Don't miss

ഓഹരി വിപണിയിലെ ഐപിഒ തരംഗം – എഡിറ്റോറിയല്‍

By on May 10, 2018

ന്യൂഏജ് ന്യൂസ്

രാജ്യത്തെ ഓഹരി വിപണിയില്‍ നാളുകളായി തുടരുന്ന ഐപിഒ (പ്രാഥമിക ഓഹരി വില്പന) തരംഗം ഈ വര്‍ഷവും കരുത്താര്‍ജ്ജിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഗോള ലീഗല്‍ കമ്പനി ബേക്കര്‍ മക്കന്‍സി യുടെ പഠനറിപ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച് ഏറ്റവും പുതുതായി പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടാം വാരത്തോടെ 40 -ഓളം ഐപിഒ കളില്‍ നിന്നായി മൊത്തം 61.9 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. 2018 – ല്‍ ഇതുവരെ 71 ലിസ്റ്റിങ്ങുകളിലായി 300 കോടി ഡോളറാണ് സമാഹരിച്ചിരിക്കുന്നത്. 2017 – ല്‍ പ്രാഥമിക ഓഹരി വില്പനയിലൂടെ സമാഹരിക്കപ്പെട്ട മൂലധനത്തേക്കാള്‍ 400 ശതമാനം വര്‍ദ്ധനയാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഐപിഒ കളിലെ മൊത്തം മൂലധനമൂല്യം വരും മാസങ്ങളില്‍ 34 ശതമാനം വരെ വര്‍ദ്ധിക്കാനുളള സാദ്ധ്യത മക്കന്‍സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു്. രാജ്യത്ത് ഇക്കോണമിയില്‍ നെഗറ്റീവ് ട്രെന്‍ഡ്‌സ് ഉണ്ടെങ്കിലും കമ്പനികളുടെ വരുമാനം ഉയരുന്നുണ്ട്. കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ പുതിയ കമ്പനികള്‍ ഐപിഒ യിലേക്ക് എത്തുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും സജീവമായ ഐപിഒ വിപണികളിലൊന്നെന്ന ഖ്യാതി ഇന്ത്യന്‍ ഓഹരി വിപണിയ്ക്കുണ്ട്. 2007 -ലും 2016 – 2017 വര്‍ഷങ്ങളിലുമൊക്കെ പ്രാഥമിക ഓഹരി വില്പനയില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. 2017 – ല്‍ ഉണ്ടായ വളര്‍ച്ചയെ നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ആണ് 2018 ന്റെ തുടക്കത്തിലുളള മുന്നേറ്റം. 400 ശതമാനം വളര്‍ച്ച മൂലധനസമാഹരണത്തിലുണ്ടായിയെന്ന പഠന റിപ്പോര്‍ട്ട് ഐപിഒ വിപണിയുടെ കുതിപ്പിന്റെ ഗതിവേഗം വെളിപ്പെടുത്തുന്നതാണ്. അടുത്തിടെ ഐ പി ഒ. യിലെത്തിയ കമ്പനികള്‍ പലതും ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ആസ്റ്റര്‍ ഐപിഒ ഇതിനുദാഹരണമാണ്. മറ്റ് ഐപിഒ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ വിപണി അത്ര വലിയവിപണിയല്ലെങ്കിലും വൈബ്രന്റാണ് രാജ്യത്തെ ഐപിഒ വിപണി. 2018 – ന്റെ തുടക്കത്തില്‍ തന്നെ 71 – ഓളം ലിസ്റ്റിങ്ങില്‍ നിന്ന് 300 കോടി ഡോളര്‍ സമാഹരിച്ചിരിക്കുന്നു. ഈ വര്‍ഷം വരും മാസങ്ങളില്‍ മൂലധനമൂല്യം 34 ശതമാനം വര്‍ദ്ധിക്കുമെന്ന് മക്കന്‍സി പഠനം പറയുമ്പോള്‍ ഇന്ത്യന്‍ വിപണിയിലെ ഐപിഒ തരംഗം ഈ വര്‍ഷവും തുടരുമെന്നുളള സൂചനയായി അത് കണക്കാക്കണം.

