Don't miss

ഇറച്ചി ഉത്പന്നങ്ങളുടെ വൈവിധ്യവുമായി മലബാര്‍ മീറ്റ് കൊച്ചിയിലും

By on May 17, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: ഇറച്ചി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകാന്‍ മടി തോന്നിയാല്‍ മടിക്കേണ്ട‌. ഒരു ഫോണ്‍വിളിയില്‍ അത‌് വീട്ടിലെത്തിച്ചു തരും കലൂരിലെ മലബാര്‍ മീറ്റെന്ന പുതിയ വിപണനകേന്ദ്രം. കലൂര്‍ മെട്രോ സ‌്റ്റേഷനു സമീപം ആരംഭിച്ച പുതിയ കര്‍ഷക മിനി മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ഉല്‍പ്പന്നങ്ങളാണ‌് മിതമായ വിലയില്‍ അണിനിരത്തിയിരിക്കുന്നത‌്.

കര്‍ഷകര്‍ക്ക‌് ബദല്‍വിപണി എന്ന ആശയത്തോടെ രൂപംകൊണ്ട ബ്രഹ്മഗിരി ഡെവലപ‌്മെന്റ‌് സൊസൈറ്റി ഇടത്തട്ടുകാരെ ഒഴിവാക്കി കര്‍ഷകരില്‍നിന്ന‌് നേരിട്ട‌് ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങളാണ‌് ഇവിടെ വില്‍ക്കുന്നത‌്. രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ വിപണനശാല പ്രവര്‍ത്തിക്കും.

ചിക്കനും ബീഫും മട്ടനും അടങ്ങുന്ന വിവിധ മാംസ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച‌് പല വലുപ്പത്തില്‍ മുറിച്ച‌് മുളകും മസാലും പുരട്ടിയും അല്ലാതെയും ഉണക്കിയും അച്ചാറിട്ടും ഒക്കെ ഇവിടെ ലഭിക്കും. ഡോക്ടര്‍മാര്‍ പരിശോധിച്ച‌് സര്‍ട്ടിഫിക്കറ്റ‌് നല്‍കിയ ഹലാല്‍ ഉല്‍പ്പന്നങ്ങളാണ‌് എല്ലാം. അഞ്ചു മണിക്കൂര്‍ ഫ്രീസറില്‍നിന്നു മാറ്റി ഫ്രിഡ‌്ജില്‍വച്ച‌് ഐസ‌് കളഞ്ഞാല്‍ കഴുകാതെപോലും ഉപയോഗിക്കാമെന്നും അവകാശപ്പെടുന്നു. ബീഫ‌് ലിവര്‍, ബീഫ‌് ജനത, പോട്ടി, ബീഫ‌് ചില്ലി, ബീഫ‌് കറി കട്ട‌്, ബീഫ‌് ബിറ്റ‌് എന്നിങ്ങനെ പല തരത്തില്‍ മുറിച്ച ഇറച്ചി ലഭ്യമാണ‌്. കറി കട്ടിന്റെ 450 ഗ്രാം പാക്കിന‌് 135 ഉം 900 ഗ്രാമിന‌് 270 രൂപയുമാണ‌് വില.

കഴുത്തിന്റെയും ചിറകിന്റെയും ഭാഗങ്ങള്‍ ഒഴിവാക്കി ചിക്കന്‍ കറി കട‌്സില്‍ 26 പീസ‌് ഉണ്ടാകും. ഇത‌് 900 ഗ്രാമിന‌് 140 രൂപയാണ‌് വില. ചിക്കന്‍ ബിരിയാണി കട‌്സില്‍ 14 പീസ‌് ഉണ്ടാകും. കരളും കിഡ‌്നിയും മാത്രമുള്ള ചിക്കന്‍ ഗിബ‌്‌ലറ്റ‌ും ബ്രഹ്മഗിരി സ‌്പെഷ്യല്‍ മസാല ഉപയോഗിച്ച‌് മാരിനേറ്റ‌് ചെയ‌്ത പാക്കറ്റും ലഭ്യമാണ‌്. അഞ്ചെണ്ണം അടങ്ങുന്ന പായ‌്ക്കില്‍ ലഭ്യമാകുന്ന കട‌്‌ലെറ്റ‌് ഐസ‌് വിട്ടാല്‍ പാകംചെയ്യാം. ചിക്കന്‍ ഡ്രം സ‌്റ്റിക‌്, ചിക്കന്‍ ലോലിപോപ്പ‌് എന്നിവയും ലഭ്യമാണ‌്. മട്ടന്‍ 900 ഗ്രാമിന്റെ പാക്കറ്റിന‌് 450 രൂപയാണ‌് വില. ഉണക്ക ഇറച്ചിയും അച്ചാറും ലഭ്യമാണ‌്.

വയനാട്ടിലെ കര്‍ഷകരില്‍നിന്ന‌് നേരിട്ടു വാങ്ങുന്ന വയനാടന്‍ മട്ട, പയര്‍വര്‍ഗങ്ങള്‍, സുഗന്ധവ്യഞ‌്ജനങ്ങള്‍, നാടന്‍ കോഴിമുട്ട, കാപ്പിപ്പൊടി, തേയില എന്നിവയും ലഭിക്കും. ആവശ്യക്കാര്‍ക്ക‌് നഗരത്തില്‍ ഹോം ഡെലിവറിയും ഏര്‍പ്പെടുത്തിയിട്ടുണ്ട‌്. തൊട്ടടുത്തുള്ള 300 വീടുകളെ ചേര്‍ത്ത‌് കൂട്ടായ‌്മ ഉണ്ടാക്കാനും അവര്‍ക്ക‌് പ്രത്യേക കിഴിവു നല്‍കി സ‌്മാര്‍ട്ട‌് കാര്‍ഡ‌് വഴി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും പദ്ധതിയുണ്ട‌്. ജില്ലയില്‍ ആദ്യത്തേതും സംസ്ഥാനത്തെ 96﹣ാമത്തെയും ഔട്ട‌്‌ലെറ്റാണ‌് കലൂരിലേത‌്.

Follow Us