Don't miss

കര്‍ണാടക ആര്‍.ടി.സി. ബസില്‍ ഇനി സൗജന്യ വൈ ഫൈ

By on February 26, 2018

ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സി. ബസ് യാത്രക്കാര്‍ക്ക് ഇനി സൗജന്യ വൈ ഫൈ സേവനം ലഭിക്കും. മാര്‍ച്ച് മാസത്തോടെ 1540 ഓര്‍ഡിനറി ബസുകളിലും എണ്‍പതോളം കൊറോണ, വോള്‍വോ, രാജഹംസ ബസുകളിലുമാണ് വൈ ഫൈ സംവിധാനം ലഭ്യമാക്കുന്നത്. പുണെ ആസ്ഥാനമായ സ്വകാര്യകമ്പനിയുമായി കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ ധാരണയിലെത്തി. യാത്രക്കാര്‍ക്ക് ദിവസം 10 എം.ബി. ഡേറ്റ സൗജന്യമായി ഉപയോഗിക്കാം.
പുണെയിലെ സ്വകാര്യ കമ്പനിയുമായി മൂന്നുവര്‍ഷത്തെ കരാറാണ് ഒപ്പിടുന്നത്. പദ്ധതിയില്‍ കെ.എസ്.ആര്‍.ടി.സിക്ക് മുതല്‍മുടക്കില്ല. വൈ ഫൈ സംവിധാനം ഒരുക്കുന്ന ഓരോ ബസിനും 153 രൂപ വീതം ദിനംപ്രതി കമ്പനി കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കും. മറ്റു കമ്പനികളുടെ പരസ്യം നല്‍കുന്നതിലൂടെയാണ് ഇവര്‍ വരുമാനം കണ്ടെത്തുക. വൈ ഫൈ സംവിധാനത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയും സ്വകാര്യ കമ്പനിക്കായിരിക്കും.
വൈ ഫൈ സംവിധാനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് മൊബൈലില്‍ പാസ്വേഡ് ലഭിക്കും. ഈ പാസ്വേഡ് ഉപയോഗിച്ചാണ് നെറ്റ് ഉപയോഗിക്കേണ്ടത്. 10 എം.ബി. ഡേറ്റ ഉപയോഗിച്ചുകഴിഞ്ഞാല്‍ സ്വമേധയാ നെറ്റ് കണക്ഷന്‍ അവസാനിക്കുകയും ചെയ്യും. പിന്നീട് ഇതേ മൊബൈല്‍ നമ്പറില്‍ ആ ദിവസം സൗജന്യ ഡേറ്റ ലഭിക്കില്ല. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ ബസുകളിലും സൗജന്യ വൈ ഫൈ സംവിധാനം ഒരുക്കും. കര്‍ണാടക ആര്‍.ടി.സി.ക്ക് 8800 ബസുകളാണുള്ളത്.

ബസ് സ്‌റ്റേഷനുകളിലും വൈ ഫൈ
കര്‍ണാടക ആര്‍.ടി.സി.യുടെ 156 ബസ് സ്‌റ്റേഷനുകളിലും സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കും. ഇതില്‍ ഒട്ടേറെ ബസ് സ്‌റ്റേഷനുകളില്‍ സേവനം ലഭ്യമായിത്തുടങ്ങി. മറ്റു ബസ് സ്‌റ്റേഷനുകളില്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും. വിദ്യാര്‍ഥികളടക്കം ഒട്ടേറെപ്പേര്‍ക്ക് സേവനത്തിന്റെ ഗുണഫലം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Follow Us