ഐപിഒ വിപണി വളരെ വൈബ്രന്റാണ് – ഡോ.വി.കെ.വിജയകുമാര്‍

ഇന്ത്യന്‍ വിപണിയില്‍ ഐപിഒ അഥവാ പ്രാഥമിക ഓഹരി വില്പനയില്‍ നിലവിലുളള ട്രെന്‍ഡ് വളരെ അനുകൂലമാണ്. 2007 – ല്‍ ഐപിഒ. ബൂം ഉണ്ടായിരുന്നു. 2016 -17, 17-18 വര്‍ഷങ്ങളിലും മികച്ച നേട്ടമുണ്ടായിരുന്നു. ഇപ്പോള്‍ ഏപ്രില്‍ മാസം വരെയുളള നിലവാരവും ശ്രദ്ധേയമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും സജീവമായ ഐപിഒ വിപണി ആണ് നമ്മുടേത് എന്നു വിലയിരുത്താനാകില്ല. കാരണം, മറ്റ് പല രാജ്യങ്ങളുടെയും വിപണിയെക്കാള്‍ വലിയ അന്തരമുണ്ട്. ഐപിഒ യില്‍ മുന്നേറ്റമുണ്ടാകുന്നത് സെക്കന്ററി മാര്‍ക്കറ്റിന്റെ സ്ഥിതി കൂടി അടിസ്ഥാനമാക്കിയാണ്. സെക്കന്ററി മാര്‍ക്കറ്റ പ്രബലമാകുന്ന സാഹചര്യത്തില്‍ ഐപിഒ മെച്ചമായിരിക്കും. 2007 – ല്‍ ഐപിഒ യില്‍ ബൂമുണ്ടായിരുന്നു. 2016 ലും 2017 ലും ബൂമുണ്ടായി. ഇപ്പോള്‍ സ്ഥിതി അനുകൂലമാണ്. സമ്പദ് രംഗം വളര്‍ച്ച പ്രാപിക്കുമെന്ന പഠനങ്ങള്‍ പുറത്തു വരുന്നു. സ്വാഭാവികമായും പുതിയ ഇന്‍വെസ്റ്റ്‌മെന്റിനുളള സാഹചര്യമുണ്ടാകുന്നുണ്ട്. എന്നാല്‍ ഐപിഒ യില്‍ റീസണബിള്‍ പ്രൈസ് ഉണ്ടാകണം. ക്വാളിറ്റി ഇഷ്യൂസ് ആയിരിക്കണം. അല്ലെങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ നഷ്ട സാദ്ധ്യത കൂടുതലായിരിക്കും. ഇന്‍വെസ്റ്റേഴ്‌സ് ഇതില്‍ കൂടുതല്‍ വിജിലന്റായിരിക്കണം.

(ലേഖകന്‍ ധനകാര്യവിദഗ്ദ്ധനും ജിയോജിത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റുമാണ്)

