Don't miss

ഇന്ത്യന്‍ കാര്‍ വിപണിയിലെ പ്രതീക്ഷ

By on March 12, 2018

സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴലിനിടയിലും ഇന്ത്യന്‍ കാര്‍ വിപണി വളര്‍ച്ച നേടുമെന്ന ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കപ്പെടുന്നത്. ഇന്ത്യന്‍ കാര്‍ വിപണി നടപ്പു സാമ്പത്തിക വര്‍ഷം 9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന റിപ്പോര്‍ട്ടാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ‘ മൂഡിസ്’പുറത്ത് വിട്ടിരിക്കുന്നത്.
ജി.എസ്.ടി. പ്രാബല്യത്തിയതിന്റെയും വിപണയിലേക്ക് പുതിയ ഉല്പന്നങ്ങള്‍ കൂടുതലായി എത്തിയതിന്റെയും കരുത്തില്‍ കാര്‍ വില്പനയില്‍ 9 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കണമെന്നാണ് ‘ മൂഡിസ്’അവരുടെ ആഗോള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രാജ്യം നിലവില്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വെല്ലുവിളികളെ നേരിടുകയെന്ന വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് മിക്ക ബിസിനസ് മേഖലകളും കടന്നു പോകുന്നത് കറന്‍സി പിന്‍വലിക്കലും ജി.എസ്.ടി. നടപ്പാക്കലും ഉയര്‍ത്തിയ വെല്ലുവിളികളില്‍തട്ടി ഇടത്തരം ചെറുകിട വ്യവസായ മേഖലകളാകെ തകര്‍ച്ചയുടെ വക്കിലാണ്. ജി.ഡി.പി വളര്‍ച്ചാ അനുമാന റേറ്റിംഗ് ഏജന്‍സികള്‍ വെട്ടിക്കുറച്ചതിനു പിന്നാലെ ആര്‍.ബി.ഐ യും വളര്‍ച്ചാ ലക്ഷ്യം കുറച്ചിരുന്നു. ഈ വര്‍ഷം വളര്‍ച്ച കുറയുമെന്ന റിപ്പോര്‍ട്ടാണ് എ.ഡി.ബി. യും ലോക ബാങ്കും മുന്നോട്ട് വച്ചിട്ടുള്ളത്. ജി.എസ്.ടി. നടപ്പാക്കലിനെ തുടര്‍ന്ന് പല വാഹന നിര്‍മ്മാതാക്കളും വാഹന വിലയില്‍ കുറവു വരുത്തിയിരുന്നു. ഇത് വില്പന ഉയരാന്‍ കാരണമായിട്ടുണ്ട്. ആദ്യന്തര വിദേശ വാഹന വിപണികളില്‍ പുതിയ മോഡലുകള്‍ കൂടുതലായി അവതരിപ്പിക്കപ്പെട്ട സാഹചര്യവും വിപണിക്ക് മൊത്തത്തില്‍ ഉണര്‍വ്വു പകര്‍ന്നിട്ടുണ്ട്. 2017-18 ല്‍ രാജ്യത്തെ മൊത്തെ കാര്‍ വില്പന 3.6 ദശലക്ഷം യൂണീറ്റില്‍ എത്തിമെന്നാണ് പ്രതീക്ഷയെന്നും ‘ മൂഡിസ്’റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇത്തവണ പുതിയ മോഡലുകള്‍ അധികം ഉണ്ടായിരുന്നില്ലെന്നതും വസ്തുതയാണ്. ആഗോള വിപണി തലത്തിന്‍ വാഹണ വിപണിക്ക് അതിശുഭകരമായിരിക്കില്ലെന്ന സൂചനയും ‘ മൂഡിസ്’റിപ്പോര്‍ട്ടില്‍ ഉണ്ട്. ആഗോള വിപണി 3.6 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നത്. ചൈനീസ് വാഹന വില്പനയില്‍ 3 ശതമാനവും ജാപ്പനീസ് വില്പനയില്‍ 5.6 ശതമാനവും വളര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയാണ് പ്രസ്തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വാഹന വിപണി ആഗോളതലത്തില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളിലെ സാമ്പത്തിക അസ്ഥിരതകളും വിപണിക്ക് നിര്‍ണ്ണായകമാകുന്നുണ്ട്. ‘ മൂഡിസ്’വിലയിരുത്തുന്നതുപോലെ വിപണിയിലേക്ക് പലതരത്തിലുള്ള മോഡലുകള്‍ എത്തുന്നതും ജി.എസ്.ടി. മൂലം ചില വാഹനങ്ങള്‍ക്ക് വിലകുറയ്ക്കാനായതും വാഹന വിപണിയെ സംബന്ധിച്ച് ഊര്‍ജ്ജദായകം തന്നെയാണ്. ആട്ടോമാറ്റിക് വാഹനങ്ങളുടെ വില്പനയില്‍ ഉണ്ടായിരിക്കുന്ന മുന്നേറ്റം തന്നെ വിപണിയില്‍ നിലനില്‍ക്കുന്ന ട്രെന്‍ഡിനെ ബോധ്യപ്പെടുത്തുന്നുണ്ട്. ഉത്സവ സീസണുകളും പുതുവത്സരവും പൊതുവേ വാഹന വില്പനയ്ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു. വിപണിയിലെ യഥാര്‍ത്ഥ ട്രെന്‍ഡ് എന്തെന്ന് മനസ്സിലാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ആഗോള വിപണിയില്‍ സംഭവിക്കുന്ന കയറ്റിറക്കങ്ങള്‍ക്ക് സമാന്തരമായി ഇന്ത്യന്‍ കാര്‍ വിപണിയിലും മറ്റ് വാഹന വിപണിയിലും മുന്നേറ്റമുണ്ടാകുന്നുമെന്നു തന്നെ പ്രതീക്ഷിക്കാം.

