Don't miss

കരട് വിള കയറ്റുമതി നയത്തിൽ നിന്ന് കേരളം പുറത്ത്; കേന്ദ്രത്തീരുമാനത്തിൽ പ്രതിഷേധം വ്യാപകം, റബറില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നാവശ്യം

By on May 9, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: റബര്‍ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ കേന്ദ്ര കയറ്റുമതി നയത്തിന്റെ കരടില്‍ ഉള്‍പ്പെടുത്താത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു. തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ജോസ് കെ.മാണി എംപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിനും കത്തയച്ചു.
കയറ്റുമതി പ്രോത്‌സാഹിപ്പിക്കാനായി റബര്‍ ഉള്‍പ്പെടെ 22 വിളകള്‍ക്കായുള്ള നയമാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയത്. മികച്ച നിലവാരത്തില്‍ വിളകള്‍ ഉത്പാദിപ്പിക്കാനുള്ള പട്ടികയില്‍ കേരളത്തിന് പൈനാപ്പിളും ഇഞ്ചിയും നല്‍കിയപ്പോള്‍ ത്രിപുരയുടെ പേരിലാണ് റബര്‍. ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം രൂപീകരിച്ച നയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ജോസ് കെ. മാണി ആരോപിച്ചു.
ഏത് പ്രവര്‍ത്തന മികവു സൂചിക എടുത്താലും റബറിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് ജോസ് കെ.മാണി ചൂണ്ടിക്കാട്ടി. രാജ്യത്തെ ആകെ റബര്‍ കൃഷിയുടെ (795130 ഹെക്ടര്‍) 70 ശതമാനവും ( 549955 ഹെക്ടര്‍) കേരളത്തിലാണ്. ഇതില്‍ 48.4 ശതമാനം കോട്ടയം (114340 ഹെ.), എറണാകുളം (60020 ഹെ.), പത്തനംതിട്ട (50810 ഹെ.), ഇടുക്കി (40520 ഹെ.) ജില്ലകളിലാണ്. രാജ്യത്തെ മൊത്തം റബര്‍ കൃഷിയുടെ 34 ശതമാനവും ഈ നാലു ജില്ലകളിലാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. കേരളത്തില്‍ ഒരു ഹെക്ടറില്‍ 1931 കിലോ റബര്‍ ലഭിക്കു്‌ബോള്‍ ത്രിപുരയില്‍ 1270 കിലോ മാത്രമാണ്. ഗുണനിലവാരത്തിലും കേരളത്തിലെ റബര്‍ മുന്നിലാണ്.
ദേശീയ വിള കയറ്റുമതി നയത്തില്‍ ഉള്‍പ്പെട്ടാല്‍ അടിസ്ഥാന വികസനത്തിനൊപ്പം രാജ്യാന്തര തലത്തില്‍ വിപണനത്തിന് പ്രചരണം നടത്താനും അവസരമുണ്ടാകും. കര്‍ഷകര്‍ക്ക് നൂതന സാങ്കേതിക വിദ്യയില്‍ പരിശീലനവും ലഭിക്കും.

Follow Us