കൂടുതല്‍ കമ്പനികള്‍ ഐപിഒയിലേക്ക് എത്തുന്നുണ്ട് – ജോയ് ഫിലിപ്പ്

രാജ്യത്തെ ഇക്കോണമി ഇന്ന് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ ഇക്കോണമിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് മെച്ചപ്പെടുന്നുണ്ട്. കമ്പനികളുടെ ഏണിംഗ്‌സ് വര്‍ദ്ധിച്ചിരിക്കുന്നു. ഇന്ധനവില കയറ്റമടക്കമുളള മാക്രോഇക്കണോമിക് എലമെന്റ്‌സ് ഉണ്ടെങ്കിലും ചില പോസിറ്റീവ് ട്രെന്‍ഡ്‌സ് തളളിക്കളയാവുന്നതല്ല. വരുന്ന തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് അനുകൂലമായാല്‍ മാര്‍ക്കറ്റ് ഇനിയും കുതിക്കും. രാജ്യത്തെ ഡെബ്റ്റ്‌സ് വിപണിയും വളര്‍ച്ചയിലാണ്. കമ്പനികള്‍ക്ക് കൂടുതല്‍ മൂലധനം ആവശ്യമായി വരുന്നത് ഐപിഒ യിലേക്ക് ഇനിയും കൂടുതല്‍ കമ്പനികളെത്താന്‍ വഴി തുറക്കും. വരുന്ന ഒരു വര്‍ഷം വലിയ മാര്‍ക്കറ്റ് ഫഌക്ചുവേഷന് സാദ്ധ്യതയുണ്ട്. പൊളിറ്റിക്കല്‍ സ്റ്റെബിലിറ്റി പ്രധാന ഘടകമാവും. ബേസിക് ഗ്രോത്തിന് അത് ആവശ്യമാണ്. 9 ശതമാനം വളര്‍ച്ചയിലേക്ക് ഇക്കോണമി എത്തേണ്ടതാണ്. ഐപിഒ വിപണിയില്‍ തുടര്‍ന്നും വളര്‍ച്ച ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

(ബിസ്സിനസ്സ് ദീപിക എഡിറ്ററാണ് ലേഖകന്‍)

മാര്‍ക്കറ്റ് സെന്റിമെന്റ്‌സാണ് ഗതി നിര്‍ണ്ണയിക്കുന്നത് – പി രാധാകൃഷ്ണന്‍ നായര്‍

ഷെയര്‍ മാര്‍ക്കറ്റില്‍ പൊതുവെ കോണ്‍ഫിഡന്‍സ് ഉയര്‍ന്നിരിക്കുന്ന സാഹചര്യമാണുളളത്. ഒരു തരത്തില്‍ ഓവര്‍ കോണ്‍ഫിഡന്‍സാണ് ഇന്‍വെസ്റ്റേഴ്‌സിനെ് നയിക്കുന്നത്. ഇതില്‍ ഫണ്ടമെന്റല്‍ അപ്രോച്ച് ഉണ്ടാകണമെന്നില്ല. പലപ്പോഴും മാര്‍ക്കറ്റ് സെന്റിമെന്റ്‌സാണ് ഷെയര്‍ മാര്‍ക്കറ്റില്‍ ഗതിനിര്‍ണ്ണയിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇക്കോണമി വളര്‍ച്ചയിലേക്കാണ് എത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും സമ്പദ് രംഗം സങ്കീര്‍ണ്ണതകളില്‍ നിന്ന് മുക്തമല്ല. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ക്കറ്റ് ബൂം സ്ഥായിയായി തുടരുമെന്നു പറയാന്‍ സാധിക്കില്ല. എപ്പോള്‍ ഒരു ക്രാഷിലേക്ക് എത്തുമെന്നും പറയാന്‍ സാധിക്കില്ല. അതിനാലാണ് നിക്ഷേപകര്‍ക്ക് ശരിയായ വിലയിരുത്തലുണ്ടാകണമെന്നു പറയുന്നത്. അല്ലെങ്കില്‍ നഷ്ടം സംഭവിക്കും. ഫണ്ടമെന്റല്‍ ഇഷ്യൂസിനെക്കാള്‍ മാര്‍ക്കറ്റ് സെന്റിമെന്റ്‌സാണ് വിപണിയുടെ ഗതിനിര്‍ണ്ണയിക്കുന്നത്. ഐപിഒ തരംഗം എത്രനാള്‍ തുടരുമെന്നതും കൃത്യതയോടെ പറയാന്‍ കഴിയില്ല.

(ബിസ്സിനസ്സ് ലൈനിന്റെ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകന്‍)

Follow Us