കുതിച്ചുചാട്ടമുണ്ടാകില്ല; മുന്നേറ്റമുണ്ടാകും – ബൈജു എന്‍ നായര്‍

വാഹന വിപണിയില്‍ ജി.എസ്.ടി വരുന്നതിനു മുമ്പ് തന്നെ സെറ്റ് ബ്ബാക്ക് ആയിരുന്നു പിന്നീട് അതിന് മാറ്റമുണ്ടായി. അതിനുശേഷം ജി.എസ്.ടി നികുതി വര്‍ദ്ധനയുടെ ഫലമായി എസ്.യു.വി. യില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും വാഹന വിപണി പ്രതീക്ഷയര്‍പ്പിക്കുന്നത് ഉത്സവ സീസണിലാണ്. ഉത്സവാവസരങ്ങളും പുതുവത്സരാ ഘോഷവും വിപണിക്ക് കൂടുതല്‍ ദൃഢത പകര്‍ന്നിരുന്നു. വിപണിയിലേയ്ക്ക് പുതിയ മോഡലുകള്‍ എത്തുന്നതും വിപണിയെ മൊത്തത്തില്‍ ചലനാത്മകമാക്കിത്തീര്‍ക്കുന്നുണ്ട്. ആട്ടോമാറ്റിക് വാഹനങ്ങള്‍ വിപണിയില്‍ കുടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുവെന്നതും അനുകൂലമായി തന്നെകാണാം. മണ്‍സൂണ്‍ നന്നായി കിട്ടുന്നത് സാമ്പത്തികമായി നേട്ടമുണ്ടാക്കും പ്രത്യേകിച്ച് വടക്കേ ഇന്ത്യന്‍ മേഖലയില്‍. കാര്‍ഷിക മുന്നേറ്റം വിപണിക്കും അനുകൂലമായിത്തീരും. സംസ്ഥാനത്തെക്കാള്‍ വടക്കേ ഇന്ത്യന്‍ വിപണി കൂടുതല്‍ സജീവമാണ്. ഇവിടെ 10 കാറുകള്‍ വില്‍ക്കുമ്പോള്‍ അവിടെ 150 എണ്ണം വിറ്റു പോയിരിക്കും. അതുകൊണ്ടു തന്നെ കാര്‍ഷിക മുന്നേറ്റം വിപണിയില്‍ വളര്‍ച്ചയുണ്ടാക്കും. ഇത്തവണ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ മോഡലുകള്‍ കുറവായിരുന്നു. മാരുതിക്കും, മഹീന്ദ്രയുമൊക്കെ വിപണിയില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. റ്റാറ്റ ഇലക്ട്രിക്ക് വാഹനങ്ങളില്‍ സജീവമാകുന്നുണ്ട്. ആട്ടോമാറ്റിക് വാഹനങ്ങള്‍ വിപണിയില്‍ ട്രെന്‍ഡാകുന്നുവെന്നതും പ്രത്യേകതയാണ്. കുതിച്ചു ചാട്ടമുണ്ടായില്ലെങ്കിലും ഇന്ത്യന്‍ കാര്‍ വിപണി കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്.

(‘ഫാസ്റ്റ് ട്രാക്ക്’ മാഗസിന്‍ എഡിറ്ററാണ് ലേഖകന്‍)

