Don't miss

അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ബോയിങ് ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി

By on March 5, 2018

മംഗളൂരു: ബോയിങ് അപ്പാഷെ എഎച്ച്64 യുദ്ധ ഹെലികോപ്റ്ററിന്റെ ഫ്യൂസലേജ് നിര്‍മാണം ഇന്ത്യയില്‍ തുടങ്ങി. അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെയും ഇന്ത്യന്‍ പങ്കാളിയായ ടാറ്റയുടെയും സംയുക്ത സംരംഭമായ ടാറ്റ ബോയിങ് എയറോസ്‌പേസ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ പ്ലാന്റിലാണ് നിര്‍മാണം.
അപ്പാഷെ ഹെലികോപ്റ്ററുകളുടെ ഫ്യൂസലേജ് നിര്‍മിക്കുന്നതിന് ബോയിങ്ങിന് ലോകത്ത് ഇപ്പോഴുള്ള ഏക സൗകര്യമാണിത്. വിമാനങ്ങളുടെ പ്രധാന ഭാഗത്തെയാണ് ഫ്യൂസലേജ് എന്ന് വിളിക്കുന്നത്. വെര്‍ട്ടിക്കല്‍ സപാര്‍ബോക്‌സുള്‍പ്പെടെ ഹെലികോപ്റ്ററിന്റെ മറ്റുഘടകങ്ങളും ഇവിടെ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
ഹൈദരാബാദിലെ ഫാക്ടറിയില്‍ നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, രത്തന്‍ ടാറ്റ, ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ വ്യോമയാന നിര്‍മാണരംഗത്ത് ഇത് തുടക്കം മാത്രമാണെന്ന് ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാര്‍ പറഞ്ഞു. 2018 ല്‍ ആദ്യ ഫ്യൂസലേജ് ബോയിങ്ങിന് കൈമാറും. ലോകത്ത് 16 രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങള്‍ 2300 ഓളം അപ്പാഷെ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ 22 അപ്പാഷെ എഎച്ച്64 ഇ ഹെലികോപ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

Follow Us