്‍ ബാങ്കിന് 12 സംസ്ഥാനങ്ങളിലായി നാന്നൂറിലേറെ ശാഖകളുണ്ട്. 36,000 ഓഹരിയുടമകളുമുണ്ട്. 4.99 ശതമാനം ഓഹരി പങ്കാളിത്തമുള്ള പ്രമുഖ വ്യവസായി എം.എ. യൂസഫലിയാണ് ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമ. ഫെഡറല്‍ ബാങ്കിന് 4.62 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികള്‍ ഫെയര്‍ഫാക്‌സിന് കൈമാറിയാലും ആസ്ഥാനം തൃശൂരില്‍ തന്നെ നിലനിറുത്തുമെന്നും ബാങ്കിന്റെ പേരിലും മാറ്റമുണ്ടാകില്ലെന്നും ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.ഇന്ത്യന്‍ ബാങ്കുകളിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇതുസംബന്ധിച്ച ചട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് 2016ന്റെ തുടക്കത്തില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. സ്വകാര്യ ബാങ്കുകളില്‍ നിബന്ധനകളോടെ 74 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപമാകാം. അഞ്ചു വര്‍ഷത്തേക്ക് ഓഹരി വിറ്റഴിക്കാന്‍ പാടില്ലെന്ന കര്‍ശന നിബന്ധനയോടെയാകും കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഫെയര്‍ഫാക്‌സിന് കൈമാറുക.പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്തി, ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ 2015ല്‍ കാത്തലിക് സിറിയന്‍ ബാങ്ക് ആലോചിച്ചിരുന്നു. എന്നാല്‍, 201516ല്‍ കിട്ടിക്കാടം കുറഞ്ഞ്, പ്രവര്‍ത്തനം മെച്ചപ്പെട്ടതിനാല്‍ നീക്കം ഉപേക്ഷിച്ചു. മൂലധന പ്രതിസന്ധി മറികടക്കാനുള്ള നിലവിലെ നടപടികള്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷയാണ് ബാങ്കിനുള്ളത്. പ്രതിസന്ധി ഒഴിവായാല്‍, ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനുള്ള തടസങ്ങളും മാറുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. 201819ഓടെ ഐ.പി.ഒ നടത്താനാകുമെന്നാണ് പ്രതീക്ഷ.

 

Follow Us