തീര്‍ച്ചയായും വളര്‍ച്ച പ്രതീക്ഷിക്കാം – ശ്രീകുമാര്‍

രാജ്യത്ത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലം സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. എങ്കിലും രാജ്യത്തെ കാര്‍ വിപണിയെ സംബന്ധിച്ച് ഈ മാന്ദ്യം അത്ര പ്രശ്‌നമാകില്ലെന്നു തന്നെയാണ് കരുതുന്നത്. ജി.എസ്.ടി നടപ്പാക്കലു വഴി ചില കമ്പനികള്‍ക്ക് വിലയില്‍ ഇളവ് നല്‍കാന്‍ കഴിഞ്ഞിരുന്നു മാത്രമല്ല ഈ വര്‍ഷം പുതിയ മോഡലുകള്‍ ധാരാളമായി വിപണിയില്‍ എത്തിയെന്നതും അനുകൂലമായി മാറിയിട്ടുണ്ട്. വിപണിയിലേക്ക് പുതിയ ഉപഭോക്താക്കള്‍ എത്തുന്നു. മാരുതിയുടെ ഡിസയര്‍ മോഡലൊക്കെ വില്പനയില്‍ പുതുചരിത്രം രചിക്കുകയാണ്. കോപ്ക്റ്റ് എസ്.യു.വി കള്‍ പലതും വിപണിയിലെത്തിയതും വിപണിയെ ഊര്‍ജ്ജിതമാക്കി തീര്‍ത്തു. മാരുതി സ്വിഫ്റ്റ് പോലുള്ള നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഡല്‍ഹി എക്‌സ്‌പോയില്‍ ഓരോ വര്‍ഷവും പുതിയ മോഡലുകള്‍ കുറയുകയാണ്. അത് വളര്‍ച്ചയുടെ അളവുകോലായി കാണാനാവില്ല. മാരുതി ഡിസയര്‍, ഫോര്‍ഡ്, ടാറ്റ ഇവയൊക്കെ വിപണിയില്‍ മുന്നേറുന്നുണ്ട്.ആട്ടോമാറ്റിക് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇതൊക്കെച്ചേര്‍ന്ന് വിപണിയില്‍ കൂടുതല്‍ പ്രതീക്ഷ പകരുന്നുണ്ട്. വിപണിയെ സ്വാധീനിക്കുന്ന വിധത്തിലുള്ള ഇളവുകള്‍ ഉത്സവ സീസണുകളില്‍ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുന്നതും വില്പനയെ ത്വരിതപ്പെടുത്തിയ ഘടകമാണ്. ഈ സാഹചര്യങ്ങളെല്ലാം തന്നെ വിപണി വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. ഈ വളര്‍ച്ച തുടരുമെന്നുതന്നെ പ്രതീക്ഷിക്കാം.

(ലേഖകന്‍ ‘ടോപ്ഗിയര്‍’ മാഗസിന്‍ എഡിറ്ററാണ്)

വാഹന വിപണി തിരിച്ചടി നേരിടുന്നു – സി.ജെ. റോമിഡ്‌

രാജ്യത്തെ പ്രത്യേക സാമ്പത്തിക പരിതസ്ഥിതിമൂലം പല ബിസിനസ് മേഖലകളും ഇന്ന് തിരിച്ചടി നേരിടുകയാണ്. വാഹന വിപണിയും ഇതുല്‍ നിന്നു വിഭിന്നമല്ല. കറന്‍സി പിന്‍വലിക്കലിന്റെ ആഘാതത്തില്‍ നിന്നു മോചിതമാകുന്നതിനു മുന്‍പ് ജി.എസ്.ടി. നടപ്പാക്കപ്പെട്ടു. ഇത് വിലകുറയാന്‍ കാരണമാകുമെന്ന ധാരണയാണുണ്ടായിരുന്നത്. എന്നാല്‍ സംഭവിച്ചത് നേര്‍വിപരീതമാണ്. പല വസ്തുക്കളുടേയും വിപണിവില കുതിച്ചുയര്‍ന്നു. യൂസ്ഡ് കാര്‍ വിപണി ജി.എസ്.ടി.യില്‍ തട്ടി തിരിച്ചടി നേരിടുകയാണ്. ഇനി പ്രട്രോളിയം ഉല്പന്നങ്ങള്‍കൂടി ജി.എസ്.ടി.യിലാവുമ്പോള്‍ എന്താവും സ്ഥിതിയെന്ന് അറിയേണ്ടിയിരിക്കുന്നു. പെട്രോള്‍, ഡീസല്‍ വില ഉയരുന്നതും വാഹന വിപണിയെ സംബന്ധിച്ച് അത്ര ഗൂണകരമല്ല. കാര്‍ വിപണി വളര്‍ച്ച നേടുമെന്ന് ‘ മൂഡിസ്’റിപ്പോര്‍ട്ട് പറയുന്നുണ്ടങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ലെന്നതാണ് വസ്തുത. വാഹന വിപണിയെ ഉയര്‍ന്ന വളര്‍ച്ചാപാതയിലെത്തിക്കാന്‍ സഹായകമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയാണ് വേണ്ടത്. അല്ലെങ്കില്‍ തകര്‍ന്നടിയുന്നത് മികച്ച വരുമാനവും തൊഴിലും പ്രദാനം ചെയ്യുന്ന ഒരു വ്യവസായമേഖല തന്നെയായിരിക്കും.

(യൂസ്ഡ് കാര്‍ വിപണിയില്‍ സജീവമാണ് ലേഖകന്‍)

Follow Us